കർത്താവിന്റെ വഴിയൊരുക്കുവിൻ
"അക്കാലത്ത് സ്നാപകയോഹന്നാൻ യൂദയായിലെ മരുഭൂമിയിൽ വന്നു പ്രസംഗിച്ചു: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു. ഇവനെപ്പറ്റിയാണ് ഏശയ്യാ പ്രവാചകൻവഴി ഇങ്ങനെ അരുളിചെയ്യപ്പെട്ടത്: മരുഭൂമിയിൽ വിളിച്ചുപറയുന്നവന്റെ ശബ്ദം - കർത്താവിന്റെ വഴിയൊരുക്കുവിൻ; അവന്റെ പാതകൾ നേരെയാക്കുവിൻ. യോഹന്നാൻ ഒട്ടക രോമം കൊണ്ടുള്ള വസ്ത്രവും അരയിൽ തോൽവാറും ധരിച്ചിരുന്നു. വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു അവന്റെ ഭക്ഷണം. ജറുസലേമിലും യൂദയാ മുഴുവനിലും ജോർദ്ദാന്റെ പരിസര പ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്റെ അടുത്തെത്തി. അവർ പാപങ്ങൾ ഏറ്റുപറഞ്ഞ്, ജോർദ്ദാൻനദിയിൽവച്ചു അവനിൽനിന്നു സ്നാനം സ്വീകരിച്ചു." (മത്തായി 3:1-6)
വിചിന്തനം
രക്ഷകനായ ദൈവം ഭൂമിയിൽ അവതരിക്കാനുള്ള സമയം സമീപിച്ചുകഴിഞ്ഞിരിക്കുന്നു; എന്നാൽ, ആരും അത് ശ്രദ്ധിക്കുന്നില്ല. ലോകത്തിന്റെ കാര്യങ്ങളിൽ മുഴുകി ജീവിച്ചിരുന്ന ദൈവജനത്തിന്റെ സ്മൃതിയുടെ ഇരുളടഞ്ഞ കോണുകളിൽ ഇടയ്ക്കെപ്പോഴൊക്കെയോ ലോകത്തിന്റെ കിരീടവും ചെങ്കോലും പേറുന്ന ഒരു രാജാവിനെക്കുറിച്ചുള്ള പ്രതീക്ഷ ഉടലെടുത്തിരുന്നു. ലോകത്തിന്റെ വിജ്ഞാനത്തെയും ചിന്താധാരകളെയും തകിടം മറിച്ചു കൊണ്ട്, രക്ഷകനായ ദൈവം ബത് ലെഹേമിലെ ഒരു കാലിത്തൊഴുത്തിൽ പിറന്നുവെന്നും, നസ്രത്തിലെ ഒരു തച്ചന്റെ കുടുംബത്തിൽ ജീവിക്കുന്നുവെന്നും ലോകത്തോട് വിളിച്ചു പറയേണ്ടത് അനിവാര്യമായിരുന്നു. സ്നാപകയോഹന്നാൻ എന്ന പ്രവാചകന്റെ ജീവിതത്തിലെ ഏകദൗത്യവും അതുതന്നെയായിരുന്നു. രക്ഷകനായ യേശുവിനെ സ്വീകരിക്കുന്നതിനായി ദൈവജനത്തിന്റെ ഹൃദയങ്ങളെ ഒരുക്കുക എന്ന ഭാരിച്ച ചുമതല ആയിരുന്നു സ്നാപകന്റേത്. കർത്താവിനു വഴിയൊരുക്കി ഈ ഭൂമിയിൽ ദൈവഹിതം നിറവേറ്റിയ സ്നാപകന്റെ ജീവിതം, രക്ഷകന്റെ വരവിനായി ഒരുങ്ങുന്ന ഈ വേളയിൽ നമുക്കെല്ലാവർക്കും ഒരു നല്ല മാതൃക ആകേണ്ടതാണ്. യോഹന്നാന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ഈശോയെ അറിഞ്ഞവരും, ദൈവത്തിനായി ഹൃദയങ്ങളെ തുറന്നു കൊടുത്തവരും നിരവധിയാണ്. തെറ്റായ ലക്ഷ്യങ്ങൾക്ക് ഹൃദയത്തിൽ മുൻഗണന നൽകിയതുമൂലം രക്ഷകന്റെ വരവിനായി ഒരുങ്ങാൻ കഴിയാത്ത നിരവധിപേർ നമ്മുടെ ചുറ്റിലുമുണ്ട്. പ്രത്യാശയോടെ നാം കാത്തിരിക്കുന്ന ഈ വേളയിൽ, അവരെക്കൂടി ദൈവത്തിലേക്ക് അടുപ്പിക്കാൻ നമുക്കാവുന്നുണ്ടോ?
