പ്രശംസാപാത്രങ്ങളേ നിങ്ങൾക്കു ദുരിതം

"എന്നാൽ, സന്പന്നരേ, നിങ്ങൾക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങൾക്കു ലഭിച്ചുകഴിഞ്ഞു. ഇപ്പോൾ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾക്കു വിശക്കും. ഇപ്പോൾ ചിരിക്കുന്നവരെ നിങ്ങൾക്കു ദുരിതം! നിങ്ങൾ ദുഖിച്ചു കരയും. മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുന്പോൾ നിങ്ങൾക്കു ദുരിതം! അവരുടെ പിതാക്കന്മാർ വ്യാജപ്രവാചാകന്മാരോടും അങ്ങനെതന്നെ ചെയ്തു." (ലൂക്കാ 6:24-26)

വിചിന്തനം 
പ്രതീക്ഷകൾ തകിടംമറിച്ച്, കഴിവുകൾക്കുപരിയായ വിധത്തിൽ പ്രവൃത്തികൾ ചെയ്തിരുന്നവർക്കു നൽകിയിരുന്ന പുരസ്കാരം ആയിരുന്നു ഒരുകാലത്ത് പ്രശംസകൾ. എന്നാൽ, പ്രശംസയുടെ വില മനസ്സിലാക്കിയ മനുഷ്യൻ അതിന്റെ ദുരുപയോഗംമൂലം ലഭിക്കാവുന്ന നേട്ടങ്ങളെക്കുറിച്ച് ബോധാവാനായപ്പോൾ, സ്വാർത്ഥതാല്പര്യങ്ങൾക്കായി അതിനെ ഉപയോഗിക്കാൻ തുടങ്ങി. മനസ്സുകൾ തമ്മിലുള്ള അന്തരം വർദ്ധിക്കുന്പോഴും ദരിദ്രനും സന്പന്നനും തമ്മിലുള്ള അകലം പെരുകുന്പോഴും അവയെ എല്ലാം മറയ്ക്കാൻ നാമുപയോഗിക്കുന്ന ഒരായുധമായിമാറി പ്രശംസ. നന്മതിന്മകളുടെയും ശരിതെറ്റുകളുടെയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അതിർവരന്പുകൾ നമ്മെ സന്ദേഹത്തിൽ ആഴ്തുന്പോൾ തട്ടിവീഴാതെ പിടിച്ചുനിൽക്കാനുള്ള ഒരു ഊന്നുവടിയാണ്  പ്രശംസ ഇന്നത്തെ ലോകത്തിൽ. ഗുണഗണങ്ങൾ കണക്കാക്കാതെ, ആവശ്യമോ അനാവശ്യമോ എന്ന് ചിന്തിക്കാതെ, മറ്റുള്ളവരെ പ്രീണിപ്പിക്കുക എന്ന ഒരുദ്ദേശംമാത്രം മനസ്സിൽ കണ്ടുകൊണ്ട്‌ പ്രശംസകൾ കോരിച്ചൊരിയുന്നവരാണ് നാമിന്നു കണ്ടുമുട്ടുന്ന ഒട്ടനവധിപേരും. തെറ്റ് ചെയ്യുന്പോഴും അംഗീകാരം അർഹിക്കാത്തത്‌ ചെയ്യുന്പോഴും ലഭിക്കുന്ന പ്രശംസ വരുത്തിവയ്ക്കുന്ന വിനകൾ വളരെയേറെയാണ്. യാതൊരു യോഗ്യതയുമില്ല എന്നിരിക്കിലും പ്രശംസ ലഭിക്കുന്പോൾ അത് ആ വ്യക്തിയിൽ തന്റെ കഴിവുകളെക്കുറിച്ച് തെറ്റായ ഒരു ആത്മവിശ്വാസം ഉണ്ടാക്കാൻ കാരണമായേക്കാം. തെറ്റായ ഒരു പ്രവൃത്തി ചെയ്യുന്ന ഒരു വ്യക്തിക്ക് അതുമൂലം ലഭിക്കുന്ന പ്രശംസ വലിയ തെറ്റുകളിലേക്കുള്ള പ്രചോദനമായി മാറിയേക്കാം. മറ്റുള്ളവരുടെ വെറുപ്പ്‌ സന്പാദിക്കേണ്ടാ എന്ന കണക്കുകൂട്ടലുമായി ആരെയും എന്തിനും പ്രശംസിക്കുന്ന ശീലത്തിനുടമയാണോ നിങ്ങളിന്ന്? അതോ, എല്ലായ്പ്പോഴും പ്രശംസിക്കപ്പെടണം എന്നാഗ്രഹിക്കുകയും, ആരെങ്കിലും എന്തെങ്കിലും കുറ്റം ചൂണ്ടിക്കാട്ടിയാൽ അതേചൊല്ലി അവരുമായി വഴക്കടിക്കുകയും  ചെയ്യുന്ന സ്വഭാവത്തിനുടമയാണോ? 

