സുഖപ്പെടുത്തുന്ന ദൈവം
"അവൻ ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസ്സഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവൻ തന്റെ പന്ത്രണ്ടു പേരെ അടുത്തുവിളിച്ച്, രണ്ടുപേരെവീതം അയയ്ക്കാൻ തുടങ്ങി. അശുദ്ധാത്മാക്കളുടെമേൽ അവർക്ക് അധികാരവും കൊടുത്തു. അവൻ കല്പിച്ചു: യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ - കരുതരുത്. ചെരിപ്പു ധരിക്കാം; രണ്ടു ഉടുപ്പുകൾ ധരിക്കരുത്; അവൻ തുടർന്നു: നിങ്ങൾ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ, അവിടം വിട്ടുപോകുന്നതുവരെ ആ വീട്ടിൽ താമസിക്കുവിൻ. എവിടെയെങ്കിലും ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകൾ ശ്രവിക്കാതെയിരിക്കുകയോ ചെയ്‌താൽ അവിടെനിന്നു പുറപ്പെടുന്പോൾ അവർക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. ശിഷ്യന്മാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി." (മർക്കോസ് 6:7-13) വിചിന്തനം യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ...