നിനക്കു ശുദ്ധിയുണ്ടാകട്ടെ
"ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. അവൻ കരുണതോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ." (മർക്കോസ് 1:40-42) വിചിന്തനം യഹൂദജനം കുഷ്ഠരോഗികളെ അശുദ്ധരായിക്കണ്ട് അവർക്ക് സമൂഹത്തിൽനിന്നു ഭ്രഷ്ട് കല്പിച്ചിരുന്നു. ഗ്രാമത്തിനു വെളിയിൽ ബന്ധുക്കളിൽനിന്നും മിത്രങ്ങളിൽനിന്നും അകന്ന് ദുരിതപൂർണ്ണമായ ഒരു ജീവിതമാണ് അവർ നയിച്ചിരുന്നത്. ഒരാവശ്യത്തിനും മറ്റുള്ളവരെ സമീപിക്കാൻ അവർക്ക് അനുവാദം ഇല്ലായിരുന്നു - കുഷ്ഠരോഗികൾ അടുത്തുവരുന്നത് കണ്ടാൽ മറ്റുള്ളവർ ഭയം നിമിത്തം അവരെ കല്ലെറിയുന്നത് സാധാരണമായിരുന്നു. അതിനാൽ, സൌഖ്യത്തിനായി യേശുവിനെ സമീപിച്ച കുഷ്ഠരോഗി കാട്ടിയത് വലിയൊരു സാഹസമാണ്. എന്നാൽ ജീവഹാനി ഭയക്കാതെ യേശുവിനെ സമീപിക്കാൻ അയാളെ സഹായിച്ചത്, യേശുവിന് തന്നെ സുഖപ്പെടുത്താൻ കഴിയും എന്നുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു. യേശുവാകട്ടെ കരുണാപൂർവം അയാളെ കൈനീട്ടി സ്പർശിച്ച് സുഖപ്പെടുത്തി. ഈശോയുടെ സ്പർശനത്തിന് ശരീരത്തിന്റെയും ആത്മാവിന്റെയും അശുദ്ധി അകറ്റി പരിപൂർണ്ണ സൌഖ്യം നല...