കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം
"അനന്തരം, കർത്താവ് വേറെ എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുത്ത്, താൻ പോകാനിരുന്ന എല്ലാ പട്ടണങ്ങളിലേക്കും നാട്ടിൻപുറങ്ങളിലേക്കും ഈരണ്ടുപേരായി അവരെ തനിക്കുമുന്പേ അയച്ചു. അവൻ അവരോടു പറഞ്ഞു: കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം. അതിനാൽ കൊയ്ത്തിനു വേലക്കാരെ അയക്കാൻ കൊയ്ത്തിന്റെ നാഥനോട് നിങ്ങൾ പ്രാർത്ഥിക്കുവിൻ. പോകുവിൻ. ഇതാ, ചെന്നായ്ക്കളുടെ ഇടയിലേക്ക് കുഞ്ഞാടുകളെ എന്നപോലെ ഞാൻ നിങ്ങളെ അയക്കുന്നു. മടിശ്ശീലയോ സഞ്ചിയോ ചെരുപ്പോ നിങ്ങൾ കൊണ്ടുപോകരുത്. വഴിയിൽവച്ച് ആരെയും അഭിവാദനം ചെയ്യുകയും അരുത്. നിങ്ങൾ ഏതു വീട്ടിൽ പ്രവേശിച്ചാലും ആ വീടിനു സമാധാനം എന്ന് ആദ്യമേ ആശംസിക്കണം. സമാധാനത്തിന്റെ പുത്രൻ അവിടെയുണ്ടെങ്കിൽ നിങ്ങളുടെ സമാധാനം അവനിൽ കുടികൊള്ളും. ഇല്ലെങ്കിൽ അതു നിങ്ങളിലേക്ക് തിരിച്ചുപോരും. അവരോടൊപ്പം ഭക്ഷിക്കുകയും പാനം ചെയ്യുകയും ചെയ്തുകൊണ്ട് ആ വീട്ടിൽത്തന്നെ വസിക്കുവിൻ. വേലക്കാരൻ തന്റെ കൂലിക്ക് അർഹനാണല്ലോ. നിങ്ങൾ വീടുതോറും ചുറ്റിനടക്കരുത്. ഏതെങ്കിലും നഗരത്തിൽ നിങ്ങൾ പ്രവേശിക്കുകയും അവർ നിങ്ങളെ സ്വീകരിക്കുകയും ചെയ്യുന്പോൾ നിങ്ങൾക്ക് വിളന്പുന്നത് ഭക്ഷിക്കുവിൻ. അവിടെയുള്ള രോഗികളെ സുഖപ്പെടുത്തുവിൻ. ദൈവരാജ്യം നിങ്ങളെ സമീപിച്ചിരിക്കുന്നുവെന്നു അവരോടു പറയുകയും ചെയ്യുവിൻ. നിങ്ങൾ ഏതെങ്കിലും നഗരത്തിൽ പ്രവേശിക്കുന്പോൾ അവർ നിങ്ങളെ സ്വീകരിക്കാതിരുന്നാൽ തെരുവിലിറങ്ങിനിന്നുകൊണ്ടു പറയണം: നിങ്ങളുടെ നഗരത്തിൽനിന്ന് ഞങ്ങളുടെ കാലുകളിൽ പറ്റിയിട്ടുള്ള പൊടിപോലും നിങ്ങൾക്കെതിരേ ഞങ്ങൾ തട്ടിക്കളയുന്നു. എന്നാൽ, ദൈവരാജ്യം സമീപിച്ചിരിക്കുന്നുവെന്നു നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ. ഞാൻ നിങ്ങളോടു പറയുന്നു, ആ ദിവസം സോദോമിന്റെ സ്ഥിതി ഈ നഗരത്തിന്റെതിനേക്കാൾ സഹനീയമായിരിക്കും." (ലൂക്കാ 10:1-12)
വിചിന്തനം
