അനീതി പ്രവർത്തിക്കുന്നവരേ അകന്നുപോകുവിൻ
"കർത്താവേ, കർത്താവേ, എന്ന് എന്നോട് വിളിച്ചപേക്ഷിക്കുന്നവനല്ല, എന്റെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുക. അന്ന് പലരും എന്നോട് ചോദിക്കും: കർത്താവേ, കർത്താവേ, ഞങ്ങൾ നിന്റെ നാമത്തിൽ പ്രവചിക്കുകയും നിന്റെ നാമത്തിൽ പിശാചുക്കളെ പുറത്താക്കുകയും നിന്റെ നാമത്തിൽ നിരവധി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തില്ലേ? അപ്പോൾ ഞാൻ അവരോടു പറയും: നിങ്ങളെ ഞാൻ ഒരിക്കലും അറിഞ്ഞിട്ടില്ല; അനീതി പ്രവർത്തിക്കുന്നവരേ, നിങ്ങൾ എന്നിൽ നിന്ന് അകന്നുപോകുവിൻ." (മത്തായി 7:21-23)
വിചിന്തനം
ഈശോ ഗിരിപ്രഭാഷണത്തിലൂടെ കാപട്യങ്ങളില്ലാതെ ദൈവത്തിനു പ്രീതികരമായ ഒരു ജീവിതം എങ്ങിനെ നയിക്കാമെന്ന് തന്റെ വചനം ശ്രവിക്കാൻ താല്പര്യം കാണിച്ച എല്ലാവർക്കുമായി വെളിപ്പെടുത്തിക്കൊടുത്തു. ദൈവകൃപകളിലൂടെ വിജ്ഞാനവും വിവേകവും കൈകൊണ്ട്, ദൈവത്തെയും മനുഷ്യരെയും സ്നേഹിക്കുവാനും, ദൈവത്തിലുള്ള വിശ്വാസത്തെ പ്രതി, സ്നേഹത്തോടെയും കരുണയോടെയും മറ്റുള്ളവരോട് പെരുമാറാനും ആവശ്യമായ പ്രബോധനങ്ങളാണ് മലയിലെ പ്രസംഗത്തിലൂടെ ഈശോ ലോകത്തിനു മുഴുവനുമായി തന്നത്. ഇന്നത്തെ വചനം ഈശോ ഗിരിപ്രഭാഷണം ഉപസംഹരിച്ചുകൊണ്ട് നൽകുന്ന ഒരു മുന്നറിയിപ്പിന്റെ ഭാഗമാണ്. അനുഷ്ടാനങ്ങളിൽ അതീവമായ ജാഗ്രതയും ഭക്തിയും പുലർത്തുകയും, എന്നാൽ ഹൃദയത്തിൽനിന്നും ദുരാഗ്രഹങ്ങളും തിന്മകളും നീക്കാൻ വൈമനസ്യം കാണിക്കുകയും ചെയ്യുന്നവരേക്കുറിച്ചാണ് ശക്തമായ താക്കീതിന്റെ ഭാഷയിൽ ഈശോ സംസാരിക്കുന്നത്.
നമുക്ക് ഉചിതവും സൗകര്യപ്രദവുമായ വചനങ്ങൾ സ്വീകരിക്കാനും ബാക്കിയുള്ളവയെ അവഗണിക്കാനും തിരസ്കരിക്കാനുമുള്ള പ്രവണത എക്കാലത്തുമുള്ള മനുഷ്യരിൽ കണ്ടുവരുന്ന ഒന്നാണ്. "ഈ ജനം വാക്കുകൊണ്ടുമാത്രം എന്നെ സമീപിക്കുകയും അധരംകൊണ്ടുമാത്രം എന്നെ ആരാധിക്കുകയും ചെയ്യുന്നു. ഇവരുടെ ഹൃദയം എന്നിൽനിന്ന് അകന്നിരിക്കുന്നു. എന്റെ നേർക്കുള്ള ഇവരുടെ ഭക്തി മനപാഠമാക്കിയ മാനുഷികനിയമമാണ്" (ഏശയ്യാ 29:13). അവരവരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച് ദൈവവചനത്തെ നിർവചിക്കുകയും, ദൈവത്തിനു ഹിതകരമായതാണ് പ്രവർത്തിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുന്ന ധാരാളംപേർ ഇന്നത്തെ ലോകത്തിലുമുണ്ട്. ദൈവത്തിൽ വിശ്വസിക്കുകമാത്രം ചെയ്യുന്ന എല്ലാവർക്കും ഉള്ളതാണ് സ്വർഗ്ഗരാജ്യം എന്ന് സുവിശേഷത്തിലെ തന്നെ ചില ഭാഗങ്ങൾ ഉപയോഗിച്ച് അവർ വാദിക്കാറുമുണ്ട്. എന്നാൽ, "മനുഷ്യൻ വിശ്വാസംകൊണ്ടു മാത്രമല്ല പ്രവർത്തികളാലുമാണ് നീതീകരിക്കപ്പെടുന്നത്" (യാക്കോബ് 2:24). വാക്കുകളിൽ മാത്രമല്ല ഹൃദയത്തിലും ദൈവത്തിനു പ്രഥമസ്ഥാനം നൽകുന്ന ഒരു വ്യക്തി, തന്റെ പ്രവർത്തികൾകൊണ്ടും ദൈവത്തെ മഹത്വപ്പെടുത്തണം. നല്ല വാക്കുകൾ തീർച്ചയായും നല്ലതാണ്; എന്നാൽ, അവ ഒരിക്കലും നല്ല പ്രവർത്തികൾക്കു പകരമാകുന്നില്ല. ഒരു വ്യക്തിയുടെ യഥാർത്ഥ സ്വഭാവം വെളിപ്പെടുന്നത് അയാളെടുക്കുന്ന തീരുമാനങ്ങളിലൂടെയാണ് - പ്രത്യേകിച്ച്, ശരിയും തെറ്റും, നന്മയും തിന്മയും തിരഞ്ഞെടുക്കുന്ന അവസരങ്ങളിൽ. നമുക്ക് അസൌകര്യങ്ങളും കഷ്ടതകളും നഷ്ടങ്ങളും ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട്, ശരിയായതും നന്മയായതും തിരഞ്ഞെടുക്കാൻ നമുക്ക് കഴിയുന്നുണ്ടോ? സത്യത്തിനും നീതിക്കുംവേണ്ടി നിലകൊണ്ടാൽ പരിഹസിക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുമെന്നുള്ള അവസരങ്ങളിൽ അങ്ങിനെ ചെയ്യാൻ നമുക്കാവുന്നുണ്ടോ?
