അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നു
"അനന്തരം അവൻ ഒരു ഭവനത്തിൽ പ്രവേശിച്ചു. ജനങ്ങൾ വീണ്ടും വന്നുകൂടിക്കൊണ്ടിരുന്നു. തൻമൂലം, ഭക്ഷണം കഴിക്കാൻപോലും അവർക്ക് കഴിഞ്ഞില്ല. അവന്റെ സ്വന്തക്കാർ ഇതുകേട്ട്, അവനെ പിടിച്ചുകൊണ്ടുപോകാൻ പുറപ്പെട്ടു. കാരണം, അവനു സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് അവർ കേട്ടിരുന്നു." (മർക്കോസ് 3:20-21)
വിചിന്തനം
ദൈവീകകാര്യങ്ങളിൽ വ്യാപൃതനായപ്പോൾ ഈശോയ്ക്ക് മാനുഷീകമായ നിരവധി തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടതായി വന്നിട്ടുണ്ട്. യേശുവിന്റെ പ്രബോധനങ്ങളിലെ സത്യവും സ്നേഹവും തിരിച്ചറിയാൻ ശ്രമിക്കാതെ, അവിടുന്നിൽ കുറ്റം ആരോപിക്കാൻ മാത്രം ശ്രമിച്ചിരുന്ന യഹൂദ പ്രമാണികൾ ദൈവരാജ്യം പ്രഘോഷിക്കുന്നതിൽ യേശുവിന് വളരെയധികം തടസ്സങ്ങൾ ഉണ്ടാക്കിയിട്ടുള്ളവരാണ്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ തികച്ചും വ്യത്യസ്തമായ ഒരു എതിർപ്പിനെ നേരിടേണ്ടി വരുന്ന ഈശോയെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. മുപ്പതു വയസ്സുവരെ നസറത്ത് എന്ന ഒരു കൊച്ചു പട്ടണത്തിൽ ഒരു ചെറിയ കുടുംബത്തിന്റെ ചട്ടക്കൂടിലാണ് ഈശോ ജീവിച്ചത്. യൌസേപ്പിതാവിനെ ജോലിയിലും മാതാവിനെ വീട്ടുകാര്യങ്ങളിലും സഹായിച്ച് എല്ലാവർക്കും പ്രീതികരമായ ഒരു ജീവിതം നയിച്ചുവന്നിരുന്ന വ്യക്തിയായിരുന്നു ഈശോ. മാത്രവുമല്ല, യൌസേപ്പിതാവിന്റെ കാലശേഷം, ഈശോയും മാതാവും അടങ്ങുന്ന ആ ചെറിയ കുടുംബം നിത്യവൃത്തി പുലർത്തിയിരുന്നത് ഈശോയുടെ അധ്വാനഫലം കൊണ്ടായിരുന്നു. അഥവാ, യേശു എന്ന മനുഷ്യനിൽനിന്ന് ബന്ധുക്കളും സമൂഹവും പ്രതീക്ഷിച്ചവയെല്ലാം ശരിവയ്ക്കുന്ന ഒരു ജീവിതമായിരുന്നു അവിടുന്ന് നയിച്ചു പോന്നിരുന്നത്. എന്നാൽ, ഈശോയുടെ പരസ്യജീവിതത്തിന്റെ ആരംഭത്തോടെ കാര്യങ്ങളെല്ലാം മാറിമറിഞ്ഞു. സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഗ്രാമങ്ങൾതോറും സഞ്ചരിച്ച ഈശോയ്ക്ക് സുബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു അവർ കരുതി. ദൈവവിചാരം തലക്കുപിടിച്ച് കുടുംബം വിട്ടിറങ്ങിപ്പോയ നസ്രത്തിലെ ഒരു തച്ചൻ ചെറുക്കനെ നേരെയാക്കാനുള്ള സ്വന്തകാരുടെ ശ്രമമാണ് ഇന്നത്തെ വചനത്തിലൂടെ സുവിശേഷകൻ വിവരിക്കുന്നത്.
"നിങ്ങൾ ലോകമെങ്ങും പോയി, എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോസ് 16:15), എന്ന യേശുവിന്റെ വിളി എല്ലാ വിശ്വാസികൾക്കും ഒരുപോലെ ബാധകമായ ഒന്നാണ്. എന്നാൽ, ഭൂമിയിൽ ജീവൻ നിലനിർത്തുകയും വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനാൽ കുടുംബജീവിതം എന്ന വിളിയും അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. കുടുംബജീവിതം എന്ന വിളിക്ക് സമാന്തരമായി ഉള്ള ഒരു വ്യവസ്ഥയാണ് കുടുംബാങ്ങളുടെ പരിപാലനവും സംരക്ഷണവും. അഥവാ, ദൈവരാജ്യം പ്രസംഗിക്കുന്നതിനുള്ള വിളി എല്ലാവർക്കുമായി ഉള്ള ഒന്നാണെങ്കിലും, കുടുംബബന്ധങ്ങളുടെയോ മറ്റു വ്യക്തിബന്ധങ്ങളുടെയോ പരിമിതികൾക്ക് അതീതമായ സുവിശേഷവത്കരണം എല്ലാവർക്കുമുള്ള ഒരു വിളിയല്ല. നാമായിരിക്കുന്ന ജീവിത അവസ്ഥകളിൽ, നമ്മുടെ വാക്കുകളും പ്രവർത്തികളുംകൊണ്ട്, ദൈവരാജ്യത്തിന്റെ ദൂത് പ്രഘോഷിക്കുവാൻ വിളിക്കപ്പെട്ടവരാണ് നമ്മിൽ ഏറെപ്പേരും.