യേശുവിന്റെ ജീവിതകാലത്ത് അവിടുത്തെ അനുഗമിച്ചിരുന്നവർ എന്നു കേൾക്കുന്പോൾ പലപ്പോഴും നമുക്ക് ഓർമ്മ വരുന്നത് പന്ത്രണ്ട് ശിഷ്യന്മാരെയാണ്. എന്നാൽ, അവരെക്കൂടാതെ യേശുവിനെ സ്ഥിരമായി അനുഗമിച്ചിരുന്ന വേറെ ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. തന്റെ ശുശ്രൂഷകൾ തുടർന്നുകൊണ്ടുപോകുന്നതിന് നേതൃത്വം വഹിക്കുവാനാണ് അവിടുന്ന് പന്ത്രണ്ടുപേരെ അപ്പസ്തോലർ എന്ന് നാമകരണം ചെയ്ത് തിരഞ്ഞെടുത്തത്. മൂലബിന്ദുക്കളായി നിന്നിരുന്ന അപ്പസ്തോലരെ അവരുടെ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന ഒരു അനുബന്ധ കൂട്ടായ്മയാണ് ഇന്നത്തെ വചനഭാഗത്തിൽ കാണുന്ന എഴുപത്തിരണ്ടുപേർ. തന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം എപ്രകാരമുള്ള ഒരു പ്രവർത്തനശൈലിയാണ് തന്റെ ശിഷ്യഗണത്തിൽനിന്നും താൻ ആഗ്രഹിക്കുന്നത് എന്ന് ഇതുവഴി ഈശോ വെളിപ്പെടുത്തുകയാണ്. യേശുവിന്റെ രക്ഷാകര സന്ദേശം ലോകമെങ്ങും എത്തിക്കുക എന്നത് എല്ലാ ശിഷ്യരുടെയും ചുമതലയാണ്; ചുരുക്കം ചിലർക്ക് അതിനുപരിയായി ചില ദൌത്യങ്ങൾക്കൂടി നല്കിയിരിക്കുന്നുവെന്ന് മാത്രം.
എന്നാൽ, ഇന്നത്തെ ലോകത്തിൽ ഒട്ടേറെ ക്രൈസ്തവർ ഈശോ ഏൽപ്പിച്ച ഈ ദൗത്യം ഏറ്റെടുക്കാൻ മടി കാട്ടുന്നവരാണ്. ഇതിനു ഒരു പ്രധാന കാരണം ക്രിസ്തു സ്ഥാപിച്ച സഭയെക്കുറിച്ചുള്ള അനിഷ്ടങ്ങളും തെറ്റിധാരണകളും സഭയുടെ പോരായ്മകലെക്കുറിച്ചുള്ള പരാതികളും ആണ്. തിരുസ്സഭ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒരു കാലഘട്ടം ആണിത്; സഭയിലെ ആദരണീയമായ സ്ഥാനങ്ങൾ വഹിക്കുന്ന പല വ്യക്തികളുടെയും സ്വകാര്യജീവിതത്തിലെ കാപട്യങ്ങളും തെറ്റുകളും ഉയർത്തിക്കാട്ടി സഭയുടെ മൂല്യങ്ങളെയും ആധികാരികതയെയും ചോദ്യം ചെയ്യുന്ന ഒരു വ്യവസ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. ഇത്തരത്തിലുള്ള അപകീർത്തികൾകേട്ട് മനസ്സുമടുത്ത് ക്രിസ്തുമതവിശ്വാസം ഉപേക്ഷിച്ച ഒട്ടേറെ വിശ്വാസികളും സമൂഹങ്ങളും ലോകത്തിൽ വർദ്ധിച്ചു വരികയാണ്. ഇത്തരത്തിലുള്ള പ്രതികൂല സാഹചര്യങ്ങളിൽ യേശുവിന്റെ വാക്കുകളനുസരിച്ച് അവിടുത്തെ സന്ദേശവാഹകരാകുന്നവർ പലവിധത്തിലുള്ള അവഹേളനങ്ങൾക്കും ഒറ്റപ്പെടുത്തലുകൾക്കും ഇരയാകാറുണ്ട്. സഭയിലെ അധികാരങ്ങൾ വഹിക്കുന്ന ചിലരുടെയെങ്കിലും തെറ്റായ പ്രവർത്തികൾ മൂലം സഭയെക്കുറിച്ച് ലജ്ജിക്കുന്ന ഒരു വ്യക്തിയാണോ നിങ്ങളിന്ന്?
