പ്രശംസാപാത്രങ്ങളേ നിങ്ങൾക്കു ദുരിതം
"എന്നാൽ, സന്പന്നരേ, നിങ്ങൾക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരെ നിങ്ങൾക്കു ദുരിതം! നിങ്ങൾ ദുഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുന്പോൾ നിങ്ങൾക്കു ദുരിതം! അവരുടെ പിതാക്കന്മാർ വ്യാജപ്രവാചാകന്മാരോടും അങ്ങനെതന്നെ ചെയ്തു." (ലൂക്കാ 6:24-26) വിചിന്തനം പ്രതീക്ഷകൾ തകിടംമറിച്ച്, കഴിവുകൾക്കുപരിയായ വിധത്തിൽ പ്രവൃത്തികൾ ചെയ്തിരുന്നവർക്കു നൽകിയിരുന്ന പുരസ്കാരം ആയിരുന്നു ഒരുകാലത്ത് പ്രശംസകൾ. എന്നാൽ, പ്രശംസയുടെ വില മനസ്സിലാക്കിയ മനുഷ്യൻ അതിന്റെ ദുരുപയോഗംമൂലം ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധാവാനായപ്പോൾ, സ്വാർത്ഥതാല്പര്യങ്ങൾക്കായി അതിനെ ഉപയോഗിക്കാൻ തുടങ്ങി. മനസ്സുകൾ തമ്മിലുള്ള അന്തരം വർദ്ധി ക്കുന്പോഴും ദരിദ്രനും സന്പന്നനും തമ്മിലുള്ള അകലം പെരുകുന്പോഴും അവയെ എല്ലാം മറയ്ക്കാൻ നാമുപയോഗിക്കുന്ന ഒരായുധമായിമാറി പ്രശംസ. നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിർവരന്പുകൾ നമ്മെ സന്ദേഹത്തിൽ ആഴ്തുന്പോൾ തട്ടിവീഴാതെ പിടിച്ചുന...