ഇതാ കർത്താവിന്റെ ദാസി!

"ആറാം മാസം ഗബ്രിയേൽദൂതൻ ഗലീലിയിൽ നസറത്ത് എന്ന പട്ടണത്തിൽ, ദാവീദിന്റെ വംശത്തിൽപ്പെട്ട ജോസഫ് എന്നു പേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക്, ദൈവത്താൽ അയക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു. ദൂതൻ അവളുടെ അടുത്തുവന്നു പറഞ്ഞു: ദൈവകൃപ നിറഞ്ഞവളേ! സ്വസ്തി, കർത്താവ് നിന്നോടുകൂടെ! ഈ വചനംകേട്ട് അവൾ വളരെ അസ്വസ്ഥയായി. എന്താണ് ഈ അഭിവാദനത്തിന്റെ അർത്ഥം എന്നവൾ ചിന്തിച്ചു. ദൂതൻ അവളോടു പറഞ്ഞു: മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗർഭം ധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്ന് പേരിടണം. അവൻ വലിയവൻ ആയിരിക്കും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും. അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം ദൈവമായ കർത്താവ് അവനു കൊടുക്കും. യാക്കോബിന്റെ ഭവനത്തിന്മേൽ അവൻ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല. മറിയം ദൂതനോടു പറഞ്ഞു: ഇതെങ്ങനെ സംഭവിക്കും? ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ദൂതൻ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെമേൽ വരും; അത്യുന്നതന്റെ ശക്തി നിന്റെമേൽ ആവസിക്കും. ആകയാൽ, ജനിക്കാൻ പോകുന്ന ശിശു പരിശുദ്ധൻ, ദൈവപുത്രൻ എന്നു വിളിക്കപ്പെടും. ഇതാ, നിന്റെ ചാർച്ചക്കാരി വൃദ്ധയായ എലിസബത്തും ഒരു പുത്രനെ ഗർഭം ധരിച്ചിരിക്കുന്നു. വന്ധ്യയെന്നു പറഞ്ഞിരുന്ന അവൾക്ക് ഇത് ആറാം മാസമാണ്. ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല. മറിയം പറഞ്ഞു: ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!അപ്പോൾ ദൂതൻ അവളുടെ മുന്പിൽനിന്നു മറഞ്ഞു." (ലൂക്കാ 1:26-38)

വിചിന്തനം 
മിശ്ശിഹാചരിത്രത്തിൽ മറിയത്തിനുള്ള സ്ഥാനം വലുതാണ്‌ - രക്ഷകന്റെ മാതാവാകാൻ യുഗാരംഭം മുതൽ ദൈവത്താൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടവളാണ് പരിശുദ്ധ കന്യാമറിയം. ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. സമയത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ വാഗ്ദാനം നിറവേറി, "കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും" (ഏശയ്യാ 7:14). പാപത്തിനു അടിപ്പെട്ടതുമൂലം മനുഷ്യനു ഒരിക്കലും ദൈവത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല; കാരുണ്യവാനായ ദൈവം, അതിനാൽ, മനുഷ്യനെ തേടി ഭൂമിയിലേക്കു വന്നു. പാലസ്തീനായിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു യുവതിയുടെ "ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!" എന്ന വാക്കുകളിലൂടെ സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അതിർവരന്പുകൾ തുടച്ചുനീക്കപ്പെട്ടു; വചനം മാംസമായി. ദൈവഹിതത്തിനു പൂർണ്ണമായും കീഴ് വഴങ്ങി തന്റെ വിളി ഉൾക്കൊള്ളാൻ മറിയം തയ്യാറായപ്പോഴാണ് രക്ഷാകരപദ്ധതി ഭൂമിയിൽ പ്രാവർത്തികം ആകാൻ തുടങ്ങിയത്. 

സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ലോകത്തിൽ ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മനുഷ്യന്റെ സമ്മതം ഒരവശ്യ ഘടകമാണ്. പരിശുദ്ധ അമ്മയെപ്പോലെതന്നെ നമോരോരുത്തരെയുംകുറിച്ച് ഒട്ടേറെ പദ്ധതികൾ ദൈവത്തിനുണ്ട്. അതു തിരിച്ചറിഞ്ഞ്, ആ അമ്മയെപ്പോലെ നമ്മെ മുഴുവനായും ദൈവഹിതത്തിനായി സമർപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?

