ആത്മാവിനു പകരമായി എന്തു കൊടുക്കും?
"സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവൻ നഷ്ടപ്പെടുത്തിയാൽ അവൻ അതിനെ രക്ഷിക്കും. ഒരുവൻ ലോകം മുഴുവൻ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ അതുകൊണ്ട് അവന് എന്തു പ്രയോജനം? മനുഷ്യൻ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും?" (മർക്കോസ് 8:35 - 37)
വിചിന്തനം
നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിക്ഷേപം എന്താണ്? എവിടെ മുതൽ മുടക്കിയാലാണ് നമുക്ക് ഏറ്റവും അധികം ആദായം ലഭിക്കുക? നമ്മുടെ സമയവും വസ്തുവകകളും സമർത്ഥമായി നിക്ഷേപിക്കുന്നതിലൂടെ നമ്മുടെ ഭാവിജീവിതം സുഗമമാക്കണം എന്ന ചിന്ത മനുഷ്യന്റെ പൊതുവായ ആഗ്രഹങ്ങളിൽ ഒന്നാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ, എന്താണ് ലാഭകരം എന്ന മനുഷ്യരുടെ സങ്കല്പത്തെ ഈശോ ചോദ്യം ചെയ്യുകയാണ്. നമ്മുടെ ജീവിതം സംബന്ധിച്ച് നാമെടുക്കുന്ന ഓരോ തീരുമാനവുമാണ് ഒരു വ്യക്തി എന്ന നിലയിൽ നാമെന്തായിത്തീരുന്നു എന്നു നിർണ്ണയിക്കുന്ന പ്രധാന ഘടകം. നമ്മുടെ തീരുമാനങ്ങളെ രണ്ടുവിധത്തിൽ സ്വാധീനിക്കാൻ നമുക്ക് സാധിക്കും എന്നാണ് ഈശോ വ്യക്തമാക്കുന്നത് - ഒന്നുകിൽ നമുക്ക് ലോകത്തിൽ കാണപ്പെടുന്നതും നശ്വരവുമായ എല്ലാം വെട്ടിപ്പിടിക്കുന്നവരാകാം; അല്ലെങ്കിൽ, കാണപ്പെടാത്തതും എന്നാൽ അനശ്വരവുമായ സ്വന്തം ആത്മാവിനെ നേടുന്നവരാകാം.
സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കാത്തവരായി ആരുംതന്നെ നമ്മുടെ ഇടയിൽ ഉണ്ടാവില്ല. ദൈവം ദാനമായിതന്ന നമ്മുടെ ജീവനെ സംരക്ഷിക്കാൻ നാമെല്ലാവരും കടപ്പെട്ടവരും ആണ്. എന്നാൽ, നമ്മൾ നമ്മുടെ ജീവനെ നിലനിർത്താനും അഭിവൃദ്ധിപ്പെടുത്താനും നടത്തുന്ന ശ്രമങ്ങൾ ഒന്നും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്നവ ആകരുത് എന്നാണ് ഈശോ നമ്മോടു പറയുന്നത്. ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തിൽ അധിഷ്ഠിതമായ കടമകൾ മറന്നുകൊണ്ട്, നമ്മൾ ഈ ലോകത്തിൽ നേടുന്നതൊന്നും ഒരു നേട്ടമല്ല. കാരണം, "തന്നെത്തന്നെ വീണ്ടെടുക്കാനോ സ്വന്തം ജീവന്റെ വില ദൈവത്തിനു കൊടുക്കാനോ ആർക്കും കഴിയുകയില്ല. ജീവന്റെ വിടുതൽവില വളരെ വലുതാണ്; എത്ര ആയാലും അതു തികയുമില്ല" (സങ്കീർത്തനങ്ങൾ 49:7,8). ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധത്തിൽ നമ്മുടെ ആത്മാവിനെ നശിപ്പിക്കുന്ന പ്രവൃത്തികളിലൂടെ നമ്മൾ ഈ ലോകത്തിൽ എന്തൊക്കെ സന്പാദിച്ചുകൂട്ടിയാലും, അവയിലൂടെ എത്രയധികം സുഖങ്ങൾ അനുഭവിച്ചാലും, അവ ഒന്നും ആത്മാവിന്റെ നിത്യരക്ഷയിലൂടെ ദൈവം പ്രദാനം ചെയ്യുന്ന സൌഭാഗ്യങ്ങൾക്കു പകരം ആകുകയില്ല. ഈ തിരിച്ചറിവാണ് പൌലോസ് ശ്ലീഹായെ തനിക്കുള്ള സ്ഥാനമാനങ്ങളെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരാൻ പ്രേരിപ്പിച്ച ഘടകം. "എനിക്കു ലാഭമായിരുന്ന ഇവയെല്ലാം ക്രിസ്തുവിനെപ്രതി നഷ്ടമായി ഞാൻ കണക്കാക്കി....എന്റെ കർത്താവായ യേശുക്രിസ്തുവിനെ പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ, സർവവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു...ഇത് ക്രിസ്തുവിനെ നേടുന്നതിനും അവനോടുകൂടെ ഒന്നായി കാണപ്പെടുന്നതിനും വേണ്ടിയത്രേ" (ഫിലിപ്പി 3:7-9).
