ജ്ഞാനത്തിലും പ്രായത്തിലും വളർന്ന യേശു
"യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു." (ലൂക്കാ 2:52) വിചിന്തനം പന്ത്രണ്ടാം വയസ്സിൽ ജറുസലെം ദൈവാലയത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ഈശോയുടെ പിന്നീടുള്ള പതിനെട്ടു വർഷത്തെ ജീവിതത്തെക്കുറിച്ച് ബൈബിൾ നൽകുന്ന ഏക സൂചനയാണ് ഇന്നത്തെ വചനഭാഗം. ഒരേ സമയം പരിപൂർണ്ണ മനുഷ്യനും ദൈവവുമായ ഈശോ ഭൂമിയിൽ നയിച്ച ജീവിതം അതിന്റെ മുഴുവനായും മനസ്സിലാക്കുക മനുഷ്യബുദ്ധിക്ക് അതീതമായ കാര്യമാണ്. എങ്കിലും നസ്രത്തിലെ ഈശോയുടെ ജീവിതം എപ്രകാരമായിരുന്നു എന്ന് അവശ്യം ഗ്രഹിക്കാൻ വേണ്ടതെല്ലാം ഈ വചനത്തിലൂടെ പരിശുദ്ധാത്മാവ് നമുക്ക് നൽകുന്നുണ്ട്. എല്ലാ ജ്ഞാനത്തിന്റെയും ഉറവിടമാണ് ദൈവം. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ യേശുവിൽ ജ്ഞാനം അതിന്റെ സന്പൂർണ്ണതയിൽ എല്ലാക്കാലവും ഉണ്ടായിരുന്നു. ഒപ്പം, സമയത്തിന്റെ പരിധിക്ക് അതീതമായി നിലകൊള്ളുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം പ്രായം എന്ന ഒന്ന് ഇല്ലായിരുന്നുതാനും. അതിനാൽ, ജ്ഞാനത്തിലും പ്രായത്തിലും വളർന്നത് യേശുവിന്റെ മനുഷ്യസ്വഭാവമാണ്. വളർത്തുപിതാവായ ജോസഫിൽനിന്നും ആശാരിപ്പണിയും, ആത്മാർത്ഥയും സത്യസന്ധതയും അടിസ്ഥാനമാ...