സുഖപ്പെടുത്തുന്ന ദൈവം
"അവൻ ഗ്രാമപ്രദേശങ്ങളിൽ ചുറ്റിസ്സഞ്ചരിച്ച് പഠിപ്പിച്ചുകൊണ്ടിരുന്നു. അവൻ തന്റെ പന്ത്രണ്ടു പേരെ അടുത്തുവിളിച്ച്, രണ്ടുപേരെവീതം അയയ്ക്കാൻ തുടങ്ങി. അശുദ്ധാത്മാക്കളുടെമേൽ അവർക്ക് അധികാരവും കൊടുത്തു. അവൻ കല്പിച്ചു: യാത്രയ്ക്ക് വടിയല്ലാതെ മറ്റൊന്നും - അപ്പമോ സഞ്ചിയോ അരപ്പട്ടയിൽ പണമോ - കരുതരുത്. ചെരിപ്പു ധരിക്കാം; രണ്ടു ഉടുപ്പുകൾ ധരിക്കരുത്; അവൻ തുടർന്നു: നിങ്ങൾ ഏതെങ്കിലും സ്ഥലത്ത് ഒരു വീട്ടിൽ പ്രവേശിച്ചാൽ, അവിടം വിട്ടുപോകുന്നതുവരെ ആ വീട്ടിൽ താമസിക്കുവിൻ. എവിടെയെങ്കിലും ജനങ്ങൾ നിങ്ങളെ സ്വീകരിക്കാതിരിക്കുകയോ നിങ്ങളുടെ വാക്കുകൾ ശ്രവിക്കാതെയിരിക്കുകയോ ചെയ്‌താൽ അവിടെനിന്നു പുറപ്പെടുന്പോൾ അവർക്കു സാക്ഷ്യത്തിനായി നിങ്ങളുടെ കാലിലെ പൊടി തട്ടിക്കളയുവിൻ. ശിഷ്യന്മാർ പുറപ്പെട്ട്, ജനങ്ങളോട് അനുതപിക്കണമെന്നു പ്രസംഗിച്ചു. അനേകം പിശാചുക്കളെ പുറത്താക്കി; അനേകം രോഗികളെ തൈലംപൂശി സുഖപ്പെടുത്തി." (മർക്കോസ് 6:7-13)
വിചിന്തനം
യേശുവിന്റെ പരസ്യജീവിതം തുടങ്ങുന്നതുവരെയുള്ള ലോകചരിത്രം സമൂഹത്തിലെ രോഗികളായവരോട് കാട്ടിയിരുന്ന സമീപനം തികച്ചും ക്രൂരമായ ഒന്നായിരുന്നു. രോഗങ്ങളുടെ കാരണമോ അതിനുള്ള പ്രതിവിധിയോ നിശ്ചയമില്ലാതിരുന്ന സമൂഹങ്ങൾ ഒട്ടുമിക്ക രോഗികൾക്കും ഭ്രഷ്ട് കല്പിച്ചിരുന്നു. സ്വന്തം വീട്ടിൽനിന്നും നാട്ടിൽനിന്നും പറിച്ചെറിയപ്പെട്ടിരുന്ന രോഗികളുടെ പിന്നീടുള്ള ജീവിതം മിക്കവാറും അവസരങ്ങളിൽ അതീവ ശോചനീയം ആയിരുന്നു. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ട് യേശുവിനെ വീക്ഷിക്കുന്പോഴാണ്, സുവിശേഷത്തിൽ ഉടനീളം യേശു രോഗികളോട് കാണിക്കുന്ന സഹാനുഭൂതിയുടെ ആഴം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. യേശുവിന്റെ പാത പിന്തുടർന്ന്, രോഗികളും നിരാലംബരുമായ മനുഷ്യരോട് കരുണ കാണിക്കാനുള്ള ക്രിസ്തുശിഷ്യരുടെ ശ്രമങ്ങളുടെ ഭാഗമാണ് നാമിന്നു കാണുന്ന ആധുനിക വൈദ്യശാസ്ത്രവും ആശുപത്രികളും ആതുരാലയങ്ങളുമെല്ലാം.