ഈ ലോകത്തിൽ നാം ചെയ്യുന്നവയുടെ പ്രതിഫലനം നമ്മുടെ കണക്കു കൂട്ടലുകൾക്കും സങ്കല്പങ്ങൾക്കും അതീതമാണ്. അതുകൊണ്ടുതന്നെ, നമ്മുടെ പ്രവർത്തികളിലെ ശരിതെറ്റുകൾ ലോകത്തെ എപ്രകാരം ബാധിക്കുന്നു എന്ന് പലപ്പോഴും നമ്മൾ തിരിച്ചറിയാറില്ല. അതിനാൽ, നാമോരോരുത്തരെയും പേരെടുത്തുവിളിച്ചു സൃഷ്ടിച്ച ദൈവം നമ്മിലൂടെ ലോകത്തിൽ എന്തു ചെയ്യാൻ ആഗ്രഹിക്കുന്നു എന്നറിയാൻ നമ്മൾ പലപ്പോഴും ശ്രമിക്കാറുമില്ല. "സകല തലമുറകളും ...ഭാഗ്യവതി" എന്നു കന്യാമറിയത്തെ വിളിക്കുന്നത്‌ അവർ ദൈവഹിതത്തിനായി സ്വയം സമർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് എന്നു വ്യക്തമായി മനസ്സിലാക്കിയാൽ മാത്രമേ, ദൈവഹിതത്തിനു അനുയോജ്യമായ ജീവിതം നയിക്കാൻ മടിക്കുന്നതുമൂലം എത്രമാത്രം വലിയ സൌഭാഗ്യങ്ങളാണ് നമ്മൾ നഷ്ടപ്പെടുത്തുന്നതെന്ന് നമുക്ക് മനസ്സിലാകുകയുള്ളൂ. ദൈവം നമുക്കായി ഒരുക്കിവച്ചിരിക്കുന്ന വിളിയനുസരിച്ചു ജീവിക്കാൻ വിസമ്മതിക്കുന്നതുമൂലം സ്വർഗ്ഗീയ സൌഭാഗ്യങ്ങൾ നഷ്ടപ്പെടുത്തുക മാത്രമല്ല നമ്മൾ ചെയ്യുന്നത്, അത് പലപ്പോഴും ഒട്ടേറെ വേദനകളും അനർത്ഥങ്ങളും നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. മാത്രവുമല്ല, നമ്മുടെ നിസ്സഹകരണംമൂലം നമ്മുടെയും ലോകം മുഴുവന്റെയും നന്മക്കായുള്ള ദൈവീകപദ്ധതികളിൽ ഭംഗം ഉണ്ടാകുകയും ചെയ്യുന്നു. 

മാമ്മോദീസാ സ്വീകരിച്ച ഏതൊരു വ്യക്തിക്കും തങ്ങളുടെ ജീവിതംകൊണ്ട് ദൈവത്തെ അന്വേഷിക്കുവാനുള്ള വിളിയുണ്ട് - വിശുദ്ധിയിലേക്കുള്ള ഒരു വിളിയാണത്. മറ്റു മനുഷ്യരിൽ നിന്നും ലോകവസ്തുക്കളിൽനിന്നും അകന്നുമാറി സദാ പ്രാർത്ഥനയും ധ്യാനനിരതവുമായ ഒരു ജീവിതചര്യയിലൂടെ എല്ലാ മനുഷ്യരും വിശുദ്ധീകരിക്കപ്പെടണം എന്നതല്ല ദൈവത്തിന്റെ പദ്ധതി. നമ്മുടെ അനുദിന ജീവിതവ്യാപാരങ്ങളിലൂടെതന്നെ നാം വിശുദ്ധീകരിക്കപ്പെടണം. "നമ്മുടെ സാധാരണ ജീവിതത്തിലെ സാധാരണ സംഭവങ്ങളിലൂടെയാണ് ദൈവം നമ്മെ വിളിക്കുന്നത്‌: നമ്മൾ ദിവസേന കണ്ടുമുട്ടുന്നവരുടെ ദുഖങ്ങളിലും സന്തോഷങ്ങളിലും കൂടിയും, നമ്മോടൊപ്പം ദിവസം ചിലവഴിക്കുന്നവരുടെ പ്രതിപത്തികളിൽ കൂടിയും, നമ്മുടെ കുടുംബ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന കണ്ണികളിൽ കൂടിയും എല്ലാം ദൈവത്തിന്റെ ഈ വിളി ദിവസേന നമ്മുടെ മുന്പിൽ എത്തുന്നുണ്ട്" (St. Josemaria Escriva, Chist is Passing by). ദൈവം നമുക്ക് പകർന്നു തരുന്ന കൃപകൾ സ്വീകരിച്ച്, അത് നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകുന്നവർക്കു പകർന്നു നൽകുന്പോഴാണ് നമ്മൾ ദൈവവിളി അനുസരിച്ച് ജീവിക്കുന്നവരാകുന്നത്.