രക്ഷകന്റെ ആഗമനത്തിനു മുന്നോടിയായിരുന്നു സ്നാപകന്റെ ജീവിതമെങ്കിൽ, പാപികളെത്തേടി ഭൂമിയിലേക്കുവന്ന യേശുവിനു സാക്ഷ്യം നൽകുന്നതായിരിക്കണം ഓരോ ക്രിസ്തീയന്റെയും ജീവിതം. ദൈവരാജ്യത്തിനായി ലോകത്തെ ഒരുക്കാൻ വന്ന സ്നാപകയോഹന്നാനു ലഭിച്ചതിലും എത്രയോ അധികം സൌഭാഗ്യമാണ് യേശുവിന്റെ കുരിശിലെ ബലിയിലൂടെ ദൈവരാജ്യത്തിന് അവകാശികളായ നമ്മൾ അനുഭവിക്കുന്നതെന്ന് നാം തിരിച്ചറിയണം. സ്വർഗ്ഗരാജ്യത്തിലെ ഏറ്റവും ചെറിയവൻ യോഹന്നാനെക്കാൾ വലിയവനാണ് (മത്തായി 11:11) എന്ന് ഈശോ തന്നെ നമ്മെ ഓർമ്മിപ്പിക്കുന്നു. എന്നാൽ ഈ വസ്തുത മനസ്സിലാക്കി നമ്മൾ പ്രവർത്തിക്കുന്നുണ്ടോ? മാമ്മോദീസായിലൂടെയും സ്ഥൈര്യലേപനത്തിലൂടെയും പരിശുദ്ധാത്മാവ് നമ്മിൽ തെളിച്ച പ്രകാശം, ഇരുട്ടിനെ വെളിച്ചമായി തെറ്റിദ്ധരിച്ച ലോകത്തിനുമുന്നിൽ തെളിഞ്ഞു കത്തുന്നുണ്ടോ? സ്നാപകനെ വളരെ വലിയൊരു ദൗത്യവും നൽകിയാണ് ദൈവം ലോകത്തിലേക്കയച്ചത്; എന്നാൽ, ഇന്നത്തെ ലോകത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം അതിലും വലുതാണ്. യേശുവിന്റെ പ്രബോധനങ്ങൾ അനുസരിച്ചു ജീവിച്ച് അവിടുത്തെ വചനത്തിനു സാക്ഷ്യം നൽകാനും, യേശുവിന്റെ വഴിയെ നടന്നുകൊണ്ട്അവിടുത്തെ സ്നേഹം മറ്റുള്ളവർക്ക് അനുഭവേദ്യമാക്കി കൊടുക്കാനും പരിശ്രമിക്കേണ്ടവരാണ് നമ്മൾ.
ശക്തമായ പ്രസംഗങ്ങളോ കുത്തിനോവിക്കുന്ന കുറ്റപ്പെടുത്തലുകളോ ഒന്നുമല്ല മറ്റുള്ളവരിൽ പാപബോധവും പശ്ചാത്താപവും ജനിപ്പിക്കുന്നത്. ദൈവം തന്നോട് ആവശ്യപ്പെട്ടതിൽ കൂടുതലൊന്നും സ്നാപകയോഹന്നാൻ ആരോടും പറഞ്ഞില്ല. "മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു" എന്ന വാക്കുകൾക്കു ചെവികൊടുത്തവർക്ക് പാപങ്ങൾ ഏറ്റു പറയാനുള്ള പ്രചോദനം നൽകിയത് സ്നാപകനിൽ പ്രവർത്തിച്ചിരുന്ന പരിശുദ്ധാത്മാവാണ്. മറ്റുള്ളവരെ ദൈവത്തിലേക്ക് അടുപ്പിക്കാൻ ശ്രമിക്കുന്ന വേളകളിൽ ദൈവത്തിന്റെ കൃപയാണ്, അല്ലാതെ നമ്മുടെ ശക്തിയല്ല, അവരിൽ പ്രവർത്തിക്കേണ്ടത് എന്നു നമ്മൾ മറക്കരുത്. തന്റെ എളിമയിലൂടെ ജനപദങ്ങളെ യേശുവിലേക്ക് നയിക്കുന്ന പരിശുദ്ധ അമ്മ ഇക്കാര്യത്തിൽ നമുക്ക് മാതൃകയായിരിക്കണം. രക്ഷകനും കർത്താവുമായ യേശുവിനെക്കുറിച്ചുള്ള സാക്ഷ്യം ലോകത്തിനുമുന്പിൽ ഭയംകൂടാതെ വിളിച്ചുപറയുന്നവരാകാനും, അവിടുത്തെ സത്യത്തിന്റെ സന്ദേശവാഹകരാകാനുമുള്ള കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.
കർത്താവേ, അവിടുത്തെ രാജ്യത്തിലെ സന്തോഷവും സ്വാതന്ത്ര്യവും തിരിച്ചറിഞ്ഞ് ആനന്ദിക്കാൻ എന്നിലെ അന്ധകാരമകറ്റി, പ്രകാശത്താൽ നിറയ്ക്കണമേ. അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറഞ്ഞ്, അങ്ങയുടെ സുവിശേഷത്തിനു സാക്ഷിയാകുവാനും, മറ്റുള്ളവർക്ക് അങ്ങയിലേക്കുള്ള വഴികാട്ടിയാകുവാനും എന്നെ പ്രാപ്തനാക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