വിലപിക്കുന്നവർ ഭാഗ്യവാന്മാർ

"വിലപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ആശ്വസിപ്പിക്കപ്പെടും." (മത്തായി 5:4)

വിചിന്തനം 
പാപകരമായ ലോകത്തിൽ ജീവിക്കുന്പോഴും വിശുദ്ധിയിലേക്കുള്ള പടവുകൾ എങ്ങിനെ കയറാം എന്നുള്ള ചോദ്യത്തിന് ഏറ്റവും വ്യക്തമായ ഉത്തരമാണ് യേശുവിന്റെ മലയിലെ പ്രസംഗം. യേശുവിന്റെ ആഗമനംവരെ, ദൈവഹിതമനുസരിച്ചുള്ള ഒരു ജീവിതരീതിയെക്കുറിച്ചു യഹൂദജനം അറിഞ്ഞിരുന്നത്, പ്രവാചകന്മാരിലൂടെയും തിരഞ്ഞെടുക്കപ്പെട്ട ദൈവദാസരിലൂടെയും ആയിരുന്നു. എന്നാൽ, അവരിലൂടെ വെളിപ്പെട്ടുകിട്ടിയ കല്പനകളും നിർദ്ദേശങ്ങളും പലപ്പോഴും ഭയത്തിന്റെ പുറങ്കുപ്പായം അണിഞ്ഞവ ആയിരുന്നു. പ്രവാചകരിലൂടെയും പ്രമാണങ്ങളിലൂടെയും വെളിപ്പെടാതെപോയ ദൈവസ്നേഹം യഹൂദർക്ക് മാത്രമല്ല, ലോകമെന്പാടുമുള്ള ജനതകൾക്ക് യുഗാന്ത്യംവരെ നിലനിൽക്കുന്ന തരത്തിൽ വെളിപ്പെടുത്തികൊടുക്കുക എന്ന ക്ലേശകരമായ ദൗത്യം തന്റെ ഏകാജാതനെയാണ് പിതാവായ ദൈവം ഭരമേല്പ്പിച്ചത്. വിശുദ്ധിയിലേക്കുള്ള വഴി മനുഷ്യരുടെ പ്രവർത്തികളിലോ നേട്ടങ്ങളിലോ അധിഷ്ടിതമല്ലെന്നും, ദൈവത്തിന്റെ സ്നേഹം ഒന്നുമാത്രമാണ് മനുഷ്യരെ രക്ഷിച്ച് സ്വർഗ്ഗീയ സൌഭാഗ്യങ്ങളിൽ പങ്കാളികളാക്കുന്നതെന്നുമുള്ള സന്ദേശം ഈശോ മലയിലെ പ്രസംഗത്തിലൂടെ വ്യക്തമായി നമ്മുടെ മുന്പിൽ അവതരിപ്പിക്കുന്നുണ്ട്.

രണ്ടാം ഭാഗം  - നാമെന്തിനുവേണ്ടിയാണ് വിലപിക്കുന്നത്?

നഷ്ടപ്പെട്ടവയെക്കുറിച്ചുള്ള സങ്കടമാണ് വിലാപമായി പുറത്തുവരുന്നത്. നഷ്ടമായവ നമുക്കെത്രയധികം പ്രിയപ്പെട്ടവ ആയിരുന്നു എന്നതനുസരിച്ച് നമ്മുടെ സങ്കടത്തിന്റെയും, അതുമൂലം വിലാപത്തിന്റെയും, തോത് കുറയുകയും കൂടുകയും ചെയ്യും. ഈ വിലാപം പല രീതിയിൽ മനുഷ്യരിൽ പ്രത്യക്ഷമാകാറുണ്ട്. ഒട്ടേറെപ്പേർ നഷ്ടപ്പെട്ടുപോയവയ്ക്ക് പകരമായി മറ്റ് ലൌകീക വസ്തുക്കൾക്ക് പിന്നാലെ പരക്കം പായുന്നവരാണ്. ചിലർ മദ്യത്തെയും മറ്റ് ലഹരി പദാർത്ഥങ്ങളെയും അവരുടെ വേദനകളിൽനിന്നും ഓടിയോളിക്കാനുള്ള ഉപാധിയാക്കി മാറ്റുന്നു. വേറെയും ചിലർ, സമയം മായ്ക്കാത്ത മുറിവുകളില്ലെന്നു സമാധാനപ്പെടുന്നു. ചുരുക്കം ചിലർ, അവരുടെ വേദനകളിൽ അവർക്കൊപ്പം വേദനിക്കുന്ന ദൈവത്തെ കണ്ടെത്തി, ദൈവത്തിന്റെ സന്നിധിയിൽ അഭയം തേടാനുള്ള അവസരമാക്കി അവരുടെ വേദനകളെ  മാറ്റുന്നു. ഇവയിൽ ഒരു വഴി മാത്രമേ സൌഭാഗ്യദായകമായി ഭവിക്കുന്നുള്ളൂ. നമ്മുടെ വേദനകളും വിലാപങ്ങളും നമ്മെ ദൈവത്തിന്റെ വഴിയിളിലേക്കെത്തിക്കുന്നതിനു സഹായകമാകുന്നുണ്ടോ?

