യേശുവിന്റെ വിധേയത്വം

"പിന്നെ അവൻ അവരോടൊപ്പം പുറപ്പെട്ട് നസറത്തിൽവന്ന്, അവർക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തിൽ സംഗ്രഹിച്ചു." (ലൂക്കാ 2:51)

വിചിന്തനം
ഈശോയെ ജറുസലെം ദേവാലയത്തിൽ കാണാതായ സംഭവത്തിനുശേഷം പിന്നീടുള്ള അവിടുത്തെ ജീവിതം എപ്രകാരം ഉള്ളതായിരുന്നുവെന്ന് എല്ലാവരും അറിഞ്ഞിരിക്കണം എന്ന ദൈവത്തിന്റെ ആഗ്രഹമാണ്, പരിശുദ്ധാത്മാവിനാൽ പ്രചോദിതനായ സുവിശേഷകന്റെ വാക്കുകളിൽ ഇന്നു നമ്മൾ കാണുന്നത്. മാതാപിതാക്കൾക്ക് വിധേയനായി ജീവിച്ച യേശുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ ഉറവിടം തീർച്ചയായും എല്ലാം ഹൃദയത്തിൽ സംഗ്രഹിച്ച അമ്മ തന്നെ ആയിരിക്കണം. യേശുവിന്റെ ഭൂമിയിലെ ജീവിതം മുഴുവൻ അനുസരണത്തിന്റെയും വിധേയത്വത്തിന്റെയും ഉത്തമ ഉദാഹരണമാണ്. "എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം" (യോഹന്നാൻ 4:34). അനുസരണമെന്ന ആത്മീയഭോജനമായിരുന്നു ഭൂമിയിൽ ഈശോയുടെ ജീവൻ നിലനിർത്തിയിരുന്ന ഭക്ഷണം. ഇന്നത്തെ ലോകത്തിലും, തന്റെ ആത്മാവിനെ പരിപോഷിപ്പിച്ചുകൊണ്ട് ജീവൻ നിലനിർത്താൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ആവശ്യം ഉണ്ടായിരിക്കേണ്ട ഒരു യോഗ്യതയാണ് അനുസരണം.

ദൈവത്തിൽ വിശ്വസിച്ച്, അവിടുന്ന് നല്കിയ വെളിപാടുകൾ അനുസരിച്ചു പ്രവർത്തിച്ച വ്യക്തികളെ, ദൈവം പ്രത്യേകമായ വിധത്തിൽ അനുഗ്രഹിച്ചതിന്റെ ധാരാളം ഉദാഹരണങ്ങൾ ബൈബിളിലുടനീളം നമുക്ക് കാണുവാൻ സാധിക്കും. ദൈവത്തിന്റെ വാക്കുകൾ അനുസരിച്ച് തന്റെ പിതാക്കന്മാരുടെ ദേശം ഉപേക്ഷിച്ചു യാത്ര തിരിച്ച അബ്രാഹം മുതൽ മോശയിലൂടെയും ദാവീദിലൂടെയും പ്രവാചകന്മാരിലൂടെയും എല്ലാം പഴയനിയമം അനുസരണത്തിന്റെ ദൃഷ്ടാന്തങ്ങൾ നിരവധിയായി ചൂണ്ടിക്കാണിക്കുന്പോൾ, പുതിയ നിയമത്തിനു ആരംഭം കുറിക്കുന്നതുതന്നെ "ഇതാ കർത്താവിന്റെ ദാസി" എന്ന ഒരു കന്യകയുടെ അനുസരണം നിറഞ്ഞ വാക്കുകളിലൂടെയാണ്. സ്വന്തം ഇഷ്ടാനിഷ്ടങ്ങൾ നോക്കാതെ, വരുംവരായ്കകളുടെ കണക്കെടുപ്പിനു മുതിരാതെ, ദൈവം നല്കിയ സന്ദേശങ്ങൾ അനുസരിച്ചുമാത്രം പ്രവർത്തിച്ച വിശുദ്ധ യൌസേപ്പിതാവും അനുസരണത്തിന്റെ ഉത്തമ മാതൃക തന്നെയാണ്. 

ഈശോയുടെ നിരവധിയായ അത്ഭുതങ്ങൾ ഫലമണിയുന്നതിന്, ആ അവസരത്തിൽ അവിടെ സന്നിഹിതരായിരുന്നവരുടെ അനുസരണ എത്രമാത്രം സഹായിച്ചു എന്നതിനും ബൈബിൾ സാക്ഷ്യം നൽകുന്നുണ്ട്. ആറു കൽഭരണികളിൽ വെള്ളം കോരിനിറച്ച പരിചാരകർ (യോഹന്നാൻ 2:7) മുതൽ, പത്തു കുഷ്ഠരോഗികൾക്ക് ലഭിച്ച സൌഖ്യവും (ലൂക്കാ 17:14), സീലോഹാ കുളത്തിൽ കണ്ണുകൾ കഴുകിയ അന്ധനു ലഭിച്ച സൌഖ്യവും (യോഹന്നാൻ 9:6-8), ഒരു രാത്രി മുഴുവൻ ശ്രമിച്ചിട്ടും ഒരു മീനിനെപ്പോലും ലഭിക്കാതിരുന്ന ശിഷ്യന്മാർ വള്ളത്തിന്റെ വലതുവശത്ത് വലയിട്ടപ്പോൾ ലഭിച്ച മത്സ്യങ്ങളുടെ ആധിക്യവും (യോഹന്നാൻ 21:6) എല്ലാം അനുസരണത്തിലൂടെ ദൈവം മനുഷ്യനിലേക്ക് ചൊരിഞ്ഞ അനുഗ്രഹങ്ങളുടെ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. 

