കുരിശ് ഒരു അനുഗ്രഹം

"അവൻ ശിഷ്യന്മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്ക് വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ." (മർക്കോസ് 8:34)

വിചിന്തനം 
ദൈവാനുഗ്രഹത്തിന്റെ അളവുകോലായി യഹൂദജനം കണ്ടിരുന്നത്‌ സമൃദ്ധിയാണ്. തേനും പാലും ഒഴുകുന്ന, തങ്ങളുടെ അനുദിന ആവശ്യങ്ങൾക്ക് വേണ്ടതിലും പതിന്മടങ്ങ്‌ പ്രദാനം ചെയ്യുന്ന കാനാൻദേശം അവരെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ അനുഗ്രഹമായിരുന്നു. എന്നാൽ, സദാ ദൈവത്തിന്റെ സജീവസാന്നിദ്ധ്യവും, അന്നന്നത്തെ ഭക്ഷണമായി സ്വർഗ്ഗീയ വിരുന്നായ മന്നയും ലഭിച്ചിരുന്ന മരുഭൂമി അവർക്ക് ദൈവത്തിന്റെ ശിക്ഷയായാണ് അനുഭവപ്പെട്ടത്. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവർ എന്ന് അഭിമാനിച്ചിരുന്ന യഹൂദർക്ക്, നന്മയായതുമാത്രം നല്കി അവരെ കാത്തുപരിപാലിക്കുന്ന ഒരു ദൈവത്തെ ആയിരുന്നില്ല വേണ്ടിയിരുന്നത്, അവരാഗ്രഹിക്കുന്ന വിധത്തിൽ അവരെ പരിപാലിക്കുന്ന ഒരു ദൈവത്തെ ആയിരുന്നു അവർക്കാവശ്യം. താൻ ചെയ്യുന്ന അത്ഭുതങ്ങളും ആസ്വദിച്ച്, അപ്പവും ഭക്ഷിച്ച്‌, തന്നെ പിന്തുടരുന്ന ജനക്കൂട്ടത്തോട്‌ അവർ കേൾക്കാൻ തീരെ ഇഷ്ടപ്പെടാത്ത ഒരു സുവിശേഷം പ്രസംഗിക്കുകയാണ് ഈശോ ഇന്നത്തെ വചനഭാഗത്തിലൂടെ.

സഹനത്തോടുള്ള ക്രിസ്തുമതത്തിന്റെ കാഴ്ചപ്പാട് ലോകത്തുള്ളതും ഉണ്ടായിരുന്നതുമായ മറ്റേതൊരു വിശ്വാസ കൂട്ടായ്മയിൽനിന്നും വേറിട്ടു നിൽക്കുന്ന ഒന്നാണ്. വേദനകളും പരാജയങ്ങളും ദൈവകോപത്തിന്റെ ഫലങ്ങളാണെന്നു വിശ്വസിച്ചിരുന്ന ലോകത്തിലേക്കാണ് പീഡനവും തിരസ്കരണവും ഏറ്റു വാങ്ങുന്നതിനായി, അപമാനത്തിന്റെയും ശാപത്തിന്റെയും അടയാളമായ കുരിശിനെ പുല്കുന്നതിനായി, ദൈവം മനുഷ്യന്റെ രൂപമെടുത്ത്‌ വന്നത്. പാപത്തിന്റെ കെട്ടുകളിൽനിന്ന് ലോകത്തെ മോചിപ്പിക്കുന്നതിനായി ദൈവം ചെയ്തത് സഹനത്തെ സ്വീകരിക്കുകയാണ്, വേദനകൾ ഏറ്റെടുക്കുകയാണ് - അവ ഇല്ലാതാക്കുകയല്ല. അതുവഴി ഈശോ ലോകത്തിന് സഹനങ്ങളെക്കുറിച്ച് ഒരു പുതിയ കാഴ്ചപ്പാട് നൽകുകയാണ് ചെയ്യുന്നത്.