അന്യായമായി സന്പാദിക്കാനും നമുക്കുള്ളത് ആവശ്യമുള്ളവർക്ക് നൽകാതിരിക്കാനും നമ്മെ സഹായിക്കുന്നത് നമ്മിലെ സ്വാർത്ഥതയാണ്. ഈ സ്വാർത്ഥതമൂലം തന്നെയാണ് നമ്മൾ പലപ്പോഴും ദൈവം നമ്മിൽനിന്നും ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാതെ ഒഴിഞ്ഞുമാറുന്നത്; ദൈവത്തിനു നേർച്ചകാഴ്ചകൾ അർപ്പിക്കുകയും, എന്നാൽ, നമ്മെത്തന്നെ സമർപ്പിക്കാൻ മടിക്കുകയും ചെയ്യുന്നത്; ദൈവത്തിന്റെ സ്നേഹത്തെ മറ്റുള്ളവരുടെ മുന്പിൽ പാടിപ്പുകഴ്തുകയും, എന്നാൽ, സ്വന്തം ഹൃദയത്തിലേക്ക് ആ സ്നേഹം സ്വീകരിക്കാൻ വിസമ്മതിക്കുകയും ചെയ്യുന്നത്. ദൈവം എല്ലാ മനുഷ്യർക്കും നല്കിയിരിക്കുന്ന സ്വാതന്ത്ര്യം ദൈവസന്നിധിയിൽ സമർപ്പിച്ച്, സ്വന്തം ഹിതത്തിനു പകരം ദൈവഹിതം അനുവർത്തിക്കുന്നവർ ആകുന്പോൾ മാത്രമേ ദൈവത്തോടോപ്പമുള്ള നിത്യാനന്ദത്തിലേക്ക് നമുക്ക് പ്രവേശനം ലഭിക്കുന്നുള്ളൂ. ഇപ്രകാരമുള്ള സ്വയം സമർപ്പണം ഒരുതരം അടിമത്തമായി കാണുന്നവരുണ്ട്. എന്നാൽ, ദൈവഹിതത്തോടുള്ള പരിപൂർണ്ണ സമർപ്പണം ഒരിക്കലും അടിമത്തമാകുന്നില്ല. അത്, നമ്മെ ക്രിസ്തുവുമായി ഐക്യപ്പെടുത്തി, പിതാവായ ദൈവത്തിന്റെ സർവ സന്പത്തിന്റെയും കൂട്ടവകാശിയാക്കി മാറ്റുന്നു. നമുക്കുള്ളതെല്ലാം യേശുവിനായി നഷ്ടപ്പെടുത്തുന്നതിനും, അതുവഴി, നമുക്കാവശ്യമുള്ളതെല്ലാം യേശുവിലൂടെ നെടുന്നതിനുമായുള്ള കൃപക്കായി പ്രാർത്ഥിക്കാം.
എന്നെ നന്മകൊണ്ട് നിറയ്ക്കുന്ന പരിശുദ്ധാത്മാവേ, എന്നിൽ നിശ്വസിച്ച് എന്നെ വിശുദ്ധീകരിക്കണമേ; എന്റെ ഹൃദയത്തെ നിയന്ത്രിച്ച്, നല്ലതുമാത്രം സ്നേഹിക്കാൻ എന്നെ സഹായിക്കണമേ; എന്റെ ആത്മാവിനെ ശക്തിപ്പെടുത്തി, പാപസാഹചര്യങ്ങളിൽനിന്നും അകറ്റി നിർത്തണമേ. എന്നെ കാത്തുസംരക്ഷിച്ച്, ദൈവത്തിനു പ്രീതികരമായ ഒരു സജീവബലിയായി എന്റെ ജീവിതത്തെ രൂപാന്തരപ്പെടുത്തണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