ശാന്തശീലർ ഭാഗ്യവാന്മാർ

"ശാന്തശീലർ ഭാഗ്യവാന്മാർ; അവർ ഭൂമി അവകാശമാക്കും." (മത്തായി 5:5)

വിചിന്തനം 
മലയിലെ പ്രസംഗത്തിന്റെ പശ്ചാത്തലം യേശുവിന്റെ ദൈവീകത്വം വ്യക്തമായി വെളിപ്പെടുത്തുന്ന രീതിയിലാണ് സുവിശേഷകൻ വിവരിക്കുന്നത് എന്ന് വി. അഗ്സ്തീനോസിന്റെ വ്യാഖ്യാനത്തിൽ നമുക്ക് കാണുവാൻ സാധിക്കും. മലയുടെ മുകളിൽ ഇരുന്നുകൊണ്ടാണ് ഈശോ പഠിപ്പിക്കുവാൻ ആരംഭിച്ചത്. ഇസ്രായേൽജനത്തിന് വാഗ്ദത ഭൂമിയിലെ സമൃദ്ധിയിലും ദൈവത്തിന്റെ പരിപാലന അനുഭവിക്കുവാൻ സഹായകമായ ദൈവകല്പനകൾ സീനായ് മലയുടെ മുകളിൽവച്ചാണ് ദൈവം മോശയ്ക്ക് നല്കിയത്. സർവജനത്തിന്റെയും ആത്യന്തിക ലക്ഷ്യമായ സ്വർഗ്ഗരാജ്യത്തിലേക്കുള്ള പടവുകൾ ചവിട്ടാൻ ആവശ്യമായ പ്രബോധനങ്ങൾ ദൈവം നേരിട്ട് മലയുടെ മുകളിൽനിന്നും മാനവരാശിക്ക് നൽകുകയാണ് മലയിലെ പ്രസംഗത്തിലൂടെ. ഈശോ ഇരുന്നുകൊണ്ടാണ് പഠിപ്പിച്ചത് എന്നതിൽനിന്നും പഠിപ്പിക്കുന്ന ആളുടെ അധികാരവും പ്രതാപവും വ്യക്തമാണ്. സകല വിജ്ഞാനങ്ങളുടെയും ഉടയവൻ തന്റെ അധികാരവും പദവിയും വെളിപ്പെടുത്തിക്കൊണ്ട്‌ തന്റെ സൃഷ്ടികൾക്കായി നൽകുന്ന പ്രബോധനങ്ങളാണ് മലയിലെ പ്രസംഗം. 

മൂന്നാം ഭാഗം - ശാന്തശീലരുടെ അവകാശം 

അനാവിം (Anawim)  എന്ന ഹീബ്രുപദമാണ് ശാന്തശീലൻ എന്ന് മലയാളത്തിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ വാക്കുകൊണ്ട് അർത്ഥമാക്കുന്നത്, തന്റെ ശക്തിയിലോ കഴിവിലോ വിശ്വാസം വയ്ക്കാതെ ദൈവത്തിൽമാത്രം ആശ്രയിക്കുന്ന വ്യക്തി എന്നാണ്. സ്വന്തം കഴിവുകളിൽ അമിതമായ ആത്മവിശ്വാസം പുലർത്തുന്നവരെയും അഹങ്കരിക്കുന്നവരെയും ഈ വിശേഷണത്തിന് അർഹരല്ലാത്തവരായി യഹൂദജനം കണക്കാക്കിയിരുന്നു. അതിനാൽ, ശാന്തശീലൻ എന്ന വിശേഷണത്തെ വിനയശീലൻ എന്ന അർത്ഥത്തിൽ വീക്ഷിക്കുന്പോൾ, അത്   ഈ സുവിശേഷഭാഗ്യത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ നമ്മെ കൂടുതൽ സഹായിക്കും. ഹൃദയത്തിലുള്ള എളിമയുടെയും ശാന്തതയുടെയും ബഹിർസ്ഫുരണമാണ് വിനയം. വിനയശീലനായ ഒരാൾ, എല്ലാവരോടും എല്ലായ്പ്പോഴും വീണ്ടുവിചാരത്തോടെയും ദയയോടെയും പെരുമാറുന്നു. എത്രതിരക്കിനിടയിലും മറ്റുള്ളവരുടെ കാര്യങ്ങൾകൂടി ശ്രദ്ധിക്കാൻ അയാൾ സമയം കണ്ടെത്തുന്നു. ആവശ്യങ്ങളുമായി തന്നെ സമീപിക്കുന്നവരോട് പരുഷമായോ അവജ്ഞയോടുകൂടിയോ അയാൾ ഒരിക്കലും പ്രതികരിക്കുന്നില്ല. പക്ഷേ, നമുക്കറിയാം, ഇന്നത്തെ ലോകം അടക്കിവാഴുന്നത് വിനയത്തോടെ സഹജീവികളെ വീക്ഷിക്കുന്നവരല്ല. സ്വാർത്ഥതയും ദുരാഗ്രഹവും ഹൃദയത്തിൽ നിറച്ച്, തന്റെ കഴിവുകളിൽ അഹങ്കരിച്ച്, മറ്റുള്ളവരിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നവരാണ് ഈ ലോകത്തെ അവകാശമാക്കിയിരിക്കുന്നത്. എങ്കിൽ, ശാന്തശീലർക്കായി ഈശോ വാഗ്ദാനം ചെയ്യുന്ന സുവിശേഷഭാഗ്യം എന്താണ്?

