നിങ്ങൾ വിശ്വസിക്കുന്നുവോ?

"യേശു അവിടെനിന്നു കടന്നുപോകുന്പോൾ, രണ്ട് അന്ധന്മാർ, ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ എന്ന് കരഞ്ഞപേക്ഷിച്ചുകൊണ്ട് അവനെ അനുഗമിച്ചു. അവൻ ഭവനത്തിൽ എത്തിയപ്പോൾ ആ അന്ധന്മാർ അവന്റെ സമീപം ചെന്നു. യേശു അവരോടു ചോദിച്ചു: എനിക്ക് ഇതു ചെയ്യാൻ കഴിയുമെന്നു നിങ്ങൾ വിശ്വസിക്കുന്നുവോ? ഉവ്വ്, കർത്താവേ, എന്നവർ മറുപടി പറഞ്ഞു. നിങ്ങളുടെ വിശ്വാസംപോലെ നിങ്ങൾക്കു ഭവിക്കട്ടെ എന്നു പറഞ്ഞുകൊണ്ട് അവൻ അവരുടെ കണ്ണുകളിൽ സ്പർശിച്ചു. അവരുടെ കണ്ണുകൾ തുറന്നു. ഇത് ആരും അറിയാൻ ഇടയാകരുത് എന്ന് യേശു അവരോടു കർശനമായി നിർദ്ദേശിച്ചു. എന്നാൽ, അവർ പോയി അവന്റെ കീർത്തി നാടെങ്ങും പരത്തി." (മത്തായി 9:27-31)

വിചിന്തനം 
ലോകത്തിലുള്ളവയെല്ലാം കണ്ട് ആനന്ദിക്കുന്പോഴും അവയ്ക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ദൈവത്തിന്റെ കരുണയും സ്നേഹവും കണ്ടെത്താൻ കഴിയാത്ത അത്മീയാന്ധകാരംമൂലം ഹൃദയത്തിലെ പ്രകാശം അണഞ്ഞുപോയ ധാരാളംപേർ നമ്മുടെ ഇടയിലുണ്ട്. ചിലപ്പോഴൊക്കെ നമ്മുടെ ജീവിതത്തിലെ  സഹനങ്ങളും ദുരിതങ്ങളും ആയിരിക്കാം നമ്മിലെ പ്രകാശത്തെ കെടുത്തി അന്ധകാരാവൃതമായ അവസ്ഥയിലേക്ക് നമ്മെ തള്ളിയിട്ടിരിക്കുന്നത്. ഒട്ടേറെ പ്രാർത്ഥിച്ചിട്ടും, ഏറെക്കാലം ക്ഷമയോടെ കാത്തിരുന്നിട്ടും ആഗ്രഹിച്ചതു ലഭിക്കാതിരുന്നതു മൂലം വിശ്വാസം നഷ്ടപ്പെട്ട് അന്ധകാരത്തിൽ അഭയം പ്രാപിച്ചവരും വളരെയാണ്. ഇന്നത്തെ വചനഭാഗത്തിൽ കണ്ടുമുട്ടുന്ന ശാരീരികമായ അന്ധകാരം ബാധിച്ച രണ്ടുപേർ വിശ്വാസത്തിന്റെ കാര്യത്തിൽ നാമെല്ലാവരും മാതൃക ആക്കേണ്ടവരാണ്. തങ്ങൾക്കു സൌഖ്യം തരാതെ കടന്നുപോയിട്ടും, പ്രത്യാശ കൈവിടാതെ യേശുവിനെ പിഞ്ചെന്നവരാണ് അവർ. "വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയിൽ ശരണം പ്രാപിക്കുന്നവർ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവർക്ക് അവിടുന്ന് പ്രതിഫലം നൽകുമെന്നും വിശ്വസിക്കണം" (ഹെബ്രായർ 11:6). തങ്ങളെ രക്ഷിക്കാൻ യേശുവിനാകുമെന്ന വിശ്വാസത്തോടെ, അന്ധകാരം മൂടിയ കണ്ണുകളുമായി തപ്പിത്തടഞ്ഞും തട്ടിവീണും യേശുവിനെ അനുഗമിച്ച ആ അന്ധന്മാർ ഒടുവിൽ എങ്ങിനെയോ അവിടുത്തെ സമീപത്ത് ചെന്നുചേർന്നു. അവരുടെ വിശ്വാസത്തിനു അനുയോജ്യമായവിധം പ്രതിഫലം അവർക്ക് ലഭിക്കുകയും ചെയ്തു. ജീവിതത്തിന്റെ ഇരുളടഞ്ഞ വേളകളിൽ , "ദാവീദിന്റെ പുത്രാ, ഞങ്ങളിൽ കനിയണമേ" എന്നു കരഞ്ഞപേക്ഷിച്ചുകൊണ്ട്‌ എത്രദൂരം വേണമെങ്കിലും യേശുവിനെ അനുഗമിക്കാൻ നമുക്ക് സാധിക്കാറുണ്ടോ?

