നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു
"എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കർത്താവേ, നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്ക് കീഴ്പ്പെടുന്നു. അവൻ പറഞ്ഞു: സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഇടിമിന്നൽ പോലെ പതിക്കുന്നത് ഞാൻ കണ്ടു. ഇതാ, പാന്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ." (ലൂക്കാ 10:17-20) വിചിന്തനം ഈശോ താൻ പോകാനിരുന്ന പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും ഈരണ്ടുപേരായി തനിക്കുമുന്പേ അയച്ചവരുടെ പ്രതികരണമാണ് ഇന്നത്തെ വചനഭാഗം. അവർ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം യേശുവിന്റെ നാമം കേട്ടപ്പോൾ പിശാചുക്കൾ പോലും അവർക്ക് കീഴടങ്ങി എന്നാണു അവർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തിയത്. അവരുടെ സന്തോഷത്തിൽ അവരോടൊപ്പം സന്തോഷിക്കുന്ന ഈശോയെ ആണ് നാമിവിടെ കാണുന്നത്. എന്നാൽ, ഈശോയും മറ്റ് എഴുപത്തിരണ്ടുപേരും സന്തോഷിക്കുന്നത് വ്യത്യസ്ഥമായ കാര്യങ്ങൾക്കാണെന്...