"ശാന്തശീലർ ഭൂമി കൈവശമാക്കും; ഐശ്വര്യത്തികവിൽ അവർ ആനന്ദിക്കും" (സങ്കീർത്തനം 37:11) എന്ന പഴയനിയമ വാഗ്ദാനത്തിന്റെ പുനരവതരണമാണ് ഇന്നത്തെ വചനഭാഗം. ഇസ്രായേൽജനം വാഗ്ദത്തഭൂമി കൈവശമാക്കിയപ്പോൾ പൂർത്തീകരിക്കപ്പെട്ട ഈ പഴയനിയമ വാഗ്ദാനം ഈശോ പുതിയ നിയമത്തിലൂടെ വീണ്ടും നൽകുന്നത് സകലജനതയ്ക്കുമായിട്ടാണ്. യഹൂദജനത്തിനു നശ്വരമായ ഭൂമി വാഗ്ദാനം ചെയ്ത ദൈവം, തന്റെ ഏകജാതനിലൂടെ എല്ലാവർക്കുമായി വാഗ്ദാനം ചെയ്യുന്നത് അനശ്വരമായ ഭൂമിയുടെ അവകാശം - സ്വർഗ്ഗരാജ്യം കൈവശമാക്കാനുള്ള മാർഗ്ഗം - ആണ്. അനശ്വരമായ നമ്മുടെ അവകാശത്തെകുറിച്ച് തിരിച്ചറിവ് ലഭിക്കുന്നവർക്ക്, ആ സൌഭാഗ്യത്തോട്‌ താരതമ്യം ചെയ്യുന്പോൾ, ഭൂമിയിൽ  ഉള്ളവയെല്ലാം എത്രയോ വിലകുറഞ്ഞവ  ആണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.  ലോകം അതിന്റെ തിന്മകളും കുടിലതകളുമായി എതിരിടുന്പോൾ, അവരെ വെറുക്കാതെ, അവരോടു തിരിച്ചു യുദ്ധത്തിനുപോകാതെ, അവർക്കുവേണ്ടികൂടിയും സാധിക്കുന്ന നന്മകൾ മാത്രം ചെയ്യാൻ ആ തിരിച്ചറിവ് സഹായിക്കുന്നു. സ്വർഗ്ഗരാജ്യത്തിന്റെ അമൂല്യമായ അവകാശം നേടിയെടുക്കാൻ പൌലോസ് അപ്പസ്തോലൻ തനിക്ക് ലാഭമായിരുന്നവ എല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി കണക്കാക്കിയെന്നാണ് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ് അദ്ദേഹംതന്നെ പറയുന്നത്. "അവനെപ്രതി ഞാൻ സകലവും നഷ്ടപ്പെടുത്തുകയും ഉച്ഛിഷ്ടംപോലെ കരുതുകയുമാണ്. ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ" (ഫിലിപ്പി 3:8b,9a).  