ആത്മാവിനെ പാപങ്ങളിൽനിന്നും മോചിപ്പിക്കാൻ മാത്രമല്ല, ശരീരത്തെ രോഗങ്ങളിൽനിന്നും സുഖപ്പെടുത്താനുള്ള അധികാരവും സ്വർഗ്ഗത്തിൽനിന്നും യേശുവിന് നല്കപ്പെട്ടിരുന്നു എന്ന് അവിടുന്ന് നല്കിയ നിരവധിയായ രോഗസൌഖ്യങ്ങളിൽനിന്നും വ്യക്തമാണ്. ഇന്നത്തെ വചനഭാഗത്തിൽ നമ്മൾ കാണുന്നത് യേശു തന്റെ സൗഖ്യദാന ശുശ്രൂഷയിൽ എങ്ങിനെയാണ് തന്റെ ശിഷ്യന്മാരെയും, അതുവഴി അപ്പസ്തോലിക സഭയെയും, ഭാഗഭാക്കാക്കിയത് എന്നാണ്. സുഖപ്പെടുത്തലിന്റെ കൂദാശകളിലൊന്നായ രോഗീലേപനം ശരീരത്തിലും ആത്മാവിലും സഹിക്കുന്നവർക്ക് നൽകുന്നതുവഴി തിരുസഭ ചെയ്യുന്നത് ഈശോയ്ക്ക് രോഗികളോടുണ്ടായിരുന്ന സവിശേഷ സ്നേഹം ഇന്നത്തെ ലോകത്തിനും വെളിപ്പെടുത്തി തരുകയാണ്.
ആദ്യകാലങ്ങളിൽ മരണത്തിന്റെ നിമിഷത്തിൽ എത്തിയവർക്കു മാത്രമേ രോഗീലേപനം നല്കിയിരുന്നുള്ളൂ. എന്നാൽ രണ്ടാം വത്തിക്കാൻ സൂനഹദോസിനുശേഷം, വാർധക്യത്തിൽ ആയിരിക്കുന്നവർക്കും ഗൗരവമായ രീതിയിൽ രോഗം ബാധിച്ചവർക്കും ഈ കൂദാശ നല്കാൻ തുടങ്ങി. ഈ ലേപനം സ്വീകരിച്ച രോഗി ആരോഗ്യം വീണ്ടെടുക്കുകയും പിന്നീട് ഗൌരവമുള്ള മറ്റൊരു രോഗം അയാൾക്കുണ്ടാവുകയും ചെയ്‌താൽ, ഈ കൂദാശ വീണ്ടും സ്വീകരിക്കാൻ യോഗ്യനാണ്. ഗൌരവമുള്ള ശസ്ത്രക്രിയയ്ക്കു തൊട്ടുമുന്പായി രോഗീലേപനം സ്വീകരിക്കുന്നത് സമുചിതമാണ്. (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1512 - 1515)
ഒരു വ്യക്തിയെ മാത്രമല്ല അയാളുമായി ബന്ധപ്പെട്ടിരിക്കുന്നവരെയും തീവ്രമായ അസ്വസ്ഥതകളിലേക്കും നിരാശയിലേക്കും ദൈവത്തോടുള്ള എതിർപ്പിലേക്കുമെല്ലാം നയിക്കാൻ രോഗത്തിനു കഴിയും. പൂർവീകപാപത്തിനു പകരമായും, നമ്മുടെ തന്നെ കഴിഞ്ഞകാലത്തിലെ ചില തെറ്റുകളുടെ ഫലമായും, യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും സഹിക്കേണ്ടിവരുന്ന ഒരു ദുരന്തമായുമെല്ലാം പലരും രോഗത്തെ കാണാറുണ്ട്. എന്നാൽ, മനുഷ്യൻ തന്റെ ബലഹീനതയും പരിമിതികളും അനുഭവിച്ചറിയുന്ന രോഗമെന്ന അവസ്ഥയെ ദൈവത്തിന്റെ സ്നേഹമായി കാണാൻ നമുക്ക് പലപ്പോഴും കഴിയാറില്ല. നിരർത്ഥകമെന്നു തോന്നുന്ന വേദനകളെയും തകർച്ചകളേയും കർത്താവിന്റെ കുരിശിനോടു ചേർത്തുവയ്ക്കുന്പോൾ അത് ആത്മാവിനെ വിശുദ്ധീകരിക്കുന്ന അമൂല്യ സന്പത്തായിമാറുന്നു. വേദനകളും കഷ്ടതകളും അനുഭവിക്കാതെ ദൈവത്തിന്റെ രക്ഷാകര പ്രവർത്തനത്തിൽ പങ്കാളിയാകാൻ സാധിക്കില്ല എന്നു തിരിച്ചറിഞ്ഞ വി. പൌലോസ് ശ്ലീഹാ ഇപ്രകാരം എഴുതി, "സഭയാകുന്ന തന്റെ ശരീരത്തെപ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തിൽ ഞാൻ നികത്തുന്നു" (കൊളോസോസ് 1:24).
