ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ

"ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി. അവൻ ഇരുന്നപ്പോൾ ശിഷ്യന്മാർ അടുത്തെത്തി. അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി: ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്." (മത്തായി 5:1-3)

വിചിന്തനം 
(നവംബർ മാസം ശുദ്ധീകരണസ്ഥലത്തെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുവാനായി തിരുസഭ പ്രത്യേകം നീക്കി വച്ചിരിക്കുന്ന സമയമാണ്. വിശ്വാസത്തോടെ മരിച്ച്, സ്വർഗ്ഗരാജ്യത്തിൽ ഇനിയും എത്തിയിട്ടില്ലാത്ത ആത്മാക്കൾക്കുവേണ്ടി സഭാമാതാവ് ദൈവത്തിന്റെ കരുണ യാചിക്കുന്ന ഈ വേളയിൽ, ആ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനൊപ്പം, നമ്മുടെ ആത്മാവിന്റെ അവസ്ഥയെക്കുറിച്ചുകൂടി പരിചിന്തനം ചെയ്യുന്നത് നന്നായിരിക്കും. സ്വർഗ്ഗവും നരകവും കേവലം മരണാനന്തരമുള്ള അവസ്ഥകൾ മാത്രമല്ലെന്നും, ഈ ലോകത്തിൽ ജീവിച്ചിരിക്കുന്പോൾതന്നെ നമ്മൾ അവയിലൊന്നിലേക്കുള്ള യാത്ര ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു എന്നും ജോണ്‍ പോൾ രണ്ടാമൻ മാർപ്പാപ്പ നമ്മെ ഓർമ്മിപ്പിക്കുന്നു. ഈശോ തന്റെ മലയിലെ പ്രസംഗത്തിന്റെ തുടക്കത്തിൽ, സുവിശേഷ ഭാഗ്യങ്ങളിലൂടെ,  ദൈവം ആഗ്രഹിക്കുന്ന രീതിയിൽ ഭൂമിയിലെ ജീവിതം പൂർത്തിയാക്കി സ്വർഗ്ഗീയ സൌഭാഗ്യങ്ങളിൽ എന്നന്നേയ്ക്കും പങ്കുകാരാകാൻ സഹായിക്കുന്ന എട്ട് പ്രബോധനങ്ങളാണ് നമുക്ക് നല്കുന്നത്. സഭാപിതാവായ വിശുദ്ധ അഗസ്റ്റിന്റെ വ്യാഖ്യാനത്തെ ആസ്പദമാക്കി, നമുക്കും ഈ സുവിശേഷ ഭാഗ്യങ്ങളെക്കുറിച്ചു കൂടുതൽ ആഴത്തിൽ  ധ്യാനിക്കുകയും നമ്മുടെ ഇഹലോകജീവിതത്തെ ദൈവഹിതമനുസരിച്ചു രൂപപ്പെടുത്തി, പരലോകസന്തോഷങ്ങൾ പ്രാപിക്കാൻ പരിശ്രമിക്കുകയും ചെയ്യാം.)

ഒന്നാം ഭാഗം - ആത്മാവിലെ ദാരിദ്ര്യം 

ദാരിദ്ര്യം എന്നു കേൾക്കുന്പോൾ നമ്മുടെ മനസ്സിൽ ആദ്യംതന്നെ ഓടിയെത്തുന്നത് സന്പത്തിന്റെയും സ്ഥാനമാനങ്ങളുടെയും അഭാവമാണ്. എന്നാൽ, നമ്മുടെ സാന്പത്തിക അവസ്ഥയും ആത്മാവിലെ ദാരിദ്ര്യവുമായി യാതൊരു ബന്ധവുമില്ല. ലോകത്തിന്റെ വശ്യതകളിൽ മയങ്ങി, ആഡംബരങ്ങൾക്കും ഭോഗേച്ഛകൾക്കും പിന്നാലെ പരക്കംപായുന്ന നാമെല്ലാവരും നമുക്കെന്തൊക്കെയോ ഉണ്ടെന്നു അഭിമാനിക്കുകയും, വലിയൊരു പരിധിവരെ അഹങ്കരിക്കുകയും, ഇല്ലാത്തതിനെചൊല്ലി നെടുവീർപ്പിടുകയും ചെയ്യുന്നവരാണ്. പക്ഷേ, ലൗകീകമായ നമ്മുടെ ആസ്തികൾക്ക് ദൈവം യാതൊരു വിലയും കൽപ്പിക്കുന്നില്ല, കാരണം, "നിലവിലുള്ളവയെ നശിപ്പിക്കുവാൻവേണ്ടി ലോകദൃഷ്ട്യാ നിസ്സാരങ്ങളായവയെയും അവഗണിക്കപ്പെട്ടവയെയും ഇല്ലായ്മയെത്തന്നെയും ദൈവം തിരഞ്ഞെടുത്തു" (1 കോറിന്തോസ് 1:28). ദൈവം വിലകൽപ്പിക്കുന്നത് നമ്മുടെ ആത്മാവിലെ സന്പത്തിനാണ്. അക്കങ്ങളുടെയും പ്രശംസാവചസ്സുകളുടെയും പിൻബലത്തോടെ ലൌകീകസന്പത്തിന്റെ ബാക്കിപത്രം തയ്യാറാക്കുന്ന നമുക്ക് പലപ്പോഴും തെറ്റുപറ്റുന്നത് ആത്മീയസന്പത്തിന്റെ കണക്കെടുക്കുന്പോഴാണ്. ഈ ലോകത്തിലെ നമ്മുടെ നേട്ടങ്ങൾ ആത്മീയ നേട്ടങ്ങളായി പലപ്പോഴും നമ്മൾ തെറ്റിദ്ധരിക്കാറുണ്ട്; സ്വർഗ്ഗരാജ്യം അവകാശമാക്കുവാൻ ആവശ്യമായ ആത്മീയസന്പത്ത് കൈവശമുള്ളവരാണെന്നു ആത്മസംതൃപ്തി അടയാറുമുണ്ട്. പക്ഷേ, ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്ന ആത്മീയസന്പത്ത് നമ്മുടെ മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള തിരിച്ചറിവാണ്. 

