നിനക്കു ശുദ്ധിയുണ്ടാകട്ടെ
"ഒരു കുഷ്ഠരോഗി അവന്റെ അടുത്തെത്തി മുട്ടുകുത്തി അപേക്ഷിച്ചു: അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും. അവൻ കരുണതോന്നി കൈനീട്ടി അവനെ സ്പർശിച്ചുകൊണ്ടു പറഞ്ഞു: എനിക്കു മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ." (മർക്കോസ് 1:40-42)
വിചിന്തനം
യഹൂദജനം കുഷ്ഠരോഗികളെ അശുദ്ധരായിക്കണ്ട് അവർക്ക് സമൂഹത്തിൽനിന്നു ഭ്രഷ്ട് കല്പിച്ചിരുന്നു. ഗ്രാമത്തിനു വെളിയിൽ ബന്ധുക്കളിൽനിന്നും മിത്രങ്ങളിൽനിന്നും അകന്ന് ദുരിതപൂർണ്ണമായ ഒരു ജീവിതമാണ് അവർ നയിച്ചിരുന്നത്. ഒരാവശ്യത്തിനും മറ്റുള്ളവരെ സമീപിക്കാൻ അവർക്ക് അനുവാദം ഇല്ലായിരുന്നു - കുഷ്ഠരോഗികൾ അടുത്തുവരുന്നത് കണ്ടാൽ മറ്റുള്ളവർ ഭയം നിമിത്തം അവരെ കല്ലെറിയുന്നത് സാധാരണമായിരുന്നു. അതിനാൽ, സൌഖ്യത്തിനായി യേശുവിനെ സമീപിച്ച കുഷ്ഠരോഗി കാട്ടിയത് വലിയൊരു സാഹസമാണ്. എന്നാൽ ജീവഹാനി ഭയക്കാതെ യേശുവിനെ സമീപിക്കാൻ അയാളെ സഹായിച്ചത്, യേശുവിന് തന്നെ സുഖപ്പെടുത്താൻ കഴിയും എന്നുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു. യേശുവാകട്ടെ കരുണാപൂർവം അയാളെ കൈനീട്ടി സ്പർശിച്ച് സുഖപ്പെടുത്തി. ഈശോയുടെ സ്പർശനത്തിന് ശരീരത്തിന്റെയും ആത്മാവിന്റെയും അശുദ്ധി അകറ്റി പരിപൂർണ്ണ സൌഖ്യം നല്കാൻ സാധിക്കും എന്ന ഉറച്ച വിശ്വാസം നമ്മിലുണ്ടോ?
ഇന്നത്തെ ലോകത്തിൽ യേശുവിനെ തൊട്ടറിയാൻ വിശുദ്ധ കുർബാനയ്ക്ക് സമാനമായ മറ്റൊരു മാർഗ്ഗമില്ല. പരിശുദ്ധ കുർബാനയിൽ "നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ശരീരവും രക്തവും, ആത്മാവോടും ദൈവീകതയോടുംകൂടി സത്യമായും യഥാർത്ഥമായും സത്താപരമായും അങ്ങനെ ക്രിസ്തു മുഴുവനും അടങ്ങിയിരിക്കുന്നു" (Council of Trent, 1551). അഥവാ, രണ്ടായിരം വർഷംമുന്പ് വിശ്വാസത്തോടെ തന്നെ സമീപിച്ച കുഷ്ഠരോഗിയോട് "എനിക്ക് മനസ്സുണ്ട്; നിനക്കു ശുദ്ധിയുണ്ടാകട്ടെ" എന്നു പറഞ്ഞ അതെ ഈശോയുടെ 'യഥാർത്ഥ സാന്നിധ്യം' കൂദാശ ചെയ്യപ്പെട്ട ഓരോ തിരുവോസ്തിയിലും ഉണ്ട്. "ഈ കൂദാശയിൽ ക്രിസ്തുവിന്റെ യഥാർത്ഥ ശരീരവും യഥാർത്ഥ രക്തവും ഉണ്ട് എന്നത് ഇന്ദ്രിയങ്ങൾ കൊണ്ടല്ല, ദൈവീകമായ ആധികാരികതയിലുറച്ച വിശ്വാസംകൊണ്ടു മാത്രമേ ഗ്രഹിക്കാൻ കഴിയൂ", എന്ന് വി. തോമസ് അക്വീനാസ് പറയുന്നു. "ഇതു സത്യമാണോ എന്നു സംശയിക്കരുത്, പിന്നെയോ, 