ശാന്തശീലർ ഭാഗ്യവാന്മാർ
"ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും." (മത്തായി 5:5) വിചിന്തനം മലയിലെ പ്രസംഗത്തിന്റെ പശ്ചാത്തലം യേശുവിന്റെ ദൈവീകത്വം വ്യക്തമായി വെളിപ്പെടുത്തുന്ന രീതിയിലാണ് സുവിശേഷകൻ വിവരിക്കുന്നത് എന്ന് വി. അഗ്സ്തീനോസിന്റെ വ്യാഖ്യാനത്തിൽ നമുക്ക് കാണുവാൻ സാധിക്കും. മലയുടെ മുകളിൽ ഇരുന്നുകൊണ്ടാണ് ഈശോ പഠിപ്പിക്കുവാൻ ആരംഭിച്ചത്. ഇസ്രായേൽജനത്തിന് വാഗ്ദത ഭൂമിയിലെ സമൃദ്ധിയിലും ദൈവത്തിന്റെ പരിപാലന അനുഭവിക്കുവാൻ സഹായകമായ ദൈവകല്പനകൾ സീനായ് മലയുടെ മുകളിൽവച്ചാണ് ദൈവം മോശയ്ക്ക് നല്കിയത്. സർവജനത്തിന്റെയും ആത്യന്തിക ലക്ഷ്യമായ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പടവുകൾ ചവിട്ടാൻ ആവശ്യമായ പ്രബോധനങ്ങൾ ദൈവം നേരിട്ട് മലയുടെ മുകളിൽനിന്നും മാനവരാശിക്ക് നൽകുകയാണ് മലയിലെ പ്രസംഗത്തിലൂടെ. ഈശോ ഇരുന്നുകൊണ്ടാണ് പഠിപ്പിച്ചത് എന്നതിൽനിന്നും പഠിപ്പിക്കുന്ന ആളുടെ അധികാരവും പ്രതാപവും വ്യക്തമാണ്. സകല വിജ്ഞാനങ്ങളുടെയും ഉടയവൻ തന്റെ അധികാരവും പദവിയും വെളിപ്പെടുത്തിക്കൊണ്ട് തന്റെ സൃഷ്ടികൾക്കായി നൽകുന്ന പ്രബോധനങ്ങളാണ് മലയിലെ പ്രസംഗം. മൂന്നാം ഭാഗം - ശാന്തശീലരുടെ അവകാശം അനാവിം (An...