എന്താണ് നമ്മുടെ യഥാർത്ഥത്തിലുള്ള മനുഷ്യപകൃതി? "ഞാൻ പാപത്തിന് അടിമയായി വിൽക്കപ്പെട്ട ജഡികനാണ്. ഞാൻ ചെയ്യുന്ന പ്രവൃത്തികൾതന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാൽ, ഞാൻ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണ് ഞാൻ പ്രവർത്തിക്കുന്നത്" (റോമാ 7:14,15). ഇതാണ് നമ്മുടെ ആത്മാവിന്റെ അവസ്ഥ - പാപത്തിലേക്ക് ചാഞ്ഞിരിക്കുന്ന നമ്മുടെ മനുഷ്യപ്രകൃതിയുമായി മല്ലടിച്ച് സദാ പരാജയപ്പെടുന്ന ബലഹീനരായ മനുഷ്യരാണ് നാമെല്ലാവരും. നമ്മുടെ ഹൃദയകവാടത്തിൽ മുട്ടിവിളിക്കുന്ന പാപത്തോട്, 'നിനക്കെന്നിൽ ഇടമില്ല' എന്ന് പറയുവാനായി വാതിൽ തുറക്കുകയും, എന്നാൽ പൊടുന്നനെ മനസ്സുമാറ്റി പാപത്തെ വിളിച്ചു അകത്തുകയറ്റുകയും ചെയ്യുന്ന ദുർബലരാണ് നമ്മൾ. ഭയമുണ്ടാകുന്പോൾ, അഹങ്കരിക്കാനുള്ള അവസരങ്ങൾ ഉണ്ടാകുന്പോൾ, ശാരീരികമായ പ്രലോഭനങ്ങൾ ഉണ്ടാകുന്പോൾ, നിരാശാചിന്തകളുണ്ടാകുന്പോൾ, സ്വന്തംകാര്യം മാത്രം നോക്കാനുള്ള പ്രേരണ ഉണ്ടാകുന്പോൾ, അലോരസപ്പെടുത്തുന്ന സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്പോൾ അത്യാഗ്രഹവും ദുരാഗ്രഹവും തലപൊക്കുന്പോൾ എല്ലാം തികച്ചും നിസ്സഹായരായി ആ തിന്മകളിലേക്ക് കൂപ്പുകുത്തുന്ന പ്രകൃതമാണ് നമ്മുടേത്‌. നമ്മുടെ കണ്ണുകളെയോ കാതുകളെയോ നാവിനെയോ, ശരീരത്തിന്റെ അഭിലാഷങ്ങളെയോ, മനസ്സിന്റെ തൃഷ്ണകളെയോ നിയന്ത്രിക്കാൻ നമുക്കാവുന്നില്ല. ഇതാണ് നമ്മുടെ അവസ്ഥ എന്നു മനസ്സിലാക്കുന്പോഴാണ് നമ്മൾ ഭാഗ്യവാൻമാരാകുന്നത്; പാപമല്ലാതെ മറ്റൊന്നും നമ്മുടെ ആത്മാവിലില്ലെന്ന തിരിച്ചറിവാണ് നമ്മെ ആത്മാവിൽ ദരിദ്രരാക്കുന്നത്. 