മറ്റുള്ളവരുടെ മുന്പിൽവച്ച് ദൈവനാമ മഹത്വത്തിനെന്ന ഭാവേന ഒട്ടേറെ വലിയ കാര്യങ്ങൾ ചെയ്യാൻ നമുക്ക് സാധിക്കും. എന്നാൽ, മറ്റാരും കാണാത്ത അവസരങ്ങളിൽ, ശ്രദ്ധയും അംഗീകാരവും ലഭിക്കില്ലാത്ത വേളകളിൽ, നമ്മുടെ പെരുമാറ്റം എപ്രകാരമാണ്? ലോകത്തുള്ള എല്ലാവരെയും കബളിപ്പിക്കാൻ നമുക്കായെന്നു വരാം, എന്നാൽ, സജീവമായ ദൈവവചനം നമ്മുടെ ആത്മാവിൽ തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെ വിവേചിച്ചറിയുന്നു (cf.ഹെബ്രായർ 4:12). ദൈവസന്നിധിയിൽ നമ്മുടെ പാപങ്ങൾ ഒരിക്കലും ഒരു കാരണവശാലും ന്യായീകരിക്കപ്പെടുന്നില്ല; എന്നാൽ, പശ്ചാത്താപത്തോടെ ഏറ്റുപറഞ്ഞാൽ ദൈവം എല്ലാ പാപങ്ങളും ക്ഷമിക്കുന്നു. നമ്മുടെ രഹസ്യപാപങ്ങളും അവയ്ക്കുള്ള ന്യായീകരണങ്ങളും തെറ്റാണെന്ന് ഏറ്റുപറയാൻ നാം തയ്യാറാകണം. സ്വന്തം അനുമാനങ്ങളിലൂടെയും, തെറ്റായ ബോധ്യങ്ങൾ തരുന്നവരുടെ പ്രബോധനങ്ങളിലൂടെയും നമ്മൾ അനുഷ്ടിച്ചുപോരുന്ന ദൈവഭക്തി വെറും മാനുഷിക നിയമങ്ങൾ മാത്രമാണെന്ന് തിരിച്ചറിയാൻ നമുക്കാവണം. അപ്പോൾ മാത്രമേ നമ്മൾ പിതാവായ ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നവരായി നമ്മൾ മാറുകയുള്ളൂ. സ്വാർത്ഥത നിറഞ്ഞ ഹൃദയത്തോടെ നമ്മുടെ ഇഷ്ടം മാത്രം അന്വേഷിക്കാതെ, യഥാർത്ഥമായ ദൈവഭക്തിയാൽ നിറഞ്ഞ് എല്ലാക്കാര്യങ്ങളിലും ദൈവത്തിന്റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവേ, അധരങ്ങളിൽ സ്തുതിയും ഹൃദയത്തിൽ കാപട്യവുമായി അങ്ങയുടെ മുന്പിൽ വന്നിട്ടുള്ള എല്ലാ അവസരങ്ങളെയും ഓർത്ത് ഞാൻ അങ്ങയോട് മാപ്പപേക്ഷിക്കുന്നു. അങ്ങയുടെ ഹിതത്തിനെതിരായുള്ള എല്ലാ പ്രലോഭനങ്ങളെയും ചെറുത്തു തോല്പിക്കാനും, ശരിയായതു ചെയ്യുന്പോൾ നേരിടേണ്ടി വന്നേക്കാവുന്ന തടസ്സങ്ങളിൽ പതറാതിരിക്കാനും എന്നെ ശക്തിപ്പെടുത്തണമേ. ആമ്മേൻ.
(Revised - Originally posted on July 12, 2013)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