'ഇതു നിങ്ങൾക്കായി നല്കപ്പെടുന്ന എന്റെ ശരീരമാണ്' എന്ന രക്ഷകന്റെ വാക്കുകളെ വിശ്വാസത്തിൽ സ്വീകരിക്കുക. അവിടുന്നു സത്യമാകയാൽ, വ്യാജം പറയുന്നില്ല", എന്ന് വി. സിറിൽ നമ്മെ പഠിപ്പിക്കുന്നു. തന്റെ മരണത്തിനു കുറേക്കാലം ശേഷം മറ്റൊരു കന്യാസ്ത്രീക്ക് പ്രത്യക്ഷപ്പെട്ട വി. അമ്മത്രേസ്യാ പറഞ്ഞു: ജീവിച്ചിരുന്നപ്പോൾ ഞാൻ വിശുദ്ധ കുർബാനയിൽ കണ്ടുമുട്ടിയ അതെ ഈശോ തന്നെയാണ് സ്വർഗ്ഗത്തിലുമുള്ള ഈശോ. വിശ്വാസത്തിന്റെ ദൃഷ്ടികളുപയോഗിച്ചു വിശുദ്ധ കുർബാനയിൽ യഥാർത്ഥമായി എഴുന്നെള്ളിയിരിക്കുന്ന ഈശോയെ കണ്ടെത്താൻ നമുക്കാവുന്നില്ലെങ്കിൽ, സ്വർഗ്ഗത്തിലും ഈശോയെ കണ്ടെത്താൻ സാധിച്ചെന്നു വരികയില്ല.
കുഷ്ഠംമൂലം നികൃഷ്ടമായിരുന്ന ഒരു വ്യക്തിയുടെ ശരീരം യേശുവിന്റെ സ്പർശനമേറ്റപ്പോൾ സുഖം പ്രാപിച്ചു. പാപത്തിന്റെ കറകൾമൂലം വ്രണിതമായ ആത്മാവിനും വികൃതമായ ശരീരത്തിനും ഉടമകളാണ് നാമെല്ലാവരും. യേശുവിന്റെ യാഥാർത്ഥ സാന്നിധ്യത്തിൽ വിശ്വസിച്ചുകൊണ്ട്, ആത്മാർത്ഥമായ ഒരുക്കത്തോടും പാപങ്ങളിൽനിന്ന് പിന്തിരിയാനുള്ള ആഗ്രഹത്തോടുംകൂടെ വിശുദ്ധ കുർബാന സ്വീകരിക്കുന്ന ഓരോ വ്യക്തിയേയും സംബന്ധിച്ചിടത്തോളം അത് ഈശോ സ്പർശിക്കുന്ന നിമിഷങ്ങളാണ്. ഈ അവസരത്തിൽ, നമുക്കും മുട്ടിൻമേൽ നിന്ന് ഈശോയോടു പറയാൻ കഴിയണം, "അങ്ങേക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും". ഈശോയുടെ സ്പർശനത്തിലൂടെ ആത്മാവ് സുഖം പ്രാപിക്കുന്പോൾ ജീവിതത്തിലെ എല്ലാ അവസ്ഥകളിലും സാഹചര്യങ്ങളിലും ദൈവത്തിന്റെ സ്നേഹം അനുഭവിക്കാൻ നമുക്കാവും. മനസ്സിന്റെ കെട്ടുകൾ അഴിയുന്പോൾ, ശരീരത്തെ ബാധിച്ചിരിക്കുന്ന വ്യഥകളും പീഡകളും അപ്രത്യക്ഷമാകും. നമ്മുടെ മുറിവുകളുണക്കി, അനുദിന ജീവിതത്തിൽ സന്തോഷവും സമാധാനവും പ്രദാനം ചെയ്യുന്ന ദിവ്യകാരുണ്യനാഥന്റെ സ്പർശനത്തിനായി നമുക്കും പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, അങ്ങയുടെ ദിവ്യസ്നേഹത്താൽ എന്റെ ഹൃദയത്തെ ഉജ്ജ്വലിപ്പിച്ച്, എന്റെ ശരീരത്തെയും മനസ്സിനെയും ആത്മാവിനെയും ശുദ്ധീകരിക്കണമേ. എല്ലായ്പ്പോഴും എന്നോടൊപ്പം ആയിരിക്കാൻ ആഗ്രഹിക്കുന്ന അങ്ങയുടെ സ്നേഹത്തെ തിരിച്ചറിയാനും, വിശുദ്ധ കുർബാനയിൽ അങ്ങയെ ദർശിക്കാനും എന്റെ ആന്തരീക നേത്രങ്ങളെ തുറക്കണമേ. ആമ്മേൻ.
praise be to Jesus Christ .
മറുപടിഇല്ലാതാക്കൂ