മനുഷ്യപുത്രന്റെ ആഗമനം
"നോഹയുടെ ദിനങ്ങൾപോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനു മുന്പുള്ള ദിവസങ്ങളിൽ, നോഹ പേടകത്തിൽ പ്രവേശിച്ച ദിവസംവരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവർ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും. അപ്പോൾ രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും മറ്റെയാൾ അവശേഷിക്കും. രണ്ടു സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരുവൾ എടുക്കപ്പെടും, മറ്റവൾ അവശേഷിക്കും. നിങ്ങളുടെ കർത്താവ് ഏതുദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ." (മത്തായി 24:37-42) വിചിന്തനം മനുഷ്യർക്ക് അനുഭവിക്കാൻ പ്രയാസമുള്ള പീഡകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് കാത്തിരിപ്പിന്റെ വേദന. ഏറെക്കാലമായിട്ടു കാണാൻ കൊതിച്ചിരിക്കുന്ന ഒരു വ്യക്തി പ്രതീക്ഷിച്ച സമയത്തു എത്താതിരിക്കുന്പോൾ, അല്ലെങ്കിൽ ഏറെക്കാലമായി നടന്നുകാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യം അനിശ്ചിതമായി നീണ്ടുപോകുന്പോൾ എല്ലാം അസഹീനമായ ആകാംക്ഷയാൽ വീർപ്പുമുട്ടുന്നവരാണ് നാമെല്ലാം. കലഹങ്ങളും അടിമത്തവും അവസാനിപ്പിച്ച്, വാളുകളെ കൊഴുക്കളായും കുന...