കടുകുമണിയോളം വിശ്വാസം
"അവർ ജനക്കൂട്ടത്തിന്റെ അടുത്തേക്ക് വന്നപ്പോൾ ഒരാൾ കടന്നുവന്ന് അവന്റെ സന്നിധിയിൽ പ്രണമിച്ചുകൊണ്ട് പറഞ്ഞു: കർത്താവേ, എന്റെ പുത്രനിൽ കനിയണമേ; അവൻ അപസ്മാരം പിടിപെട്ട് വല്ലാതെ കഷ്ടപ്പെടുന്നു. പലപ്പോഴും അവൻ തീയിലും വെള്ളത്തിലും വീഴുന്നു. ഞാൻ അവനെ നിന്റെ ശിഷ്യന്മാരുടെ അടുത്തു കൊണ്ടുവന്നു. പക്ഷേ, അവനെ സുഖപ്പെടുത്താൻ അവർക്ക് കഴിഞ്ഞില്ല. യേശു പ്രതിവചിച്ചു: വിശ്വാസമില്ലാത്തതും വഴിപിഴച്ചതുമായ തലമുറയേ, എത്രനാൾ ഞാൻ നിങ്ങളുടെ കൂടെയുണ്ടായിരിക്കും! എത്രനാൾ ഞാൻ നിങ്ങളോടു ക്ഷമിച്ചിരിക്കും! അവനെ ഇവിടെ എന്റെ അടുത്തു കൊണ്ടുവരിക. യേശു അവനെ ശാസിച്ചു. പിശാച് അവനെ വിട്ടുപോയി. തത്ക്ഷണം ബാലൻ സുഖം പ്രാപിച്ചു. അനന്തരം ശിഷ്യന്മാർ തനിച്ച് യേശുവിനെ സമീപിച്ചു ചോദിച്ചു: എന്തുകൊണ്ടാണ് അതിനെ ബഹിഷ്കരിക്കാൻ ഞങ്ങൾക്കു കഴിയാതെ പോയത്? യേശു പറഞ്ഞു: നിങ്ങളുടെ അല്പവിശ്വാസംകൊണ്ടുതന്നെ. സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ ഈ മലയോട്, ഇവിടെനിന്നുമാറി മറ്റൊരു സ്ഥലത്തേക്കു പോകുക, എന്ന് പറഞ്ഞാൽ അതു മാറിപ്പോകും. നിങ്ങൾക്കു യാതൊന്നും അസാധ്യമായിരിക്കുകയില്ല." (മത്തായി 17:14-21)
വിചിന്തനം
യേശു തന്റെ ശിഷ്യന്മാരെ പിശാചുക്കളെ ബഹിഷ്കരിക്കാനുള്ള അധികാരവും രോഗങ്ങൾ സുഖപ്പെടുത്താനുള്ള കൃപയും നൽകി വിവിധ ഗ്രാമങ്ങളിലേക്ക് അയക്കുന്നതായി സുവിശേഷത്തിൽ കാണുന്നുണ്ട് (cf. മത്തായി 10:5-15). അവർ സന്തോഷത്തോടെ തിരികെവന്ന്, അവർ പ്രവർത്തിച്ചവയെപ്പറ്റി യേശുവിനോട് വിവരിക്കുന്നതും പിന്നീട് നമ്മൾ കാണുന്നുണ്ട്. എന്നാൽ, ഇന്നത്തെ വചനഭാഗത്തിൽ സൌഖ്യത്തിനായി ശിഷ്യന്മാരെ സമീപിച്ച അപസ്മാരരോഗിയും പിതാവും നിരാശരാകുകയാണുണ്ടായത്. പിന്നീട് ഒറ്റയ്ക്കായിരിക്കുന്പോൾ യേശുവിനെ സമീപിച്ച് അവർ പരാജയപ്പെട്ടതെന്താണെന്നു തിരക്കിയ ശിഷ്യന്മാരോട്, അവരുടെ വിശ്വാസത്തിലെ അപാകതയാണ് ആ ബാലനെ പിടികൂടിയിരുന്ന അശുദ്ധാത്മാവിനെ ബഹിഷ്കരിക്കാൻ കഴിയാതെ പോയതിന്റെ കാരണമെന്ന് ഈശോ വ്യക്തമാക്കികൊടുക്കുന്നുണ്ട്. ഒരു കടുകുമണിയോളം വിശ്വാസം ഉണ്ടെങ്കിൽ അസാധ്യമായി അവർക്ക് യാതൊന്നും ഉണ്ടാവില്ല എന്നുകൂടി കൂട്ടിച്ചേർക്കാൻ ഈശോ മറക്കുന്നുമില്ല.