തിരുസ്സഭയിലെ വ്യക്തികളുടെ സ്വഭാവത്തിനും പ്രവർത്തികൾക്കും അനുസൃതമായി സഭയെ വിധിക്കുക എന്നത് നാമെല്ലാവരും ആവർത്തിച്ചു ചെയ്തുപോരുന്ന ഒരു തെറ്റാണ്. എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു വൈദീകനെ ലഭിക്കുന്പോൾ സഭയെ കൂടുതൽ സ്നേഹിക്കുകയും, പാപകരമായ പ്രവർത്തികളിൽ ഉൾപ്പെട്ട വൈദീകർ മൂലം സഭയെക്കുറിച്ച് നമ്മൾ ലജ്ജിക്കുകയും ചെയ്യുന്നത് ഇതുമൂലമാണ്. എന്നാൽ, ജീവിച്ചിരിക്കുന്ന മനുഷ്യരുടെ പ്രവർത്തനങ്ങളോ വ്യക്തിമൂല്യങ്ങളോ അല്ല ക്രൈസ്തവസഭയുടെ ആകർഷണകേന്ദ്രം; അത്, എല്ലാ മനുഷ്യരുടെയും പാപങ്ങൾ സ്വന്തം ശരീരത്തിൽ ഏറ്റെടുത്ത് കുരിശിൽ മരിച്ച് ഉയിർത്തെണീറ്റ ജീവിക്കുന്ന ദൈവമായ യേശുക്രിസ്തുവാണ്. ക്രിസ്തുവിന്റെ സഭ പാപികളും ബലഹീനരുമായ ഒരുപറ്റം മനുഷ്യരുടെ ഒരു കൂട്ടായ്മയാണ്; എങ്കിലും, സഭയിലെ അംഗങ്ങളുടെ പാപങ്ങൾ സഭയെ കളങ്കപ്പെടുത്തുന്നില്ല. കാരണം, പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്താൽ തിരുസ്സഭ നിരന്തരം വിശുദ്ധീകരിക്കപ്പെട്ടു കൊണ്ടിരിക്കയാണ്. ആയതിനാൽ, സഭയിലെ അംഗങ്ങളുടെ പ്രവർത്തനങ്ങളിലൂടെ അല്ല തിരുസഭയെ വിലയിരുത്തേണ്ടത്; മറിച്ച്, നൂറു ശതമാനം ദൈവവും നൂറു ശതമാനം മനുഷ്യനുമായ യേശുക്രിസ്തുവിലൂടെ ആയിരിക്കണം.
യേശുവിനെ ഇനിയും അറിയാത്തവരിലേക്ക് സുവിശേഷം എത്തിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ക്രിസ്തീയ വിശ്വാസം ഉപേക്ഷിച്ചവരെ തിരികെ കൊണ്ടുവരിക എന്നത്. ഒരിക്കൽ വിതച്ച വചനമാകുന്ന വിത്ത് അവരിൽ വിളഞ്ഞു കിടപ്പുണ്ട്. എന്നാൽ മറഞ്ഞുകിടക്കുന്ന ആ വിളവ് കണ്ടെത്തി, അവയെല്ലാം കൊയ്തെടുത്ത്, ദൈവത്തിന്റെ അറപ്പുരയിൽ എത്തിക്കുക ക്ലേശകരമായ ജോലിയാണ്. ആ ജോലിക്ക് വിളിക്കപ്പെട്ടവരുടെ കണ്ണുകൾ തുറക്കുവാനുള്ള കൃപക്കായി വിളവിന്റെ നാഥനോട് പ്രാർത്ഥിക്കണമെന്നൊരു പ്രാർത്ഥനാസഹായം ഈശോ നാമോരോരുത്തരോടും ചോദിക്കുന്നുണ്ട്. യേശുവിന്റെ ഈ ആഹ്വാനം നമ്മുടെ അനുദിന ജീവിതത്തിലെ ഒരു പ്രാർത്ഥനാനിയോഗമാക്കാൻ നമുക്ക് കഴിയണം.
സ്നേഹപിതാവേ, നിർമ്മലഹൃദയത്തോടും പരിശുദ്ധ മനസ്സാക്ഷിയോടുംകൂടെ സഭയിൽ ശുശൂഷ ചെയ്യുവാനുള്ള കൃപ എല്ലാ തിരുസഭാംഗങ്ങൾക്കും പ്രദാനം ചെയ്യേണമേ. സഭാസേവനത്തിനു സ്വയം പ്രതിഷ്ടിക്കുവാനാഗ്രഹിക്കുന്ന തീഷ്ണതയുള്ള ധാരാളം പ്രേക്ഷിതരെ തിരുസഭയ്ക്ക് നൽകി അനുഗ്രഹിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