മനുഷ്യരായ നമുക്ക് പലപ്പോഴും അർത്ഥശൂന്യമായി തോന്നുന്ന ഒന്നാണ് ജീവിതത്തിലെ സഹനങ്ങൾ. എന്നാൽ, പിതാവായ ദൈവത്തിനു പരിപൂർണ്ണമായും വിധേയപ്പെട്ട്‌, പുത്രനായ ദൈവം ആ സഹനങ്ങൾ സ്വന്തം ശരീരത്തിൽ വഹിച്ചപ്പോൾ അതിലൂടെ ലോകം മുഴുവനുമുള്ള മനുഷ്യർക്ക്‌ രക്ഷ കൈവന്നു. "മരണംവരെ - അതേ കുരിശുമരണംവരെ - അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാൽ, ദൈവം അവനെ അത്യധികം ഉയർത്തി" (ഫിലിപ്പി 2:8,9) എന്ന് പൌലോസ് അപ്പസ്തോലൻ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതുപോലെ സ്നേഹത്തിൽ അധിഷ്ഠിതമായ അനുസരണത്തിലൂടെ നമ്മുടെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുന്ന മാർഗ്ഗങ്ങളാക്കി മാറ്റാൻ നമുക്കാവും. അനുസരണം അനുഗ്രഹദായകമാകുന്നതിന് സ്നേഹം അത്യാവശ്യമാണ്. ദൈവകല്പനകളോടും തിരുസഭയുടെ പ്രബോധനങ്ങളോടും സഭാധികാരികളോടുമുള്ള സ്നേഹപൂർവമായ അനുസരണത്തിലൂടെയാണ് നാമിന്ന് ദൈവത്തോടുള്ള നമ്മുടെ വിധേയത്വം ഏറ്റുപറയേണ്ടത്. 

ദൈവത്തോടുള്ള വിധേയത്വം നമ്മുടെ സ്വാതന്ത്ര്യം ഒരിക്കലും ഇല്ലാതാക്കുന്നില്ല. വളരെ ഉയരമുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ തങ്ങളുടെ ശരീരത്തെ കയറുപയോഗിച്ചു മറ്റെന്തെങ്കിലുമായി ബന്ധിപ്പിക്കുന്നത്, അടിമത്തമായി ആരും കണക്കാക്കാറില്ല. അബദ്ധത്തിൽ കാലിടറിയാൽ മരണത്തിന്റെ അഗാധതയിലേക്ക്‌ വീഴാതിരിക്കാൻ സഹായിക്കുന്ന രക്ഷയുടെ അടയാളമാണ് ശരീരത്തെ ബന്ധിച്ചിരിക്കുന്ന ആ കയർ. ഇതുപോലെത്തന്നെ, ദൈവത്തോടും ദൈവം തിരഞ്ഞെടുത്ത വ്യക്തികളോടും നിയമസംഹിതകളോടുമുള്ള വിധേയത്വം നമ്മെ പാപത്തിൽ അധപ്പതിച്ച് നിത്യമായി നശിക്കുന്നതിൽനിന്നും രക്ഷിക്കുന്നു. അഹങ്കാരവും ദുശ്ശാഠ്യവുമുപേക്ഷിച്ച്, ദൈഹഹിതത്തിനു വിധേയരായി പ്രവർത്തിച്ച്, നമ്മുടെ ജീവിതങ്ങളെ ഒരനുഗ്രഹമാക്കി മാറ്റാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

തക്കസമയത്ത് എന്നെ ഉയർത്തുന്ന അനന്തസ്നേഹസ്വരൂപനും നിത്യനുമായ ദൈവമേ, അങ്ങയുടെ ശക്തമായ കരത്തിൻകീഴിൽ താഴ്മയോടെ നില്ക്കുവാൻ, എന്നെ  എളിമയുള്ള ഒരു ഹൃദയത്തിന് ഉടമയാക്കണമേ. ദൈവവചനങ്ങൾ പാലിക്കുവാനും, അങ്ങയുടെ അഭിഷിക്തരെ ബഹുമാനിക്കുവാനും, എല്ലാക്കാര്യങ്ങളിലും അവിടുത്തെ ഹിതം മാനിക്കുവാനും, എന്റെ ഹൃദയത്തിന്റെ കാഠിന്യമകറ്റി സ്നേഹത്താൽ നിറയ്ക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്