യേശുവിന്റെ ശ്രോതാക്കൾക്ക് അറിവുള്ള വിത്തുകളിൽ ഏറ്റവും ചെറിയ ഒന്നായിരിക്കണം കടുകുമണി. തീരെച്ചെറുതെങ്കിലും, ഓരോ കടുകുമണിയും വളക്കൂറുള്ള മണ്ണിൽ വിതയ്ക്കപ്പെടുന്പോൾ വളർന്നു "വലുതായി, അകാശപ്പറവകൾ വന്ന് അതിന്റെ ശിഖരങ്ങളിൽ ചേക്കേറാൻ തക്കവിധം മരമായിത്തീരുന്നു" (മത്തായി 13:32). വിശ്വാസത്തിന്റെ സ്ഥിതിയും ഇതിൽനിന്നും ഒട്ടും വിഭിന്നമല്ല. ദൈവത്തിന്റെ ദാനമാണ് വിശ്വാസം; ദൈവത്തിനുമാത്രമേ നമുക്ക് വിശ്വാസം നൽകാനും, നമ്മിൽ നിക്ഷേപിക്കപ്പെട്ടിരിക്കുന്ന വിശ്വാസത്തെ വർദ്ധിപ്പിക്കാനും സാധിക്കുകയുമുള്ളൂ. പക്ഷേ, ദൈവം നമ്മുടെ ആത്മാവിൽ വിതയ്ക്കുന്ന വിശ്വാസത്തിനു വളരാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കികൊടുക്കേണ്ട ചുമതല ഓരോ മനുഷ്യന്റേതുമാണ്. കടുകുമണിയോളമുള്ള വിശ്വാസം നമ്മിൽ വളർന്നു പന്തലിച്ച്, അസാധ്യമായി ഒന്നുമില്ലാത്തവരാകുന്നതിന് എളിമയും വിശുദ്ധിയും വിശാലതയും സ്നേഹവും നിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമകളായി നമ്മൾ മാറണം. വിശ്വാസത്തിന്റെ അഭാവം അനുഭവപ്പെടുന്ന അവസരങ്ങളിലെല്ലാം ദൈവത്തിലേക്ക് തിരിഞ്ഞ് കൂടുതൽ വിശ്വാസത്തിനായി പ്രാർത്ഥിക്കാൻ നമുക്കാവണം.