രണ്ടായിരം വർഷംമുന്പ് ബത് ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്നുവീണ ശിശു എല്ലാ മഹത്വത്തിന്റെയും ഉടയവനായ ദൈവത്തിന്റെ ഏകജാതനാണ് എന്നു വിശ്വസിച്ചവർ വളരെ ചുരുക്കമായിരുന്നു. ആ ശിശു വളർന്ന് പാലസ്തീനായിലെങ്ങും അറിയപ്പെടുന്ന ഒരു അത്ഭുതപ്രവർത്തകനായി മാറിയപ്പോഴും, ആ ജനം അതിനുമുന്പൊരിക്കലും കേട്ടിട്ടില്ലാത്ത അധികാരത്തോടെ അവരെ പഠിപ്പിച്ചപ്പോഴും അവനാണ് മിശ്ശിഹായെന്നു വിശ്വസിച്ചവർ ചുരുക്കമായിരുന്നു. മൂന്നുവർഷം ഒരുമിച്ചു വിയർപ്പൊഴുക്കി, ഒരുമിച്ചു ഭക്ഷിച്ച്‌, ഒരുമിച്ചുറങ്ങിയ തന്റെ പ്രിയ ശിഷ്യർപോലും ശാപത്തിന്റെ അടയാളമായ കുരിശിൽ തറയ്ക്കപ്പെട്ട അവരുടെ ഗുരു ദൈവമാണെന്നു വിശ്വസിക്കാൻ ക്ലേശിച്ചു. ലൌകീക ദൃഷ്ടിയിൽ ഈശോ ദാരിദ്ര്യത്തിലേക്ക് പിറന്നു വീണ മറ്റൊരു ശിശു മാത്രമാണ്; എന്നാൽ, വിശ്വാസിയായ ശിമയോൻ ആ ശിശുവിൽ കർത്താവിന്റെ അഭിഷിക്തനെ കണ്ടു. ജ്ഞാനികളായ ഫരിസേയരും നിയമജ്ഞരും യേശുവിൽ മാർഗതടസ്സം കണ്ടു; എന്നാൽ, വിശ്വാസികളായ രണ്ടു അന്ധന്മാർ അവനിൽ സ്വാതത്ര്യം കണ്ടെത്തി. അപരാധിയായി വിധിച്ച് ലോകമവനെ കുരിശിൽ തറച്ചു; എന്നാൽ, കുരിശിൽ കിടന്ന കള്ളൻ അവനിൽ സ്വർഗ്ഗത്തിലേക്കുള്ള പാത കണ്ടു. യേശു നമുക്കൊരു ചോദ്യചിഹ്നം ആകുന്നത് ലൗകീകതയിൽ മതിമറന്നു കാഴ്ചമങ്ങിയ കണ്ണുകൾകൊണ്ട് നോക്കുന്പോഴാണ്.  അങ്ങിനെയുള്ളവർക്കുള്ള ഉത്തരം ഈശോ നൽകുന്നത്, മരിച്ചു നാലുദിവസമായ ലാസറിന്റെ കല്ലറയ്ക്കു മുൻപിൽ നിന്നുകൊണ്ടാണ്: "വിശ്വസിച്ചാൽ ദൈവമഹത്വം ദർശിക്കുമെന്നു ഞാൻ നിന്നോടു പറഞ്ഞില്ലേ?" (യോഹന്നാൻ 11:40). മനുഷ്യബുദ്ധിക്ക് അസാധ്യമായ കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ദൈവത്തിൽ വിശ്വസിക്കുന്പോഴാണ് നമ്മിലെ അന്ധകാരം അകലുന്നതും നമ്മുടെ കണ്ണുകൾ ദൈവമഹത്വം ദർശിക്കുന്നതിനായി തുറക്കപ്പെടുന്നതും.

