നിങ്ങൾ വിശ്വസിക്കുന്നുവോ?
"യേശു അവിടെനിന്നു കടന്നുപോകുന്പോൾ, രണ്ട് അന്ധന്മാർ, ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു. അവൻ ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? ഉവ്വ്, കർത്താവേ, എന്നവർ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവൻ അവരുടെ കണ്ണുകളിൽ സ്പർശിച്ചു. അവരുടെ കണ്ണുകൾ തുറന്നു. ഇത് ആരും അറിയാൻ ഇടയാകരുത് എന്ന് യേശു അവരോടു കർശനമായി നിർദ്ദേശിച്ചു. എന്നാൽ, അവർ പോയി അവന്റെ കീർത്തി നാടെങ്ങും പരത്തി." (മത്തായി 9:27-31) വിചിന്തനം ലോകത്തിലുള്ളവയെല്ലാം കണ്ട് ആനന്ദിക്കുന്പോഴും അവയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുണയും സ്നേഹവും കണ്ടെത്താൻ കഴിയാത്ത അത്മീയാന്ധകാരംമൂലം ഹൃദയത്തിലെ പ്രകാശം അണഞ്ഞുപോയ ധാരാളംപേർ നമ്മുടെ ഇടയിലുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിലെ സഹനങ്ങളും ദുരിതങ്ങളും ആയിരിക്കാം നമ്മിലെ പ്രകാശത്തെ കെടുത്തി അന്ധകാരാവൃതമായ അവസ്ഥയിലേക്ക് നമ്മെ തള്ളിയിട്ടിരിക്കുന്നത്. ഒട്ടേറെ പ്രാർത്ഥിച്ചിട്ടും, ഏറ...