ആത്മാവിനു പകരമായി എന്തു കൊടുക്കും?
"സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?" (മർക്കോസ് 8:35 - 37) വിചിന്തനം നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം എന്താണ്? എവിടെ മുതൽ മുടക്കിയാലാണ് നമുക്ക് ഏറ്റവും അധികം ആദായം ലഭിക്കുക? നമ്മുടെ സമയവും വസ്തുവകകളും സമർത്ഥമായി നിക്ഷേപിക്കുന്നതിലൂടെ നമ്മുടെ ഭാവിജീവിതം സുഗമമാക്കണം എന്ന ചിന്ത മനുഷ്യന്റെ പൊതുവായ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ, എന്താണ് ലാഭകരം എന്ന മനുഷ്യരുടെ സങ്കല്പത്തെ ഈശോ ചോദ്യം ചെയ്യുകയാണ്. നമ്മുടെ ജീവിതം സംബന്ധിച്ച് നാമെടുക്കുന്ന ഓരോ തീരുമാനവുമാണ് ഒരു വ്യക്തി എന്ന നിലയിൽ നാമെന്തായിത്തീരുന്നു എന്നു നിർണ്ണയിക്കുന്ന പ്രധാന ഘടകം. നമ്മുടെ തീരുമാനങ്ങളെ രണ്ടുവിധത്തിൽ സ്വാധീനിക്കാൻ നമുക്ക് സാധിക്കും എന്നാണ് ഈശോ വ്യക്തമാക്കുന്നത് - ഒന്നുകിൽ നമുക്ക് ലോകത്ത...