ദൈവത്തെപ്പോലെ ആകുവാനുള്ള ആഗ്രഹമാണ് മനുഷ്യനെ പാപത്തിന്റെ അടിമ ആക്കിയതെങ്കിൽ, 'ഞാൻ ദൈവമല്ല' എന്ന തിരിച്ചറിവാണ് നമ്മെ രക്ഷയുടെ പാതയിലൂടെ സ്വർഗ്ഗരാജ്യത്തിലേക്ക് നയിക്കുന്നത്. നമ്മുടെ ആത്മാവിന്റെ ദാരിദ്ര്യമകറ്റാൻ ദൈവത്തിന്റെ ആത്മാവിലൂടെ ലഭ്യമാകുന്ന സന്പന്നതയ്ക്ക് മാത്രമേ കഴിയുകയുള്ളൂ. അതിനായാണ് സ്നേഹപിതാവായ ദൈവം തന്റെ ഏകജാതനെ ഭൂമിയിലേക്ക് അയച്ചത്. തങ്ങളുടെ ആത്മാവിലെ വൈകൃതങ്ങളെയും ദാരിദ്യത്തെയും തിരിച്ചറിഞ്ഞു അവിടുത്തെ സമീപിക്കുന്നവരെ വെറുക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന ദൈവമല്ല നമ്മുടേത്‌. നമ്മുടെ ബലഹീനതകളിൽ നമ്മെ സഹായിക്കാൻ ദൈവം തന്റെ സ്നേഹം പരിശുദ്ധാത്മാവിലൂടെ നിരന്തരം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയുന്നു. ഉയർച്ചകളും വീഴ്ചകളും അടിക്കടി ഉണ്ടാകുന്ന നമ്മുടെ ജീവിതത്തിനു അർത്ഥവും മൂല്യവും നൽകുന്നത് ദൈവത്തിന്റെ സ്നേഹം ഒന്നുമാത്രമാണ്. "നമ്മോടു ക്ഷമിക്കുന്നതിൽ ദൈവം ഒരിക്കലും മടുപ്പ് കാണിക്കുന്നില്ല. ദൈവത്തോട് ക്ഷമ ചോദിച്ച് നമ്മളാണ് മടുക്കുന്നത്" (ഫ്രാൻസിസ് മാർപാപ്പാ). എണ്ണമില്ലാത്ത പാപങ്ങൾ എണ്ണിനോക്കാതെ ക്ഷമിക്കുന്ന ദൈവത്തോട് ക്ഷമ ചോദിക്കാൻ നമ്മൾ ഒരിക്കലും മടിവിചാരിക്കരുത്.

ദൈവം തന്റെ ആത്മാവിലൂടെ വർഷിക്കുന്ന കൃപകളുമായി തുലനം ചെയ്യുന്പോൾ നമുക്കുള്ളതെല്ലാം നിസ്സാരമാണെന്ന തിരിച്ചറിവാണ് നമ്മെ ആത്മാവിൽ ദരിദ്രരാക്കുന്നത്. നാമാരെന്നുള്ള ഈ തിരിച്ചറിവാണ് നമ്മെ യേശുവിലൂടെ മാത്രം ലഭ്യമാകുന്ന രക്ഷയിൽ അഭയം നേടാൻ പ്രേരിപ്പിക്കുന്നത്. സ്വർഗ്ഗീയസൌഭാഗ്യങ്ങളിലെ ആദ്യപടിയായ നമ്മുടെ ആത്മാവിലെ ദാരിദ്ര്യം തിരിച്ചറിയുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.  

സ്നേഹപിതാവേ, അങ്ങ് ദാനമായി തന്നതെല്ലാം എന്റെ അധ്വാനഫലമായിക്കരുതി അഹങ്കരിച്ച അവസരങ്ങളെ ഓർത്ത്‌ ഞാൻ മാപ്പപേക്ഷിക്കുന്നു. അങ്ങയുടെ കൃപയുടെ അരുവികൾ ഇല്ലെങ്കിൽ, യാതൊരു വിലയുമില്ലാത്ത പാഴ്ഭൂമിയാണ്‌ ഞാൻ, എന്റെ കർത്താവേ. രക്ഷകനായ  യേശുവേ, അങ്ങയുടെ തിരുരക്തം വിലയായി നൽകി എനിക്കായി നേടിത്തന്ന സ്വർഗ്ഗരാജ്യം സ്വന്തമാക്കാൻ എന്റെ ആന്തരീക നേത്രങ്ങളെ തുറക്കണമേ, അവിടുത്തെ ആത്മാവിനാൽ നിറച്ച് എന്റെ ആത്മീയദാരിദ്ര്യം എനിക്ക് വെളിപ്പെടുത്തി തരണമേ. ആമ്മേൻ.  

അഭിപ്രായങ്ങള്‍

  1. ആത്മാവിൽ ദരിദ്രത എന്നാല് ഒറ്റ വാക്കിൽ പറഞാൽ എളിമ എന്നാണ്. ഇൗ ദരിദ്രതക്ക്‌ ക്രിസ്തു തന്നെ സുവിശേഷങ്ങളിൽ മാതൃക ആവുകയാണ്.

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!