കർത്താവിന്റെ വഴിയൊരുക്കുവിൻ
" അക്കാലത്ത് സ്നാപകയോഹന്നാൻ യൂദയായിലെ മരുഭൂമിയിൽ വന്നു പ്രസംഗിച്ചു: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകൻവഴി ഇങ്ങനെ അരുളിചെയ്യപ്പെട്ടത്: മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം - കർത്താവിന്റെ വഴിയൊരുക്കുവിൻ; അവന്റെ പാതകൾ നേരെയാക്കുവിൻ. യോഹന്നാൻ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം. ജറുസലേമിലും യൂദയാ മുഴുവനിലും ജോർദ്ദാന്റെ പരിസര പ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവർ പാപങ്ങൾ ഏറ്റുപറഞ്ഞ്, ജോർദ്ദാൻനദിയിൽവച്ചു അവനിൽനിന്നു സ്നാനം സ്വീകരിച്ചു." (മത്തായി 3:1-6) വിചിന്തനം രക്ഷകനായ ദൈവം ഭൂമിയിൽ അവതരിക്കാനുള്ള സമയം സമീപിച്ചുകഴിഞ്ഞിരിക്കുന്നു; എന്നാൽ, ആരും അത് ശ്രദ്ധിക്കുന്നില്ല. ലോകത്തിന്റെ കാര്യങ്ങളിൽ മുഴുകി ജീവിച്ചിരുന്ന ദൈവജനത്തിന്റെ സ്മൃതിയുടെ ഇരുളടഞ്ഞ കോണുകളിൽ ഇടയ്ക്കെപ്പോഴൊക്കെയോ ലോകത്തിന്റെ കിരീടവും ചെങ്കോലും പേറുന്ന ഒരു രാജാവിനെക്കുറിച്ചുള്ള പ്രതീക്ഷ ഉടലെടുത്തിരുന്നു. ലോകത്തിന്റെ വിജ്ഞാനത്തെയും ചിന്താധാരകളെയും തകിടം മറിച്ചു കൊണ്ട്, രക...