"ഇതാ കർത്താവിന്റെ ദാസി" എന്ന വാക്കുകളിലൂടെ ദൈവവിളി സ്വീകരിച്ച പരിശുദ്ധ അമ്മ അതിനു മുന്നോടിയായി യാതൊരുവിധ നിബന്ധനകളും ദൈവത്തിനുമുന്നിൽ വയ്ക്കുന്നില്ല. നമുക്കുള്ള ദൈവവിളി തിരിച്ചറിയുന്പോൾ നമ്മൾ പലപ്പോഴും ആവർത്തിച്ചു ചെയ്യുന്ന ഒരു തെറ്റാണ് നിബന്ധനകളുടെ അടിസ്ഥാനത്തിലുള്ള ദൈവവിളി സ്വീകരണം. 'ദൈവമേ, അങ്ങെനിക്ക് ഇതും ഇതും തന്നാൽ, ഞാൻ ഇനിമുതൽ അങ്ങു പറയുന്നതുപോലെ ജീവിച്ചുകൊള്ളാം' എന്ന് പരിശുദ്ധ അമ്മ പറഞ്ഞില്ല; വിവാഹിതയാകാത്ത സ്ത്രീ ഗർഭം ധരിച്ചാൽ കല്ലെറിഞ്ഞു കൊല്ലുന്ന സംസ്കാരത്തെ അവൾ ഭയന്നില്ല; ജോസഫിന്റെയോ മാതാപിതാക്കളുടെയോ പ്രതികരണത്തെക്കുറിച്ചുള്ള ചിന്ത അവളെ പിന്തിരിപ്പിച്ചില്ല. "നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ" എന്ന വാക്കുകളിലൂടെ അസാദ്ധ്യമായി ഒന്നും ഇല്ലാത്ത ദൈവത്തിന്റെ വിളിക്ക് മറിയം തന്നെത്തന്നെ സമർപ്പിച്ചു. അങ്ങിനെ  മറിയം പരിശുദ്ധ കന്യാമറിയമായി, ദൈവമാതാവായി. ഈ ആഗമനകാലത്ത് പരിശുദ്ധ അമ്മയെപ്പോലെ നമുക്കും ദൈവ വിളിക്ക് കാതോർക്കുന്നവരാകാം. നമ്മുടെ അനുദിനജീവിതത്തിലെ പ്രവൃത്തികളിലൂടെ ആ വിളിക്ക് പ്രത്യുത്തരം നൽകുന്നവരാകാം. വിശുദ്ധിയിലേക്കുള്ള വിളി സ്വീകരിച്ചു ദൈവത്തിനു ഹൃദയത്തിൽ ഇടം നൽകുന്നവരാകാം. 

സ്വർഗ്ഗീയ പിതാവേ, അങ്ങയുടെ പുത്രനും ഞങ്ങളുടെ കർത്താവുമായ യേശുക്രിസ്തുവിലൂടെ അങ്ങ് ധാരാളമായി ഞങ്ങളിലേക്ക് ചൊരിയുന്ന കൃപകളെയും കരുണയെയും പ്രതി ഞാൻ അങ്ങയോടു നന്ദി പറയുന്നു. പരിശുദ്ധ അമ്മയെപ്പോലെ ആ കൃപകളും ദാനങ്ങളും ഹൃദയത്തിൽ സ്വീകരിച്ച്, വാഗ്ദാനങ്ങളിൽ വിശ്വസ്തനായ അങ്ങയിൽ മാത്രം പ്രത്യാശവച്ച്, അങ്ങയുടെ പദ്ധതിയുടെ നടത്തിപ്പുകാരനാകാൻ എന്നെ ശക്തിപ്പെടുതണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം