അന്ധകാരത്തിൽ ഉദിച്ച പ്രകാശം
"യോഹന്നാൻ ബന്ധനസ്ഥനായെന്നു കേട്ടപ്പോൾ യേശു ഗലീലിയിലേക്ക് പിൻവാങ്ങി. അവൻ നസറത്തുവിട്ടു സെബുലൂണിന്റെയും നഫ്താലിയുടെയും അതിർത്തിയിൽ, സമുദ്രതീരത്തുള്ള കഫർണാമിൽ ചെന്നു പാർത്തു. ഇത് ഏശയ്യാ പ്രവാചകൻവഴി അരുളിച്ചെയ്യപ്പെട്ടത് നിവൃത്തിയാകാൻവേണ്ടിയാണ്: സമുദ്രത്തിലേക്കുള്ള വഴിയിൽ, ജോർദ്ദാന്റെ മറുകരയിൽ, സെബുലൂണ്‍, നഫ്താലി പ്രദേശങ്ങൾ - വിജാതീയരുടെ ഗലീലി! അന്ധകാരത്തിൽ സ്ഥിതി ചെയ്തിരുന്ന ജനങ്ങൾ വലിയ പ്രകാശം കണ്ടു. മരണത്തിന്റെ മേഖലയിലും നിഴലിലും വസിച്ചിരുന്നവർക്കായി ദീപ്തി ഉദയം ചെയ്തു. അപ്പോൾ മുതൽ യേശു പ്രസംഗിക്കാൻ തുടങ്ങി: മാനസാന്തരപ്പെടുവിൻ; സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു." (മത്തായി 4:12-17)
വിചിന്തനം
സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. കളവിനും വഞ്ചനയ്ക്കും ആത്മാവിനെ വിട്ടുകൊടുത്ത മനുഷ്യന് പ്രകാശം അസഹനീയമായി മാറി, വേദനാ ജനകമായിത്തീർന്നു. ആത്മാവിന്റെ ഇരുളിൽ മുഖംമറച്ച്, അധമമോഹങ്ങളുടെ സാക്ഷാത്കരണത്തിനായി അവൻ തന്റെ ജീവനെ അന്ധകാരത്തിന്റെ അധിപന് അടിയറ വച്ചു. പാപാന്ധകാരത്തിൽ തപ്പിത്തടഞ്ഞ്, മരണത്തിന്റെ താഴ്‌വരയിലൂടെ, ലക്ഷ്യമില്ലാതെ ഉഴലുന്ന കൂട്ടം തെറ്റിയ കുഞ്ഞാടുകൾക്ക് സുരക്ഷിതമായി ലഷ്യത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്ന പ്രകാശമായാണ് ഈശോ ബെത് ലഹേമിലെ ഒരു പുൽക്കുടിലിൽ പിറന്നുവീണത്. ക്രിസ്തുവിലൂടെ ഭൂമിയിൽ ഉദയംചെയ്ത ദൈവത്തിന്റെ പ്രകാശത്തെ മറയ്ക്കാനോ ഇല്ലാതാക്കാനോ കഴിയുന്നതൊന്നും ഈ പ്രപഞ്ചത്തിലില്ല. ഇന്നത്തെ ലോകത്തിലും, എത്ര കഠിനമായ അന്ധകാരത്തിൽ സ്ഥിതി ചെയ്യുന്നവർക്കും കാണുവാൻ സാധിക്കുന്ന വിധത്തിൽ യേശുവാകുന്ന പ്രകാശം, ദൈവവചനത്തിലൂടെയും സഭയിലെ കൂദാശകളിലൂടെയും, ലോകത്തിൽ കത്തിജ്വലിക്കുന്നുണ്ട്. നമ്മിലെ അന്ധകാരത്തെയും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെയും തിരിച്ചറിഞ്ഞ്, എകരക്ഷകനായ യേശുക്രിസ്തുവിന്റെ പ്രകാശത്തിലേക്ക് കണ്ണുകൾ തുറക്കാൻ നമുക്കാവുന്നുണ്ടോ?
