അന്ധകാരത്തിൽ ഉദിച്ച പ്രകാശം
"യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. അവൻ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽ ചെന്നു പാർത്തു. ഇത് ഏശയ്യാ പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാൻവേണ്ടിയാണ്: സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദ്ദാന്റെ മറുകരയിൽ, സെബുലൂണ്‍, നഫ്താലി പ്രദേശങ്ങൾ - വിജാതീയരുടെ ഗലീലി! അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ദീപ്തി ഉദയം ചെയ്തു. അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു." (മത്തായി 4:12-17) വിചിന്തനം സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. കളവിനും വഞ്ചനയ്ക്കും ആത്മാവിനെ വിട്ടുകൊടുത്ത മനുഷ്യന് പ്രകാശം അസഹനീയമായി മാറി, വേദനാ ജനകമായിത്തീർന്നു. ആത്മാവിന്റെ ഇരുളിൽ മുഖംമറച്ച്, അധമമോഹങ്ങളുടെ സാക്ഷാത്കരണത്തിനായി അവൻ തന്റെ ജീവനെ അന്ധകാരത്തിന്റെ അധിപന് അടിയറ വച്ചു. പാപാന്ധകാരത്തിൽ തപ്പിത്ത...