യേശുക്രിസ്തുവിലും സർവലോകത്തിനും രക്ഷ നല്കുന്ന അവിടുത്തെ സുവിശേഷത്തിലും വിശ്വസിക്കാൻ മടിക്കുന്ന ഒരവസ്ഥ നമ്മുടെയെല്ലാം സമൂഹങ്ങളിൽ ഇന്നുണ്ട്. എന്നാൽ, യേശുവിനോടൊപ്പം ജറുസലേമിലും പരിസരങ്ങളിലും ജീവിച്ചിരുന്ന മനുഷ്യരുടെ അവസ്ഥയും ഇതിൽനിന്നും ഏറെയൊന്നും വ്യത്യസ്തമല്ലായിരുന്നു എന്ന് വ്യക്തമാണ്. സർവതിനെയും പ്രകാശിപ്പിക്കുന്ന വെളിച്ചം മനുഷ്യനായി അവതരിച്ചപ്പോൾ, അത് ഹൃദയത്തിൽ സ്വീകരിച്ച് സ്വന്തം ആത്മാവിലെ അന്ധകാരം അകറ്റാൻ ആവശ്യമായ മനോഭാവം അവരിലേറെപ്പേരിലും ഇല്ലായിരുന്നു. മനുഷ്യർക്ക് അസാധ്യമായ നിരവധി അത്ഭുതങ്ങൾക്ക് ദൃക്സാക്ഷികളായിട്ടുകൂടി, യേശുവിലുള്ള വിശ്വാസത്തിന്റെ വിളനിലമാകാൻ അവർ വിസമ്മതിച്ചു. ദൈവത്തെ സ്നേഹിക്കുന്നു എന്ന നാട്യേന സ്വന്തം താൽപര്യങ്ങളിൽമാത്രം ശ്രദ്ധചെലുത്തിയിരുന്ന അവർ കണ്ടിട്ടും കാണാത്തവരും കേട്ടിട്ടും കേൾക്കാത്തവരും ആയിരുന്നു. രണ്ടായിരം വർഷങ്ങൾക്കുശേഷവും ക്രിസ്തുവിലുള്ള അവിശ്വാസത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്, അടയാളങ്ങളുടെയോ അത്ഭുതങ്ങളുടെയോ അഭാവമല്ല, നമ്മുടെ ഉദ്ദേശശുദ്ധിയിലെ പോരായ്മകളാണ്.
ഹൃദയത്തിൽ ദൈവത്തിനു പ്രഥമസ്ഥാനം നല്കാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയിലും ദൈവവിശ്വാസം വളർന്നു പന്തലിക്കുകയില്ല. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് മനസ്തപിക്കുകയും പാപസാഹചര്യങ്ങളെ വെറുത്തുപേക്ഷിക്കാൻ ആത്മാർത്ഥമായ ശ്രമം നടത്തുകയും ചെയ്യുന്ന വ്യക്തികളാണ് വിശ്വാസത്തിന്റെ വിളനിലങ്ങളായി മാറുന്നത്. നല്ല ഒരുക്കത്തോടെയും പശ്ചാത്താപത്തോടെയും നടത്തുന്ന ഒരു കുന്പസാരത്തിന്, വിശ്വാസത്തിന്റെ പുതിയ കൈവഴികൾ നമ്മുടെ ഹൃദയത്തിൽ കീറുവാൻ സാധിക്കും. വെളിച്ചത്തിന്റെ അഭാവമല്ല, നമ്മുടെ കണ്ണുകളെ മൂടിയിരിക്കുന്ന പാപത്തിന്റെ ആവരണമാണ് ദൈവത്തിന്റെ പ്രകാശം ദർശിക്കാനും അതിൽ വിശ്വസിക്കാനും നമ്മിൽ തടസ്സമായി നിൽക്കുന്നത് എന്ന തിരിച്ചറിവ് കുന്പസാരത്തിലൂടെ നമ്മൾ സ്വീകരിക്കുന്ന പാപമോചനത്തിലൂടെ നമുക്ക് ലഭിക്കുന്നു. നിസ്വാർത്ഥതയും ഉദ്ദേശശുദ്ധിയും ഉള്ള ജീവിതത്തിന്റെ ഉടമകളായി, മലകളെ മാറ്റുന്ന വിശ്വാസത്തിന്റെ സാക്ഷികൾ ആകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
എന്റെ കർത്താവേ, എന്റെ ദൈവമേ, എന്റെ അവിശ്വാസത്തെ പരിഹരിച്ച് എന്നെ സഹായിക്കണമേ. നന്മയായവ തിരഞ്ഞെടുത്ത്, അങ്ങേക്ക് പ്രീതികരമായ ഒരു ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന എന്റെ വിശ്വാസത്തിന്റെ അകകണ്ണുകളെ അങ്ങ് തുറക്കണമേ. അങ്ങയിൽ ആശ്രയിച്ചുകൊണ്ട് അങ്ങ് കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കാനും, വഴിതെറ്റിയെന്നു സംശയിക്കുന്ന വേളകളിൽ കൂടുതൽ തീഷ്ണതയോടെ അങ്ങയിൽ ആശ്രയിക്കാനും എന്നെ സഹായിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