നിന്നിലെ പ്രകാശം അന്ധകാരമാണോ?
"കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ അന്ധകാരം എത്രയോ വലുതായിരിക്കും." (മത്തായി 6:22-23) വിചിന്തനം കാഴ്ച്ചശക്തിക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്. കണ്ണുകൾ ചിന്തിക്കുന്നില്ല; എന്നാൽ, അവയാണ് ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും അന്തരാത്മാവിലേക്കും തുറക്കപ്പെടുന്ന കിളിവാതിൽ. അവയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശകണങ്ങളാണ് അയാളെ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കുന്നത്, അയാളുടെ വ്യക്തിത്വത്തിന് രൂപം നൽകുന്നത്. ഇതറിയാവുന്ന നമ്മുടെ ലോകം, ചീട്ടുകൊട്ടാരംപോലെ കെട്ടിപ്പൊക്കിയ ജീവിതശൈലികൾ മുതൽ വ്യക്തിജീവിതത്തിലെ സ്വകാര്യനിമിഷങ്ങൾവരെ എല്ലാം നമ്മുടെ കാഴ്ച്ചയെ ആകർഷിക്കുന്ന മാധ്യമങ്ങളാക്കി മാറ്റുന്നു. ഇത്തരമൊരു ലോകത്തിലേക്കു കണ്ണുതുറക്കുന്ന ഒരു വ്യക്തി എന്താണ് കാണുന്നത്? തിളങ്ങുന്ന ലോകത്തി...