എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ
"അവനെക്കണ്ടപ്പോൾ മാതാപിതാക്കൾ വിസ്മയിച്ചു. അവന്റെ അമ്മ അവനോടു പറഞ്ഞു: മകനേ, നീ ഞങ്ങളോട് ഇങ്ങനെ ചെയ്തതെന്ത്? നിന്റെ പിതാവും ഞാനും ഉൽക്കണ്ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. അവൻ അവരോടു ചോദിച്ചു: നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിച്ചത്? ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതാണെന്ന് നിങ്ങൾ അറിയുന്നില്ലേ? അവൻ തങ്ങളോട് പറഞ്ഞതെന്തെന്നു അവർ ഗ്രഹിച്ചില്ല... അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു." (ലൂക്കാ 2:48-51b) വിചിന്തനം പരിശുദ്ധ അമ്മയെക്കുറിച്ച് ധാരാളമായി യാതൊന്നും ബൈബിളിൽ പറയുന്നില്ല. ഇക്കാരണത്താൽ ഒട്ടനവധി ക്രൈസ്തവർക്ക് തങ്ങളുടെ വ്യക്തിജീവിതത്തിലും പ്രാർത്ഥനാജീവിതത്തിലും പരിശുദ്ധ കന്യാമറിയത്തിനു അർഹതപ്പെട്ട സ്ഥാനം നൽകാൻ കഴിയാതെ പോകുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിലൂടെ സുവിശേഷകൻ ഈശോയുടെ അമ്മയുടെ ജീവിതത്തെക്കുറിച്ച് നമുക്കറിയേണ്ടതെല്ലാം വ്യക്തമാക്കിത്തരുന്നുണ്ട്. പാലസ്തീനായിലെ ഒരു സാധാരണ കർഷകകുടുംബത്തിലെ അംഗമായ മറിയത്തിനു സ്വപ്നം കാണുവാൻപോലും സാധിക്കാത്ത കൃപകളാണ് ദൈവമാതാവാകുവാനുള്ള തിരഞ്ഞെടുപ്പുവഴി ലഭിച്ചത്. ഒന്നും തന്റെ മേന്മ അല്ലെന്നും, ...