ഒരിക്കലും ക്ഷമിക്കപ്പെടാത്ത പാപം
"അതുകൊണ്ട്, ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാൽ ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് ക്ഷമിക്കപ്പെടും; എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല." (മത്തായി 12:31, 32) വിചിന്തനം മനുഷ്യർ എത്ര മാരകമായ പാപം ചെയ്താലും അവയെല്ലാം ക്ഷമിക്കുന്ന കരുണാമയനാണ് ദൈവം. തന്റെ ഏകജാതനെ മനുഷ്യർ നിന്ദിക്കുമെന്നും അവഹേളിക്കുമെന്നും മാരകമായി പീഡിപ്പിക്കുമെന്നും ഒരു ശപിക്കപ്പെട്ടവനേപ്പോലെ മരത്തിൽ തറച്ചു കൊല്ലുമെന്നും അറിഞ്ഞിട്ടും അവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതിനായി ഈശോയെ ഭൂമിയിലേക്കയക്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചു. അതിരുകളില്ലാത്തതും മറ്റെന്തിനോടെങ്കിലും താരതമ്യം അസാധ്യമായതുമായ ദൈവസ്നേഹം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത് ദൈവം ദാനമായി നൽകുന്ന പരിശുദ്ധാത്മാവിലൂടെയാണ്. മനുഷ്യന് നന്മമാത്രം ആഗ്രഹിക്കുന്ന ദൈവാത്മാവിനെ തള്ളിക്കളയുന്ന, അല്ലെങ്കിൽ നിസംഗതയോടെ സ്വീകരിക്കുന്ന, പ്രവണതക്കെതിരായാണ് യേശു ഇന്നത്തെ വചനഭാഗത്തിൽ ശബ്ദ...