നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു

"എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്നു പറഞ്ഞു: കർത്താവേ, നിന്റെ നാമത്തിൽ പിശാചുക്കൾ പോലും ഞങ്ങൾക്ക് കീഴ്പ്പെടുന്നു. അവൻ പറഞ്ഞു: സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് ഇടിമിന്നൽ പോലെ പതിക്കുന്നത് ഞാൻ കണ്ടു. ഇതാ, പാന്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടിനടക്കാൻ നിങ്ങൾക്ക് ഞാൻ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാൽ, പിശാചുക്കൾ നിങ്ങൾക്ക് കീഴടങ്ങുന്നു എന്നതിൽ നിങ്ങൾ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകൾ സ്വർഗ്ഗത്തിൽ എഴുതപ്പെട്ടിരിക്കുന്നു എന്നതിൽ സന്തോഷിക്കുവിൻ." (ലൂക്കാ 10:17-20)

വിചിന്തനം 
ഈശോ താൻ പോകാനിരുന്ന പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും ഈരണ്ടുപേരായി തനിക്കുമുന്പേ അയച്ചവരുടെ പ്രതികരണമാണ് ഇന്നത്തെ വചനഭാഗം. അവർ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം യേശുവിന്റെ നാമം കേട്ടപ്പോൾ പിശാചുക്കൾ പോലും അവർക്ക് കീഴടങ്ങി എന്നാണു അവർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തിയത്. അവരുടെ സന്തോഷത്തിൽ അവരോടൊപ്പം സന്തോഷിക്കുന്ന ഈശോയെ ആണ് നാമിവിടെ കാണുന്നത്. എന്നാൽ, ഈശോയും മറ്റ് എഴുപത്തിരണ്ടുപേരും സന്തോഷിക്കുന്നത് വ്യത്യസ്ഥമായ കാര്യങ്ങൾക്കാണെന്നതും വ്യക്തമാണ്. പിശാചുക്കൾ കീഴടങ്ങി എന്നതിലല്ല സന്തോഷിക്കേണ്ടത്; മറിച്ച്, പിശാചുക്കളെ പരാജയപ്പെടുത്തിയതുവഴി ഒട്ടേറെ ആത്മാക്കളെ സ്വർഗ്ഗത്തിനായി നേടിയെടുത്തു എന്നതിലാണ് സന്തോഷിക്കേണ്ടത് എന്നാണ് ഈശോ അവർക്ക് നൽകുന്ന ഉപദേശം. പാപാന്ധകാരത്തിൽ തപ്പിത്തടയുന്ന ഓരോ വ്യക്തിയും ദൈവത്തിങ്കലേക്കു വരുന്പോൾ സ്വർഗ്ഗത്തിൽ ഒട്ടേറെ സന്തോഷമുണ്ടാകുന്നു എന്ന് പല സന്ദർഭങ്ങളിൽ ഈശോ വ്യക്തമാക്കുന്ന ഒരു വസ്തുതയാണ്. ആ സ്വർഗ്ഗീയ സന്തോഷത്തിൽ പങ്കാളികളായി സന്തോഷം അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാനാണ് ഈശോ അവരെ വിളിക്കുന്നത്‌.

പലപ്പോഴും, ചില വ്യക്തിബന്ധങ്ങളിലും ലൌകീകവസ്തുക്കളിലും മാത്രം നമ്മുടെ സന്തോഷങ്ങൾ അധിഷ്ടിതമാകാറുണ്ട്. അതുകൊണ്ടുതന്നെ, അവയുടെ അഭാവവും നഷ്ടപ്പെടലുകളും നമ്മുടെ സന്തോഷം നമ്മിൽനിന്നും എടുത്തു കളയാറുമുണ്ട്‌. എന്നാൽ, ക്രിസ്തീയ സന്തോഷത്തിന്റെ അടിസ്ഥാനം ലൗകീകമായ വ്യക്തികളോ വസ്തുക്കളോ അല്ല; നാമായിരിക്കുന്ന അവസ്ഥയിൽ നമ്മെ സ്നേഹിക്കുന്ന ദൈവമായിരിക്കണം നമ്മുടെ സന്തോഷത്തിനെ കാരണം. സൃഷ്ടികൾക്കുപരിയായി സ്രഷ്ടാവിനു സ്ഥാനം നൽകി, ദൈവസ്നേഹത്തിൽനിന്നും ഉളവാകുന്ന സന്തോഷം അനുഭവിക്കുവാൻ നമുക്കാവുന്നുണ്ടോ?


