നിന്നിലെ പ്രകാശം അന്ധകാരമാണോ?
"കണ്ണാണു ശരീരത്തിന്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവൻ പ്രകാശിക്കും. കണ്ണ് ദുഷ്ടമാണെങ്കിലോ ശരീരം മുഴുവൻ ഇരുണ്ടുപോകും. നിന്നിലെ പ്രകാശം അന്ധകാരമാണെങ്കിൽ അന്ധകാരം എത്രയോ വലുതായിരിക്കും." (മത്തായി 6:22-23)
വിചിന്തനം
കാഴ്ച്ചശക്തിക്ക് നമ്മുടെ ജീവിതത്തിലുള്ള പ്രാധാന്യം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. നമ്മുടെ അറിവിനെയും ചിന്തകളെയും അഭിപ്രായങ്ങളേയുമെല്ലാം വലിയൊരു പരിധിവരെ നമ്മുടെ കാഴ്ചശക്തി സ്വാധീനിക്കുന്നുണ്ട്. കണ്ണുകൾ ചിന്തിക്കുന്നില്ല; എന്നാൽ, അവയാണ് ഒരു വ്യക്തിയുടെ ഹൃദയത്തിലേക്കും മനസ്സിലേക്കും അന്തരാത്മാവിലേക്കും തുറക്കപ്പെടുന്ന കിളിവാതിൽ. അവയിലൂടെ അരിച്ചിറങ്ങുന്ന പ്രകാശകണങ്ങളാണ് അയാളെ തീരുമാനങ്ങൾ എടുക്കാൻ പ്രാപ്തനാക്കുന്നത്, അയാളുടെ വ്യക്തിത്വത്തിന് രൂപം നൽകുന്നത്. ഇതറിയാവുന്ന നമ്മുടെ ലോകം, ചീട്ടുകൊട്ടാരംപോലെ കെട്ടിപ്പൊക്കിയ ജീവിതശൈലികൾ മുതൽ വ്യക്തിജീവിതത്തിലെ സ്വകാര്യനിമിഷങ്ങൾവരെ എല്ലാം നമ്മുടെ കാഴ്ച്ചയെ ആകർഷിക്കുന്ന മാധ്യമങ്ങളാക്കി മാറ്റുന്നു. ഇത്തരമൊരു ലോകത്തിലേക്കു കണ്ണുതുറക്കുന്ന ഒരു വ്യക്തി എന്താണ് കാണുന്നത്? തിളങ്ങുന്ന ലോകത്തിന്റെ വർണ്ണശമ്ബളിമയിൽ കണ്ണഞ്ചുന്പോൾ അതിനെ പ്രകാശം എന്ന് പലപ്പോഴും നമ്മുടെ കണ്ണുകൾ തെറ്റിദ്ധരിക്കാറുണ്ട്. അന്ധകാരമായ പ്രകാശം എന്നത് തികച്ചും ഒരു വിരോധാഭാസമാണ്. എന്നാൽ അങ്ങിനെ ഒന്ന് ഉണ്ട് എന്നാണു ഇന്നത്തെ വചനത്തിലൂടെ ഈശോ നമ്മെ ഓർമിപ്പിക്കുന്നത്. എന്താണ് നമ്മുടെ കാഴ്ചകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിച്ച്, നമ്മെ മുഴുവനായും ഇരുട്ടിലാക്കുന്ന അന്ധകാരമായ പ്രകാശം?
കാഴ്ച്ചശക്തിയുടെ പ്രാധാന്യം അറിയുന്പോഴാണ് കാഴ്ചയില്ലാത്തവരുടെ അവസ്ഥയെപ്പറ്റി നമ്മൾ കൂടുതൽ ബോധാവാന്മാരാകുന്നത്. സ്വന്തം കാഴ്ചയുപയോഗിച്ചു അഭിപ്രായങ്ങളും തീരുമാനങ്ങളും സ്വരൂപിക്കാൻ സാധിക്കാത്ത അവർക്ക് അതിലേക്കായി കാഴ്ചയുള്ളവരുടെ സഹായം തേടേണ്ടിവരുന്നു. എന്നാൽ, അന്ധനായിരുന്നിട്ടും അതു മനസ്സിലാക്കാതെ തനിക്ക് കാഴ്ചയുണ്ട് എന്നുകരുതി ജീവിക്കുന്ന ഒരു വ്യക്തിയുടെ അവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കുക - അന്ധകാരത്തെ പ്രകാശത്തിൽനിന്നും വിവേചിക്കാൻ അയാൾക്ക് സാധിക്കുന്നില്ല; അന്ധകാരവും പ്രകാശവും അയാൾക്ക് ഒന്നുതന്നെയാണ്. ലോകവസ്തുക്കളും സുഖങ്ങളും കണ്ടു മതിമയങ്ങി, അതാണ് പ്രകാശം എന്നു വിചാരിക്കുന്ന ഓരോ വ്യക്തിയുടെയും അവസ്ഥ തനിക്കു കാഴ്ചയില്ലെന്നു തിരിച്ചറിയാൻ കഴിയാതെപോയ അന്ധനിൽനിന്നും ഒട്ടും വ്യത്യസ്തമല്ല. പാപാന്ധകാരത്തിൽ തപ്പിത്തടയുന്പോഴും അതാണ് പ്രകാശം എന്ന ചിന്തയോടെ ജീവിക്കാൻ നമുക്കാവും. നമുക്കെല്ലാം അറിയാമെന്നും, നമ്മുടേതാണ് ശരിയായ വഴിയെന്ന് സ്വയം ബോധ്യപ്പെടുത്താനും നമുക്ക് സാധിക്കും. ദൈവം നമ്മിൽ നിക്ഷേപിച്ചിരിക്കുന്ന പ്രകാശത്തെ ലൗകീകാസക്തികൾ ഉപയോഗിച്ച് നമ്മൾ മറയ്ക്കുന്പോൾ, നമ്മുടെ ആത്മാവ് അന്ധകാരത്താൽ നിറയുന്നു. ദൌർഭാഗ്യവശാൽ, നന്മതിന്മകളെ വിവേചിച്ചറിയാനുള്ള കഴിവ് ഇല്ലാതാക്കുന്ന ആത്മീയാന്ധകാരത്തെ പ്രകാശമാണെന്നു നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ലോകത്തിനും അതിനെ ഭരിക്കുന്ന പിശാചിനും അവന്റെ കൂട്ടാളികൾക്കും സാധിക്കും.