എല്ലാവരാലും എല്ലായ്പ്പോഴും പ്രശംസിക്കപ്പെടുന്നത് ഒരു നല്ല കാര്യമായിട്ടല്ല ഈശോ ഇന്നത്തെ വചനഭാഗത്തിൽ അരുളിച്ചെയ്യുന്നത്. ഇതിനുകാരണം, ദൈവവചനം അനുസരിച്ച് ജീവിക്കുന്ന ഒരു വ്യക്തിക്ക് ഒരിക്കലും അയാളുടെ ചുറ്റുപാടിലുമുള്ള എല്ലാറ്റിനെയും എപ്പോഴും അംഗീകരിച്ച് അവയോടു യോജിച്ചുപോക്കാൻ ആവില്ല എന്നതിനാലാണ്. പ്രത്യേകിച്ചും ഇന്നത്തെ ലോകം അതിന്റെ കാര്യങ്ങൾ ക്രമപ്പെടുത്തുകയും നിയമങ്ങൾ നിർമ്മിക്കുകയും ചെയ്യുന്നത് മനുഷ്യനെ ദൈവത്തിൽ നിന്നകറ്റണം എന്ന ഒരു ലക്ഷ്യംകൂടി മുന്നിൽകണ്ടുകൊണ്ടാണ്. പരമസത്യമായ ദൈവത്തിൽ അധിഷ്ടിതമായ നിയമങ്ങളും രീതികളും പലപ്പോഴും മനുഷ്യർക്ക്‌ അസൌകര്യം സൃഷ്ടിക്കുകയും അരോചകമായി മാറുകയും ചെയ്യാറുണ്ട്. കാരണം മനുഷ്യൻ എല്ലായ്പ്പോഴും സത്യത്തിനുവേണ്ടിയല്ല നിലകൊള്ളുന്നത്. സത്യത്തെയും നന്മയുംകാൾ ഉപരിയായി വ്യക്തിഗത സുഖങ്ങളും താല്പര്യങ്ങളും സംരക്ഷിക്കുന്നതിലാണ് മനുഷ്യർക്ക്‌ താൽപര്യം. അതുകൊണ്ടുതന്നെ, ദൈവവചനമാനുസരിച്ചു ജീവിക്കാനുദ്യമിക്കുന്ന ഒരു വ്യക്തിയുടെ എല്ലാ സംസാരവും പ്രവൃത്തിയും എല്ലായ്പ്പോഴും സമൂഹത്തിന്റെ പൊതുവായ വ്യവസ്ഥകളോട് ചേർന്നുപോകണം എന്ന് നിർബന്ധമില്ല. അതുകൊണ്ടുതന്നെ ക്രിസ്തുവിന്റെ ഒരു യഥാർത്ഥ അനുയായിയുടെ ജീവിതരീതികൾ എല്ലായ്പ്പോഴും സമൂഹത്തിന്റെ പ്രശംസക്ക് പാത്രമായി ഭവിക്കുകയുമില്ല. 

തെറ്റുകളിലൂടെ സഞ്ചരിച്ച കാലങ്ങളിലോക്കെ പ്രശംസക്ക് പാത്രമായിട്ട്, ദൈവത്തിന്റെ പാതയിലൂടെ സഞ്ചരിക്കുവാൻ തീരുമാനമെടുക്കുകവഴി വിമർശനങ്ങൾക്കും നിന്ദനങ്ങൾക്കും വിധേയനായാൽ അതുമൂലം നിരാശപ്പെടരുത്‌. പാപത്തിന്റെതായ യാതൊരു കളങ്കവുമില്ലാതെ, നല്ലതുമാത്രം പറയുകയും പ്രവൃത്തിക്കുകയും ചെയ്ത മനുഷ്യപുത്രനെ കുരിശുമരണത്തിന് വിധിച്ച ലോകമാണ് നമ്മുടേത്‌. ജനം മുഴുവൻ നശിക്കാതിരിക്കാനായി ഒരുവൻ മരിക്കുന്നത് യുക്തമാണെന്നു ഉപദേശിക്കുന്ന കയ്യാഫാസ് (cf. യോഹന്നാൻ 11:50) ഇന്നലെകളിൽ മാത്രമല്ല ജീവിച്ചിരുന്നത്. യേശുവിന്റെ പ്രബോധനങ്ങൾ പിന്തുടർന്നു ജീവിക്കുന്പോൾ നേരിടേണ്ടിവരുന്ന നിന്ദനങ്ങൾ ക്ഷമയോടെ സഹിക്കുവാനും, അതുവഴിയായി പ്രതികൂലങ്ങളിലും ദൈവത്തെ മഹത്വപ്പെടുത്തുന്ന ക്രിസ്തുശിഷ്യരുടെ ഗണത്തിൽ ഭാഗഭാക്കാകാനുമുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കാരുണ്യവാനായ ദൈവമേ, എന്നെ ദ്രോഹിക്കുകയും എന്നിൽ കുറ്റമാരോപിക്കുകയും ചെയ്യുന്ന എല്ലാവരെയും എന്നിലെ കുറ്റങ്ങളോടും കുറവുകളോടും ഒപ്പം അങ്ങയുടെ സ്നേഹഹൃദയത്തിലേക്ക് സമർപ്പിക്കുന്നു. ഞങ്ങളെല്ലാവരും സ്നേഹത്തിലും ഒരുമയിലും സ്വർഗ്ഗത്തിൽ അങ്ങയോടൊത്തു നിത്യാനന്ദം അനുഭവിക്കേണ്ടതിന്, അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് ഞങ്ങളുടെ ഹൃദയങ്ങളിൽ മനസ്താപവും ജീവിതത്തിൽ പരിവർത്തനവും തന്നരുളണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!