യേശുവിന്റെ വിധേയത്വം
"പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽവന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു." (ലൂക്കാ 2:51) വിചിന്തനം ഈശോയെ ജറുസലെം ദേവാലയത്തിൽ കാണാതായ സംഭവത്തിനുശേഷം പിന്നീടുള്ള അവിടുത്തെ ജീവിതം എപ്രകാരം ഉള്ളതായിരുന്നുവെന്ന് എല്ലാവരും അറിഞ്ഞിരിക്കണം എന്ന ദൈവത്തിന്റെ ആഗ്രഹമാണ്, പരിശുദ്ധാത്മാവിനാൽ പ്രചോദിതനായ സുവിശേഷകന്റെ വാക്കുകളിൽ ഇന്നു നമ്മൾ കാണുന്നത്. മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ച യേശുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ ഉറവിടം തീർച്ചയായും എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ തന്നെ ആയിരിക്കണം. യേശുവിന്റെ ഭൂമിയിലെ ജീവിതം മുഴുവൻ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ്. " എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം" (യോഹന്നാൻ 4:34). അനുസരണമെന്ന ആത്മീയഭോജനമായിരുന്നു ഭൂമിയിൽ ഈശോയുടെ ജീവൻ നിലനിർത്തിയിരുന്ന ഭക്ഷണം. ഇന്നത്തെ ലോകത്തിലും, തന്റെ ആത്മാവിനെ പരിപോഷിപ്പിച്ചുകൊണ്ട് ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ആവശ്യം ഉണ്ടായിരിക്കേണ്ട ഒരു യോഗ്യതയാണ് അനുസരണം. ...