അഹങ്കാരത്തെ ശമിപ്പിക്കാനും ദൈവാശ്രയത്തിൽ അഭിവൃദ്ധി പ്രാപിക്കാനും സഹനം സഹായിക്കുന്നു. "വെളിപാടുകളുടെ ആധിക്യത്താൽ ഞാൻ അധികം ആഹ്ലാദിക്കാതിരിക്കേണ്ടതിന് ശരീരത്തിൽ ഒരു മുള്ള് എനിക്കു നല്കപ്പെട്ടിരിക്കുന്നു" (2 കോറിന്തോസ് 12:7), എന്ന് ഇതിനെക്കുറിച്ച്‌ വി. പൌലോസ് ശ്ലീഹാ സാക്ഷ്യപ്പെടുത്തുന്നു. നമ്മൾ നേടിയതൊന്നും നമ്മുടെ കഴിവല്ല, മറിച്ച്, ദൈവകൃപ നമ്മിൽ പ്രവർത്തിക്കുന്നതുമൂലമാണ് അവയെല്ലാം നമുക്ക് ലഭിച്ചതെന്നു തിരിച്ചറിയാൻ ഏറ്റവും നല്ല അവസരം നമ്മുടെ അധ്വാനം പരാജയപ്പെടുന്ന വേളകളാണ്. നമ്മുടെ സമൃദ്ധിയും ആരോഗ്യവുമെല്ലാം പലപ്പോഴും നമ്മെ അഹങ്കാരത്തിലേക്ക് നയിക്കാറുണ്ട്, നേട്ടങ്ങളെല്ലാം നമ്മുടെ കഠിനാദ്ധ്വാനത്തിന്റെ മാത്രം ഫലമാണെന്ന് നമ്മൾ മേനി പറയാറുമുണ്ട്. എന്നാൽ, എത്ര കഠിനമായി പരിശ്രമിച്ചിട്ടും ഉദ്യമങ്ങൾ വിജയിക്കാതെ വരുന്ന അവസരങ്ങളിലും, എത്രയൊക്കെ ശ്രദ്ധിച്ചിട്ടും രോഗങ്ങളും മറ്റു പീഡകളും വിട്ടുപിരിയാതിരിക്കുന്ന അവസ്ഥകളും നമ്മെ ദൈവത്തിലേക്ക് നോക്കാൻ പ്രേരിപ്പിക്കുന്നു. ദൈവരാജ്യത്തിന്റെ വേലയാണ് ചെയ്തിരുന്നതെങ്കിലും പൌലോസ് ശ്ലീഹായ്ക്കും കൂട്ടർക്കും ഒട്ടനവധി തിരിച്ചടികൾ അനുഭവിക്കേണ്ടിവന്നു. അതിനു കാരണമായി അപ്പസ്തോലൻ വെളിപ്പെടുത്തുന്നത്, "ഞങ്ങൾ ഞങ്ങളിൽത്തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിർപ്പിക്കുന്ന ദൈവത്തിൽ ആശ്രയിക്കുന്നതിനു വേണ്ടിയായിരുന്നു" (2 കോറിന്തോസ് 1:9), എന്നാണ്.

കുരിശിന്റെ വിരോധാഭാസത്തെക്കുറിച്ച് നമുക്ക് ഏറ്റവും അധികം വ്യക്തത തരുന്നത് പൌലോസ് അപ്പസ്തോലൻ തന്നെയാണ്. "നാശത്തിലൂടെ ചരിക്കുന്നവർക്ക് കുരിശിന്റെ വചനം ഭോഷത്തമാണ്‌. രക്ഷയിലൂടെ ചരിക്കുന്ന നമുക്കോ അതു ദൈവത്തിന്റെ ശക്തിയത്രേ" (1 കോറിന്തോസ് 1:18). ലോകത്തിന്റെ ദൃഷ്ടിയിൽ കുരിശ് അപമാനവും വേദനയും മരണവുമാണ്‌. എന്നാൽ, അപ്പസ്തോലനെ സംബന്ധിച്ചിടത്തോളം അത് ക്രിസ്തുവിലുള്ള വാസമായിരുന്നു. സഹനം, അത് യേശുവിനോടൊപ്പം ആകുന്പോൾ, മരണത്തിലേക്കല്ല, നിത്യജീവനിലേക്കാണ് നയിക്കുന്നത് എന്ന ബോധ്യത്തോടെ നമ്മുടെ അനുദിന ജീവിതത്തിലെ കുരിശുമെടുത്ത് ക്രിസ്തുവിനെ അനുഗമിക്കുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, ജീവിതഭാരത്താൽ വലയുന്ന ശരീരവും തകർന്ന ആത്മാവുമായി ഞാനിതാ അങ്ങയുടെ തൃപ്പാദങ്ങളിൽ അണയുന്നു. എന്റെ ശക്തിയും ആത്മധൈര്യവും വീണ്ടെടുത്തുതന്ന് എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ സ്നേഹമാണ് എന്നെ എന്റെ കുരിശു വഹിക്കാൻ സഹായിക്കുന്നത്, അങ്ങയുടെ കരുണയാണ് എന്റെ കുരിശിന്റെ ഭാരം ലഘുകരിക്കുന്നത്. ആപത് കാലങ്ങളിൽ കൈവിടാത്ത ആശ്രയമായി എന്നോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണമേ. എല്ലാ വേദനകൾക്കും ആശ്വാസമായ അവിടുത്തെ തിരുഹൃദയത്തിൽ എനിക്കും അഭയം നൽകണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!