എന്നാൽ, ലോകമെത്ര ദുഷിച്ചാലും, മനുഷ്യർ എത്രയൊക്കെ പാപത്തിലേക്ക് കൂപ്പുകുത്തി സ്വയം വിരൂപമാക്കിയാലും നമ്മുടെ ആത്മാവിൽ ഒളിഞ്ഞുകിടക്കുന്ന നന്മയുടെ കിരണം കണ്ടെത്താൻ ദൈവത്തിന്റെ ദൃഷ്ടികൾക്ക് സദാ സാധിക്കുന്നുണ്ട്. ദൈവത്തിന്റെ പ്രകാശം പാപിയിൽനിന്നും പാപത്തെ വേർതിരിക്കുന്നു; അതുവഴി, ദൈവം പാപിയെ സ്നേഹിക്കുകയും പാപത്തെ കീഴടക്കുകയും ചെയ്യുന്നു. സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഏതൊരാളും അനുവർത്തിക്കേണ്ടുന്ന ഒരു പാതയാണിത്. പാപകരമായ ലോകത്തിന്റെ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്; ദൈവത്തിന്റെ പ്രമാണങ്ങളിലും യേശുവിന്റെ പ്രബോധനങ്ങളിലും തിരുസഭയുടെ മാർഗ്ഗോപദേശത്തിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾമാത്രമേ, നമ്മിലെ അന്ധകാരത്തെ തിരിച്ചറിയാനും, സത്യപ്രകാശമായ ദൈവത്തെ അന്വേഷിക്കുവാനും നമുക്ക് സാധിക്കുകയുള്ളൂ. "ലോകത്തിന്റെ പ്രകാശമായ" യേശുവിൽ ആയിരിക്കുന്പോൾ നമുക്ക്, വികലമായ കാഴ്ചപ്പാടുകളിലൂടെ തങ്ങളിലെ പ്രകാശത്തെ അന്ധകാരത്തിന് തീറെഴുതിയ നമ്മുടെ സഹോദരരുടെ ചാരംമൂടിക്കിടക്കുന്ന ആത്മാവിനെ കണ്ടെത്താനും തിരിച്ചറിയാനും സാധിക്കും. വെറുപ്പോ കുറ്റപ്പെടുത്തലുകളോ മുൻവിധികളോ ഇല്ലാതെ, അവരായിരിക്കുന്ന ഇടങ്ങളിൽ ദൈവവുമായുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാൻ നമ്മിലെ പ്രകാശം അവർക്ക് മാർഗ്ഗദീപമായി മാറണം. ഇരുട്ടിന് ഒരിക്കലും പ്രകാശത്തെ ഇല്ലായ്മ ചെയ്യാനാവില്ല; എന്നാൽ, എത്ര കൂരിരുട്ടിലും തന്റെ സാന്നിധ്യം അറിയിക്കാൻ പ്രകാശത്തിന്റെ ഒരു ചെറിയ കാണികയ്ക്കുപോലും ആവുകയും ചെയ്യും. ഏതിരുട്ടിലും പ്രകാശിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
അന്ധകാരം വെളിച്ചമായി തെറ്റിദ്ധരിച്ച ലോകത്തിലേക്ക് സത്യത്തിന്റെ പ്രകാശവുമായി വന്ന മിശിഹായേ, അങ്ങയുടെ തിരുവചനം ഹൃദയത്തിൽ സ്വീകരിച്ച്, ശരീരം മുഴുവൻ പ്രകാശപൂരിതമായി മാറ്റുവാൻ എന്നെ അനുഗ്രഹിക്കണമേ. അവിടുത്തെ പ്രകാശത്തിന്റെ ശക്തിയാൽ, സത്യത്തിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കാനും, പാപാന്ധകാരത്തിൽ വഴിതെറ്റി അലയുന്നവർക്ക് അങ്ങയിലേക്കുള്ള വഴികാട്ടി ആകുവാനും എന്നെ സഹായിക്കണമേ. ആമ്മേൻ.
അന്ധകാരം വെളിച്ചമായി തെറ്റിദ്ധരിച്ച ലോകത്തിലേക്ക് സത്യത്തിന്റെ പ്രകാശവുമായി വന്ന മിശിഹായേ, അങ്ങയുടെ തിരുവചനം ഹൃദയത്തിൽ സ്വീകരിച്ച്, ശരീരം മുഴുവൻ പ്രകാശപൂരിതമായി മാറ്റുവാൻ എന്നെ അനുഗ്രഹിക്കണമേ. അവിടുത്തെ പ്രകാശത്തിന്റെ ശക്തിയാൽ, സത്യത്തിന്റെ മാർഗ്ഗത്തിലൂടെ സഞ്ചരിക്കാനും, പാപാന്ധകാരത്തിൽ വഴിതെറ്റി അലയുന്നവർക്ക് അങ്ങയിലേക്കുള്ള വഴികാട്ടി ആകുവാനും എന്നെ സഹായിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