തളർച്ചയിൽ ആശ്വാസം
"അപ്പസ്തോലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകൾ അവിടെ വരുകയും പോവുകയും ചെയ്‌തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അവർക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാൽ അവൻ പറഞ്ഞു: നിങ്ങൾ ഒരു വിജനസ്ഥലത്തേക്ക് വരുവിൻ; അല്പം വിശ്രമിക്കാം. അവർ വഞ്ചിയിൽക്കയറി ഒരു വിജനസ്ഥലത്തേക്ക് പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങൾ കരവഴി ഓടി അവർക്കുമുന്പേ അവിടെയെത്തി. അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവനു അനുകന്പ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി." (മർക്കോസ് 6:30-34) വിചിന്തനം ജോലിചെയ്തു ക്ഷീണിച്ച മനുഷ്യന്റെ അവസ്ഥയെപ്പറ്റി ദൈവത്തിനു നല്ല ബോധ്യമുണ്ട്. കാരണം, പാപമൊഴികെ മറ്റെല്ലാംകൊണ്ടും മനുഷ്യനായി ജീവിച്ച ഈശോ തന്റെ ജീവിതത്തിൽ പല അവസരങ്ങളിലും അദ്ധ്വാനത്താൽ തളർന്നിരുന്നതായി സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. ഗരസേനരുടെ നാട്ടിലേക്കുള്ള യാത്രയിൽ വഞ്ചിയിൽ തളർന്നുറങ്ങുന്ന യേശുവും (മർക്കോസ് 4:37), മറ്റൊരവസരത്തിൽ യാത...