ദൈവവചനം വിശ്വസിച്ച ഒരു കന്യകയാണ് രക്ഷകന്റെ അമ്മയായത്. എന്നാൽ, ഈശോയുടെ ജനനത്തിനുമുന്പും ജനനശേഷവും ആ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ ബുദ്ധിമുട്ടുന്ന ഒട്ടേറെ അവസരങ്ങൾ പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ ഉണ്ടാകുന്നുണ്ട്. യൌസേപ്പിതാവ് സംശയിച്ചപ്പോഴും, പ്രസവിക്കാനൊരിടം കിട്ടാതെ അലഞ്ഞപ്പോഴും, തന്റെ കുഞ്ഞിന്റെ കരച്ചിലിനോടൊപ്പം കുഞ്ഞുങ്ങൾ കൊലചെയ്യപ്പെട്ട നൂറുകണക്കിനു അമ്മമാരുടെ നിലവിളി മുഴങ്ങിയപ്പോഴും, പിറന്ന വീടിനോടും പ്രിയപ്പെട്ടവരോടും യാത്രപോലും പറയാതെ അപരിചിതമായ ഒരു ദേശത്തേക്ക് പാലായനം ചെയ്തപ്പോഴും എല്ലാം "ദൈവത്തെ സ്നേഹിക്കുന്നവർക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവർക്ക്, അവിടുന്നു സകലവും നന്മയ്കായി പരിണമിപ്പിക്കുന്നുവെന്ന്" (റോമാ 8:28) വിശ്വസിക്കാൻ അമലോത്ഭവ നാഥയ്ക്ക് സാധിച്ചു. ലോകത്തിലും തന്റെ ചുറ്റിലും നടക്കുന്നതുകണ്ട് നിരാശയോടെ ദൈവത്തിൽനിന്ന് അകലാതെ, തന്നെ മുഴുവനായും ദൈവീകപദ്ധതിക്കായി വിട്ടുകൊടുത്ത്, ദൈവത്തിൽമാത്രം കണ്ണുകൾ ഉറപ്പിച്ചുകൊണ്ട്‌ ജീവിച്ച പരിശുദ്ധ കന്യാമറിയം വിശ്വാസത്തിന്റെ കാര്യത്തിൽ നമുക്കെന്നും മാതൃക ആയിരിക്കണം. പരീക്ഷകളിലും തകർച്ചകളിലും നമ്മെ താങ്ങുന്ന ദൈവത്തിന്റെ അദൃശ്യകരങ്ങൾ കാണുന്നതിനായി നമ്മുടെ ഉൾക്കണ്ണുകളെ തുറക്കണമേയെന്നു നമുക്ക് പ്രാർത്ഥിക്കാം. വിശ്വാസത്തിനു മങ്ങലേക്കുന്ന അവസരങ്ങളിൽ "ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കണമേ" (ലൂക്കാ 17:5) എന്നു നമുക്കും യാചിക്കാം. അദൃശ്യമായ ദൈവീകശക്തിയെ വിശ്വാസത്തോടെ നാം തിരയുന്പോൾ, ദൃശ്യമായ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ദൈവം നമ്മുടെ ജീവിതത്തിലും പ്രവർത്തിക്കും. 

കർത്താവായ യേശുവേ, അങ്ങയുടെ കരുണയിലും ശക്തിയിലും വിശ്വസിച്ചും ശരണംവച്ചും അങ്ങയുടെ അടുത്തെത്താൻ എന്നെ സഹായിക്കണമേ. സംശയങ്ങളും അവിശ്വാസവും ഉപേക്ഷിച്ച്, അങ്ങയെ അനുഗമിക്കുവാൻ എന്റെ ആന്തരീക നേത്രങ്ങളെ അങ്ങ് തുറക്കണമേ. എന്റെ രക്ഷകനായ യേശുവേ, അങ്ങയുടെ മഹത്വത്തിന് സാക്ഷിയാകാൻ എന്നെ യോഗ്യനാക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!