ലൌകീകസുഖങ്ങളിൽ കണ്ണു മഞ്ഞളിച്ച്, നമുക്കുള്ളവയുടെ വില കണക്കാക്കുന്പോൾ പലപ്പോഴും നമ്മൾ ശരീരത്തിന്റെ ആവശ്യങ്ങൾക്കാണ് മുൻഗണന കൊടുക്കാറുള്ളത്. ഒരു വ്യക്തി അല്ലെങ്കിൽ വസ്തു നമുക്ക് പ്രദാനം ചെയ്യുന്ന ജഡികമായ സംതൃപ്തിയും പ്രശസ്തിയും അവയ്ക്ക്  ജീവിതത്തിൽ പ്രഥമസ്ഥാനം നല്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. അവയുടെ നഷ്ടപ്പെടൽ നമ്മുടെ ജീവിതത്തിൽ കഠിനമായ ദുഖവും നിരാശയുമൊക്കെ ഉളവാക്കുകയും ചെയ്യുന്നു. എന്നാൽ, ഇത്തരത്തിൽ നഷ്ടപ്പെട്ടവയെക്കുറിച്ചുള്ള സങ്കടത്തിൽ വിലപിക്കുന്നവരെ അല്ല ഈശോ ഇന്നത്തെ വചനത്തിലൂടെ ആശ്വസിപ്പിക്കുന്നത്. വസ്തുക്കളെ സ്നേഹിക്കുവാനും വ്യക്തികളെ ഉപയോഗിക്കുവാനും മനുഷ്യനെ പ്രേരിപ്പിക്കുന്ന പാപാവസ്ഥയെ നല്ലതുപോലെ മനസ്സിലാക്കിയ ദൈവം നമുക്ക് നൽകിയ പരമ പ്രധാനമായ കൽപനയാണ്, എല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കണം എന്നത്. ഈ കല്പന പാലിക്കാതെ, സ്രഷ്ടാവിനെക്കാളും സൃഷ്ടിക്കു വില നൽകുന്പോഴാണ് നമ്മിൽ അസ്വസ്ഥതകളും വേദനകളും ഉടലെടുക്കുന്നത്. എന്നാൽ, ജീവിതത്തെ വിശുദ്ധീകരിച്ചു ദൈവഹിതത്തിനനുയോജ്യമാക്കാൻ ആഗ്രഹിക്കുന്ന ഒരാൾ സങ്കടപ്പെടേണ്ടതും വിലപിക്കേണ്ടതും ഹൃദയത്തിൽ ഉന്നതസ്ഥാനം നൽകിയിരുന്നവ നഷ്ടപ്പെട്ടതിനാലല്ല, നമ്മുടെ ആസക്തികളും ബലഹീനതകളും ദുർമോഹങ്ങളും മൂലം ദൈവത്തിനു നമ്മുടെ ഹൃദയത്തിൽ പ്രഥമസ്ഥാനം നൽകാൻ കഴിയാതെ പോയതിനെക്കുറിച്ച് ഓർത്താണ്. കാരണം, "ദൈവഹിതപ്രകാരമുള്ള ദുഃഖം രക്ഷാകരമായ പശ്ചാത്താപം ജനിപ്പിക്കുന്നു. അതിൽ ഖേദത്തിനവകാശമില്ല. എന്നാൽ, ലൗകീകമായ ദുഃഖം മരണത്തിലേക്ക് നയിക്കുന്നു" (2 കോറിന്തോസ് 7:10).