പൌലോസ് ശ്ലീഹായുടെ ഈ മനോഭാവത്തിനു അല്പംകൂടി വ്യക്തത നല്കാൻ ദാവീദുരാജാവിന്റെ പ്രാർത്ഥനയ്കാവും: "കർത്താവേ, ഞാൻ അങ്ങയോടു നിലവിളിക്കുന്നു; അങ്ങാണ് എന്റെ അഭയം, ജീവിക്കുന്നവരുടെ ദേശത്തുള്ള എന്റെ അവകാശം എന്നു ഞാൻ പറഞ്ഞു" (സങ്കീർത്തനം 142:5). ദാവീദിന് ഈ ഭൂമിയിൽ അവകാശമായി ദൈവം മാത്രം മതിയായിരുന്നു. അതിനർത്ഥം ദാവീദ് അശക്തനോ ഭയചകിതനോ നിരാശനോ ആണെന്നല്ല; തനിക്കുള്ള മറ്റെന്തിനേക്കാളും ഉപരിയായി ദൈവത്തിനു വിലകല്പ്പിക്കുന്ന, ദൈവത്തിന്റെ ദാനമല്ലാതെ മറ്റൊന്നും തനിക്കില്ലെന്ന ബോധ്യമുള്ള ഒരു വിനീതഹൃദയനെ ആണ് നാമിവിടെ കാണുന്നത്. ആ തിരിച്ചറിവ് ലഭിക്കുന്ന ഓരോരുത്തർക്കും ഈ ഭൂമിയിൽ തിരിച്ചടികളും പരാജയങ്ങളും ദുരിതങ്ങളുമുണ്ടാകുന്പോൾ വിശ്വാസത്തോടെ പറയാൻ സാധിക്കും, "മാതാവിന്റെ മടിയിൽ ശാന്തനായി കിടക്കുന്ന ശിശുവിനെയെന്നപോലെ ഞാൻ എന്നെത്തന്നെ ശാന്തനാക്കി; ശാന്തമായി ഉറങ്ങുന്ന ശിശുവിനെപ്പോലെയാണ് എന്റെ ആത്മാവ്" (സങ്കീർത്തനം 131:2). 

തന്റെ ആത്മാവിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞ്, അതിനെചൊല്ലി ദൈവസന്നിധിയിൽ വിലപിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ലൗകീകതയ്ക്കു പിന്നാലെ പരക്കം പായാതെ, ശാന്തമായ ഹൃദയത്തോടെ വിനീതമായി പെരുമാറാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ, നമ്മുടെ ജീവിതങ്ങളെ വിശുദ്ധീകരിച്ച് ദൈവീകരക്ഷയിലേക്ക് അടുപ്പിക്കുന്ന മൂന്നാമത്തെ പടിയാണ് വിനയം അഥവാ ശാന്തശീലം. നമ്മുടെ ജീവിതം പൂർണ്ണമായും ദൈവകരങ്ങളിൽ സമർപ്പിക്കുവാനും, കർത്താവിൽ മാത്രം പ്രത്യാശവച്ചുകൊണ്ടു നമ്മുടെ അവകാശഭൂമിയിലേക്ക്‌ ലക്ഷ്യബോധത്തോടെ യാത്ര ചെയ്യാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

ഹൃദയശാന്തതയും എളിമയുമുള്ള ഈശോയേ, എന്റെ ഹൃദയം അങ്ങയുടെ ഹൃദയത്തിന് അനുരൂപമാക്കിയരുളണമേ. അതുവഴി, അങ്ങുമാത്രമാണെന്റെ ആശ്രയവും അവകാശവുമെന്ന് ഞാൻ സദാ സ്മരിക്കട്ടെ. ലോകത്തിന്റെ വ്യഗ്രതകൾക്ക് അടിമയാകാതെ, സദാ അങ്ങയുടെ രാജ്യവും നീതിയും അന്വേഷിക്കുവാൻ എന്നെ യോഗ്യനക്കണമേ, ശക്തനാക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്