കേൾക്കുന്പോൾ എളുപ്പമുള്ളത് എന്നു തോന്നുമെങ്കിലും, നമ്മുടെ അനുദിന ജീവിതത്തിലെ സാധാരണ പ്രവർത്തനങ്ങളിലൂടെ സുവിശേഷം പ്രസംഗിക്കുക ക്ലേശകരമായ ഒരു കാര്യമാണ്. കാരണം, ലോകം ശരിയെന്നു കരുതുന്നതും സർവസാധാരണവുമായ നിരവധി കാര്യങ്ങളുടെ ഉപേക്ഷയ്ക്ക് ഇപ്രകാരമുള്ള ഒരു ജീവിതം നമ്മെ നിർബന്ധിക്കുന്നുണ്ട്. ജോലിസ്ഥലത്തും മറ്റു പൊതുവ്യാപാരങ്ങളിലും, മറ്റുള്ളവർക്ക് പ്രത്യക്ഷത്തിൽ ഹാനികരമല്ലാത്ത തെറ്റുകൾപോലും - കൈക്കൂലി, കൃത്യനിഷ്ഠതയില്ലായ്മ, ആത്മാർത്ഥതയോടെ ജോലി ചെയ്യാതിരിക്കുക - മറ്റുള്ളവരോടു ചേർന്ന് ചെയ്യാൻ വിസമ്മതിക്കുന്പോൾ എതിർപ്പുകൾ ഉണ്ടാകുന്നത് സ്വാഭാവികം മാത്രമാണ്. മദ്യപാനം, പുകവലി, പരദൂഷണം തുടങ്ങിയ തെറ്റായ ശീലങ്ങൾ വേണ്ടെന്നു വയ്ക്കുന്നതുമൂലം സുഹൃദ് വലയങ്ങളിൽ ഒറ്റപ്പെട്ടുപോകുന്ന അവസരങ്ങളും കുറവല്ല. നമ്മിലെ സ്വാർത്ഥത, നമ്മുടെ സുഖങ്ങൾ മാത്രം തേടാൻ നമ്മെ പ്രേരിപ്പിക്കുന്ന അവസരങ്ങളിൽ, അതിനെ എതിരിട്ടുകൊണ്ട് നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടിയും, നമ്മുടെ സഹായം ആവശ്യമുള്ള, എന്നാൽ നമുക്ക് യാതൊരു പരിചയം ഇല്ലാത്തവർക്കുവേണ്ടിയും മിതത്വത്തിന്റെയും ത്യാഗത്തിന്റെയും വഴി തിരഞ്ഞെടുക്കുന്നതും നമ്മുടെ ജീവിതംകൊണ്ട് സുവിശേഷം പ്രഘോഷിക്കുന്നതിന്റെ ഭാഗം തന്നെയാണ്. ക്രിസ്തുവിന്റെ പ്രബോധനങ്ങൾക്ക് അനുസൃതമായി ജീവിക്കുന്പോൾ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളെയും സഹിഷ്ണുതയോടെ സൌമ്യമായി നേരിടാൻ കഴിയുന്പോഴാണ് ദൈവരാജ്യത്തിന്റെ സന്ദേശം നമ്മുടെ കുടുംബാംഗങ്ങളിലേക്കും സഹപ്രവർത്തകരിലേക്കും സുഹൃത്തുക്കളിലേക്കും ഫലപ്രദമായി എത്തിക്കാൻ നമുക്കാവുന്നത്. ദൈവം നമ്മിലേക്ക് ചൊരിയുന്ന കൃപകളുപയോഗിച്ച്, നാമായിരിക്കുന്ന അവസ്ഥകളിൽ, ദൈവരാജ്യത്തിന്റെ സന്ദേശവാഹകരാകുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, എന്റെ എളിയ ജീവിതംകൊണ്ട് അങ്ങയുടെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുവാനും, അതുവഴി, മറ്റുള്ളവരെ അങ്ങയുടെ സന്നിധിയിൽ എത്തിക്കുവാനും എന്നെ പ്രാപ്തനാക്കണമേ. എതിർപ്പുകളും തിരിച്ചടികളും ഉണ്ടാകുന്ന അവസരങ്ങളെ അങ്ങയുടെ സ്നേഹവും ക്ഷമയും പ്രദർശിപ്പിക്കാനുള്ള അവസരങ്ങളാക്കി മാറ്റാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