നിയമത്തിന്റെ പൂർത്തീകരണം
"നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തിൽനിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു." (മത്തായി 5:17-20) വിചിന്തനം പത്തുപ്രമാണങ്ങളിലൂടെ നൽകപ്പെട്ട കൽപനകൾ, ഓരോ വ്യക്തിയുടെയും ദൈവവിളിക്ക് അനുസൃതമായ അടിത്തറ അവരിൽ പാകുന്നു. ദൈവത്തിന്റെ മാർഗ്ഗങ്ങൾ മനുഷ്യൻ അറിയുന്നതിനും, അങ്ങിനെ തിന്മയിൽനിന്നും അകന്ന്, പരിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ ഒരു ജീവിതം നയിക്കാൻ ദൈവകല്പനകളും അതുവഴി സംസ്ഥാപിതമായ നിയമങ്ങളും നമ്മെ സ...