അനീതി പ്രവർത്തിക്കുന്നവരേ അകന്നുപോകുവിൻ
"കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ." (മത്തായി 7:21-23) വിചിന്തനം ഈശോ ഗിരിപ്രഭാഷണത്തിലൂടെ കാപട്യങ്ങളില്ലാതെ ദൈവത്തിനു പ്രീതികരമായ ഒരു ജീവിതം എങ്ങിനെ നയിക്കാമെന്ന് തന്റെ വചനം ശ്രവിക്കാൻ താല്പര്യം കാണിച്ച എല്ലാവർക്കുമായി വെളിപ്പെടുത്തിക്കൊടുത്തു. ദൈവകൃപകളിലൂടെ വിജ്ഞാനവും വിവേകവും കൈകൊണ്ട്, ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുവാനും, ദൈവത്തിലുള്ള വിശ്വാസത്തെ പ്രതി, സ്നേഹത്തോടെയും കരുണയോടെയും മറ്റുള്ളവരോട് പെരുമാറാനും ആവശ്യമായ പ്രബോധനങ്ങളാണ് മലയിലെ പ്രസംഗത്തിലൂടെ ഈശോ ലോകത്തിനു മുഴുവനുമായി തന്നത്. ഇന്നത്തെ വചനം ഈശോ ഗിരിപ്രഭാഷണം ഉപസംഹരിച്...