സന്തോഷം സ്നേഹത്തിന്റെ ആദ്യഫലമാണെന്ന് വി. തോമസ്‌ അക്വീനാസ് പറഞ്ഞിട്ടുണ്ട്. നമ്മിലെ സ്നേഹം എത്രയധികം വർദ്ധിക്കുന്നുവോ, അത്രയധികം നമ്മിലെ സന്തോഷവും വർദ്ധിക്കുന്നു. പൂർണ്ണാത്മാവോടും പൂർണ്ണ ഹൃദയത്തോടും പൂർണ്ണ മനസ്സോടും കൂടെ മറ്റെല്ലാറ്റിനും ഉപരിയായി ദൈവത്തെ സ്നേഹിക്കാനാണ് ഈശോ നമ്മോട് ആവശ്യപ്പെടുന്നത്. ഈ കല്പന യഥാർത്ഥമായ സന്തോഷം അനുഭവിക്കുവാനുള്ള ഒരു വിളിയാണ്. ഈയൊരു കല്പന പാലിക്കുന്നതിലൂടെ ദൈവത്തിൽനിന്നും ലഭിക്കുന്ന സന്തോഷം അനുഭവിക്കുവാൻ സാധിച്ചെങ്കിൽ മാത്രമേ നമുക്ക് മറ്റു കല്പനകൾ ഹൃദയത്തിൽ സ്വീകരിക്കുവാനും, അവയുടെ പാലനത്തിലൂടെ നമ്മിലെ സന്തോഷത്തെ വർദ്ധിപ്പിക്കുവാനും സാധിക്കുകയുള്ളൂ. 

യഥാർത്ഥമായ സന്തോഷം നമുക്ക് നേടിയെടുക്കാവുന്ന ഒന്നല്ല, അത് ദൈവത്തിന്റെ ഒരു ദാനമാണ്. ലൌകീക വസ്തുക്കളിലൂടെ നമ്മൾ നേടിയെടുക്കാൻ പരിശ്രമിക്കുന്ന സന്തോഷം എക്കാലവും നിലനിൽക്കാത്തതിന്റെ കാരണവും ഇതുതന്നെ. മനുഷ്യസ്നേഹം പലപ്പോഴും സന്തോഷത്തേക്കാളധികമായി ദുഃഖമാണ് പ്രദാനം ചെയ്യുന്നത്. ഈ ലോകത്തിലെ എത്ര സന്തോഷകരമായ അനുഭവങ്ങളിലും ദുഃഖം കണ്ടെത്താൻ മനുഷ്യനാകും. ഒരുപക്ഷേ, സന്തോഷത്തിലും ദുഖത്തിലും കരയാൻ സാധിക്കുന്ന എകജീവി മനുഷ്യനായിരിക്കാം. എത്രയൊക്കെ ശ്രമിച്ചാലും, മനുഷ്യഹൃദയത്തിൽ ഒളിഞ്ഞുകിടക്കുന്ന സ്വാർത്ഥതയിൽനിന്നും നമുക്കൊരിക്കലും പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കുന്നില്ല, വീണുപോയ മനുഷ്യപ്രകൃതിയുടെ ഭാഗമാണത്. വസ്തുക്കളെ സ്നേഹിക്കാനും മറ്റുള്ളവരെ ഉപയോഗിക്കാനും പ്രേരിപ്പിക്കുന്ന സ്വാർത്ഥത മനുഷ്യസ്നേഹത്തിലെയും മാനവിക ബന്ധങ്ങളിലെയും സന്തോഷങ്ങളെ ക്രമേണ വേദനാപൂർണ്ണങ്ങളാക്കി മാറ്റുന്നു. 


നമ്മുടെ ജീവിതങ്ങളിൽ നിന്നും നഷ്ടപ്പെട്ടുപോയ സന്തോഷത്തെ വീണ്ടെടുത്ത്‌ നൽകാനും, ഉള്ള സന്തോഷത്തെ വർദ്ധിപ്പിക്കുവാനും ദൈവത്തിനാകും. ഉദാസീനതയും അഹംഭാവവും ഏകാന്തതയും ഒക്കെ നിറഞ്ഞ നമ്മുടെ ജീവിതങ്ങളെ യേശുവിന്റെ കുരിശിൻ ചുവട്ടിൽ ഉപേക്ഷിക്കാൻ നാം തയ്യാറാവണം. ഹൃദയത്തിൽ പ്രഥമസ്ഥാനം ദൈവത്തിനു നൽകാനും, നിസ്വാർത്ഥമായി മറ്റുള്ളവർക്ക് സേവനം ചെയ്യുവാനും നമ്മൾ പരിശ്രമിക്കണം. സ്വർഗ്ഗത്തിൽ പേരെഴുതപ്പെട്ട, ദൈവമക്കളെന്നു വിളിക്കപ്പെടുവാൻ ലഭിച്ച ഭാഗ്യത്തെ ഓർത്ത് സന്തോഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ യേശുവേ, അങ്ങയെ അറിയുന്നതും സ്നേഹിക്കുന്നതിലുമാണ് എന്റെ സന്തോഷം മുഴുവൻ അടങ്ങിയിരിക്കുന്നത്. അങ്ങയെ ഉപേക്ഷിച്ച് ലൌകീകവസ്തുക്കൾക്ക് പ്രഥമസ്ഥാനം നൽകിയ അവസരങ്ങളെ ഓർത്ത് ഞാൻ മാപ്പപേക്ഷിക്കുന്നു. ഇനി ഒരിക്കലും ആ തെറ്റുകൾ ആവർത്തിക്കാതെ, അങ്ങേക്കും പിതാവായ ദൈവത്തിനും അവിടുത്തെ പരിശുദ്ധാത്മാവിനും മുഴുവനായി സമർപ്പിച്ച്‌, സ്വർഗ്ഗീയ സന്തോഷത്തിൽ ഭാഗഭാക്കാകാനുള്ള അനുഗ്രഹം നൽകേണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്