അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു
"അനന്തരം അവൻ ഒരു ഭവനത്തിൽ പ്രവേശിച്ചു. ജനങ്ങൾ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തൻമൂലം, ഭക്ഷണം കഴിക്കാൻപോലും അവർക്ക് കഴിഞ്ഞില്ല. അവന്റെ സ്വന്തക്കാർ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു." (മർക്കോസ് 3:20-21) വിചിന്തനം ദൈവീകകാര്യങ്ങളിൽ വ്യാപൃതനായപ്പോൾ ഈശോയ്ക്ക് മാനുഷീകമായ നിരവധി തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. യേശുവിന്റെ പ്രബോധനങ്ങളിലെ സത്യവും സ്നേഹവും തിരിച്ചറിയാൻ ശ്രമിക്കാതെ, അവിടുന്നിൽ കുറ്റം ആരോപിക്കാൻ മാത്രം ശ്രമിച്ചിരുന്ന യഹൂദ പ്രമാണികൾ ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ യേശുവിന് വളരെയധികം തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുള്ളവരാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തമായ ഒരു എതിർപ്പിനെ നേരിടേണ്ടി വരുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. മുപ്പതു വയസ്സുവരെ നസറത്ത് എന്ന ഒരു കൊച്ചു പട്ടണത്തിൽ ഒരു ചെറിയ കുടുംബത്തിന്റെ ചട്ടക്കൂടിലാണ് ഈശോ ജീവിച്ചത്. യൌസേപ്പിതാവിനെ ജോലിയിലും മാതാവിനെ വീട്ടുകാര്യങ്ങളിലും സഹായിച്ച് എല്ലാവർക്കും പ്രീതികരമായ ഒരു ജീവിതം നയിച്ചു...