നമ്മുടെ ആത്മാവിലെ ദാരിദ്ര്യം കണ്ടിട്ടും നമ്മെ സ്നേഹിക്കുന്ന ദൈവത്തെക്കുറിച്ചു നമ്മോടു പറഞ്ഞതിനു ശേഷം ഈശോ നമ്മോട് ആവശ്യപ്പെടുന്നത്, ദൈവത്തെ തിരികെ സ്നേഹിക്കാൻ കഴിയാത്ത നമ്മുടെ അവസ്ഥയെച്ചൊല്ലി വിലപിക്കാനാണ്. നമ്മുടെ ആത്മാവിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് തിരിച്ചറിവുകൾ ലഭിക്കുന്പോൾ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണമാണ് നമ്മിലെ പാപങ്ങൾമൂലം ദൈവത്തെ നമ്മിൽനിന്നും അകറ്റിനിർത്തിയതിനെ ഓർത്തുള്ള പശ്ചാത്താപം. "പാപത്തെ സ്നേഹിക്കുന്നവൻ മാത്രമാണ് യഥാർത്ഥ പാപി" എന്ന് ലൂർദിലെ വിശുദ്ധ ബെർണാഡെറ്റ് നമ്മെ ഓർമ്മിപ്പിക്കുന്നു. ദൈവരാജ്യം കരസ്ഥമാക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും പാപത്തെ സ്നേഹിക്കുന്നവരാകരുത്. പാപത്തിൽ വീണുപോകുന്പോൾ, തന്റെ ബലഹീനത ഏറ്റുപറഞ്ഞ്, തന്റെ പരാജയത്തെക്കുറിച്ച് മനസ്തപിക്കുന്നവനാകണം ഒരു ക്രിസ്തുശിഷ്യൻ. അനുതാപം നിറഞ്ഞ ഹൃദയവുമായി തന്റെ പാപങ്ങൾ ഒരു വൈദീകനോട് ഏറ്റുപറയുന്പോൾ ആശ്വാസദായകനായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിന് നാം നമ്മെത്തന്നെ തുറന്നുകൊടുക്കുന്നു. അനുതാപമുള്ള ഹൃദയത്തോടെയും ഭക്തിപൂർവകമായ മനോഭാവത്തോടെയും അനുരഞ്ജന കൂദാശയിൽ പങ്കുകൊള്ളുന്നവരിൽ ദൃഡമായ അധ്യാത്മികാശ്വാസത്തോടു കൂടിയുള്ള മനസാക്ഷിയുടെ സ്വച്ഛതയും സമാധാനവും സംജാതമാകുന്നു (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 2305). 

ലൗകീകമായ സങ്കടങ്ങൾ പലപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ അനുവദിച്ചു തരുന്നത്, ആ വേദനകളിലൂടെ നമ്മൾ ദൈവത്തെ അന്വേഷിക്കുന്നതിനാണ്. നമ്മുടെ ഹൃദയത്തിൽനിന്നും ദൈവസ്നേഹത്തെ നമ്മൾ അകറ്റിനിർത്തിയെന്ന ബോദ്ധ്യമാണ് ദൈവീകരക്ഷയിലേക്ക് നമ്മെ നയിക്കുന്ന രണ്ടാമത്തെ പടി. ദൈവത്തെ സ്നേഹിക്കാൻ കഴിയാത്ത നമ്മുടെ അവസ്ഥകളെപ്പറ്റി വിലപിച്ചുകൊണ്ട്, നമ്മുടെ ശരീരത്തിനും മനസ്സിനും ഒന്നുപോലെ ആശ്വാസമേകാൻ കഴിവുള്ള പരിശുദ്ധാത്മാവിന്റെ നിറവിനായി നമുക്ക് പ്രാർത്ഥിക്കാം. 

സഹായകനും ആശ്വാസദായകനുമായ പരിശുദ്ധാത്മാവേ, ദൈവത്തെ സ്നേഹിക്കുവാനും എന്നെ മുഴുവനായും ദൈവത്തിനായി സമർപ്പിക്കുവാനും എന്നെ സഹായിക്കണമേ. എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ദൈവഹിതത്തിനു അനുയോജ്യമാക്കുവാനും, എന്റെ എല്ലാ പ്രവർത്തികളിലും ദൈവത്തെ മഹത്വപ്പെടുത്തുവാനും, എന്റെ വിജയങ്ങളിൽ ദൈവത്തിന്റെ കരബലം ദർശിക്കുവാനും സാധിക്കുന്ന വിധത്തിൽ ഒരു പുതിയ സൃഷ്ടിയായി എന്നെ രൂപാന്തരപ്പെടുത്തണമേ. ആമ്മേൻ. 

ഒന്നാം ഭാഗം - ആത്മാവിലെ ദാരിദ്ര്യം 
മൂന്നാം ഭാഗം - ശാന്തശീലരുടെ അവകാശം 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!