രോഗങ്ങളും അതിന്റെ ഫലമായി ഉണ്ടാകുന്ന വേദനകളും ഒട്ടെരെപ്പേരെ ദൈവത്തിൽനിന്നും അകറ്റുന്നത് അവർക്ക് വിശ്വാസത്തിന്റെ കണ്ണിലൂടെ വേദനയിലൂടെ ലഭ്യമാകുന്ന ആത്മീയ കൃപകളുടെ മൂല്യം കാണുവാൻ സാധിക്കാത്തതുകൊണ്ടാണ്. ഒരു വ്യക്തി സർവ പ്രധാനമായ കാര്യത്തിലേക്ക് തിരിയേണ്ടതിന് ജീവിതത്തിൽ സർവ പ്രധാനമല്ലാത്തത് എന്താണെന്നുള്ള തിരിച്ചറിവ് നൽകാൻ രോഗങ്ങൾക്കാവും. ദൈവത്തിൽനിന്നും അകന്നുപോകാതെ, നമ്മുടെ വേദനകളെ സുഖപ്പെടുത്താൻ കഴിവുള്ളവനെ കൂടുതൽ തീഷ്ണതയോടെ അന്വേഷിക്കുന്നതിനും അവിടുന്നിലേക്ക് തിരിച്ചുപോകുന്നതിനും രോഗങ്ങൾ നമ്മെ വലിയൊരു പരിധിവരെ പ്രേരിപ്പിക്കുന്നുണ്ട്.
"വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും; കർത്താവ് അവനെ എഴുന്നേൽപ്പിക്കും; അവൻ പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ അവിടുന്ന് അവനു മാപ്പുനൽകും" (യാക്കോബ് 5:15). ഉത്ഥിതനായ കർത്താവിന്റെ കൃപാവരത്തിന്റെ ശക്തി വെളിപ്പെടുത്തിക്കൊണ്ട് പരിശുദ്ധാത്മാവ് ചില പ്രത്യേക അവസരങ്ങളിൽ ചില രോഗികൾക്ക് ശാരീരികമായ സൌഖ്യം നൽകാറുണ്ട്. എന്നാൽ, ഇങ്ങനെ സൌഖ്യം ലഭിച്ചവരോട് ദൈവത്തിന് എന്തെങ്കിലും പ്രത്യേക മമത ഉണ്ടെന്നോ, അതു ലഭിക്കാതിരുന്നവരുടെ പ്രാർത്ഥന ദൈവം കേട്ടില്ലെന്നോ ഒന്നും രോഗസൌഖ്യത്തിന് അർത്ഥമില്ല. ഈ കൃപ ആർക്കൊക്കെ എപ്പോഴൊക്കെ ലഭിക്കുന്നു എന്നതും അതിന്റെ കാരണങ്ങളും ദൈവത്തിന്റെ നിഗൂഡരഹസ്യങ്ങളുടെ ഒരു ഭാഗമാണ്. "നിനക്ക് എന്റെ കൃപ മതി; എന്തെന്നാൽ, ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത്" (2 കോറിന്തോസ് 12:9) എന്ന വചനത്തിലും ദൈവത്തിന്റെ അനന്തമായ സ്നേഹമാണ് നിറഞ്ഞുനിൽക്കുന്നതെന്ന് നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ വേദനകളും ദുഖങ്ങളും നമ്മെ ദൈവത്തോടു കൂടുതൽ അടുപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളാക്കണമേയെന്നു എല്ലാ രോഗങ്ങളെയും സുഖപ്പെടുത്തി നമ്മെ വേദനകളിൽനിന്നും ദുഖങ്ങളിൽനിന്നും മോചിപ്പിക്കാൻ കഴിവുള്ള ദൈവത്തോടു പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, എന്നിൽ ജീവൻ സമൃദ്ധമായി ഉണ്ടാകുന്നതിനും അങ്ങയുടെ സ്നേഹം തൊട്ടറിയുന്നതിനും പാപഗ്രസ്തമായ എന്റെ ആത്മാവിനെയും രോഗഗ്രസ്തമായ എന്റെ ശരീരത്തെയും അവിടുത്തെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വചനങ്ങൾ എല്ലാ പീഡകളിൽനിന്നും എന്നെ സുഖപ്പെടുത്തുന്ന മരുന്നും ലേപനവുമാകട്ടെ. വാക്കാലും പ്രവൃത്തിയാലും അങ്ങയെ മഹത്വപ്പെടുത്തുന്നതിനായി നിർമ്മലമായ ഒരു ഹൃദയവും ആരോഗ്യമുള്ള ഒരു ശരീരവും തന്ന് എന്നെയും ലോകത്തെ മുഴുവനെയും അനുഗ്രഹിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