കുരിശ് ഒരു അനുഗ്രഹം
"അവൻ ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ." (മർക്കോസ് 8:34) വിചിന്തനം ദൈവാനുഗ്രഹത്തിന്റെ അളവുകോലായി യഹൂദജനം കണ്ടിരുന്നത് സമൃദ്ധിയാണ്. തേനും പാലും ഒഴുകുന്ന, തങ്ങളുടെ അനുദിന ആവശ്യങ്ങൾക്ക് വേണ്ടതിലും പതിന്മടങ്ങ് പ്രദാനം ചെയ്യുന്ന കാനാൻദേശം അവരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അനുഗ്രഹമായിരുന്നു. എന്നാൽ, സദാ ദൈവത്തിന്റെ സജീവസാന്നിദ്ധ്യവും, അന്നന്നത്തെ ഭക്ഷണമായി സ്വർഗ്ഗീയ വിരുന്നായ മന്നയും ലഭിച്ചിരുന്ന മരുഭൂമി അവർക്ക് ദൈവത്തിന്റെ ശിക്ഷയായാണ് അനുഭവപ്പെട്ടത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് അഭിമാനിച്ചിരുന്ന യഹൂദർക്ക്, നന്മയായതുമാത്രം നല്കി അവരെ കാത്തുപരിപാലിക്കുന്ന ഒരു ദൈവത്തെ ആയിരുന്നില്ല വേണ്ടിയിരുന്നത്, അവരാഗ്രഹിക്കുന്ന വിധത്തിൽ അവരെ പരിപാലിക്കുന്ന ഒരു ദൈവത്തെ ആയിരുന്നു അവർക്കാവശ്യം. താൻ ചെയ്യുന്ന അത്ഭുതങ്ങളും ആസ്വദിച്ച്, അപ്പവും ഭക്ഷിച്ച്, തന്നെ പിന്തുടരുന്ന ജനക്കൂട്ടത്തോട്...