യേശുവിന്റെ പ്രകാശം ഹൃദയത്തിൽ സ്വീകരിക്കുന്നതിന്റെ അനന്തരഫലമായി നിരവധിയായ വ്യത്യാസങ്ങൾ ഒരു വക്തിയുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്. ജീവിതത്തിൽ അന്നുവരെ ശരിയെന്നുകരുതി ആവർത്തിച്ചു ചെയ്തിരുന്ന പല പ്രവർത്തികളിലും ഒളിഞ്ഞിരിക്കുന്ന സ്വാർത്ഥതയും പൊങ്ങച്ചവും സ്നേഹരാഹിത്യവും ദുരാശകളും വെളിപ്പെട്ടു കിട്ടുകയും, അവയെ തിരുത്താൻ പ്രേരണ ലഭിക്കുകയും ചെയ്യുന്നത് നമ്മുടെ ഹൃദയം യേശുവിന്റെ വെളിച്ചത്തിൽ പ്രകാശിച്ചു തുടങ്ങുന്പോൾ മാത്രമാണ്. ലൗകീകതയിലും ഭോഗാസക്തിയിലും മുഴുകിയ ലോകത്തിന്റെ വഴികളിൽ കിട്ടാത്ത സമാധാനവും സംതൃപ്തിയും സന്തോഷവും യേശു കാണിച്ചു തരുന്ന സ്നേഹത്തിന്റെയും സേവനത്തിന്റെയും പരിത്യാഗത്തിന്റെയും വഴികളിൽ ഉണ്ടെന്ന തിരിച്ചറിവാണ് മാനസാന്തരത്തിന്റെ ആദ്യപടി. ഈ ഒരു തിരിച്ചറിവ് ലഭിക്കുന്നതുവരെ മനുഷ്യനായി പിറന്ന ദൈവവും, ആ ദൈവത്തിന്റെ ഈ ഭൂമിയിലെ ജീവിതവും മരണവുമെല്ലാം ഉത്തരമില്ലാത്ത ഒരു കടങ്കഥയാണ്; മാനസാന്തരപ്പെട്ട് ആ വെളിച്ചത്തിലേക്ക് നോക്കുന്പോഴാകട്ടെ, ഈശോ ഉത്തരം ആവശ്യമില്ലാത്ത സനാതന സത്യവും. എന്തെന്നാൽ, "വിളിക്കപ്പെട്ടവർക്ക് - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ - ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്" (1 കോറിന്തോസ് 1:24).
മാനസാന്തരം ഒരിക്കലും ഒരു ലക്ഷ്യമല്ല, സ്വർഗ്ഗരാജ്യമെന്ന ലക്ഷത്തിലേക്കുള്ള വഴി നമുക്ക് കാണിച്ചു തരുന്ന ഒരു ചൂണ്ടുപലക മാത്രമാണ് അത്. മാനസാന്തരപ്പെട്ട് അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കുള്ള തിരിച്ചുപോക്ക് ജീവിതത്തിൽ ഒരിക്കൽമാത്രം സംഭവിക്കേണ്ടുന്ന ഒരു പ്രതിഭാസമായി തെറ്റിദ്ധരിക്കുകയും അരുത് - ഒരു ദിവസത്തിൽതന്നെ പലതവണ മാനസാന്തരം ആവശ്യമുള്ളവരാണ് നാമെല്ലാവരും. മാനസാന്തരത്തിന്റെ അരൂപി നമ്മിൽ നിലനിൽക്കുന്പോൾ മാത്രമേ നമുക്ക് നന്മയായതു തിരിച്ചറിയാനും അതനുസരിച്ച് പ്രവർത്തിക്കാനും സാധിക്കുകയുള്ളൂ. പാപത്തെക്കുറിച്ചും അതിന്റെ പരിണിത ഫലങ്ങളെക്കുറിച്ചും വ്യക്തമായ ഉൾക്കാഴ്ച നൽകി, പാപം ചെയ്യുന്നതിൽ നിന്ന് നമ്മെ തടയുന്നത് മാനസാന്തരത്തിന്റെ ഫലമായി ലഭിക്കുന്ന ദൈവീകകൃപകളാണ്. പാപത്തിൽ വീണുപോകുന്ന അവസരങ്ങളിൽ, നമ്മുടെ വീഴ്ചയെപ്പറ്റി ബോധ്യം നൽകി നമ്മെ പിടിച്ചെഴുന്നേൽപ്പിച്ച് സ്വർഗ്ഗത്തിലേക്കുള്ള യാത്ര തുടരാൻ സഹായിക്കുന്നതും മാനസാന്തരത്തിലൂടെ ലഭിക്കുന്ന ദൈവസ്നേഹത്തിന്റെ അനുഭവമാണ്. പാപവും പാപമാർഗ്ഗങ്ങളും ഉപേക്ഷിച്ച്, ദൈവീക പദ്ധതിക്ക് അനുസൃതമായി നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ നമ്മെ പ്രേരിപ്പിക്കുന്ന മാനസാന്തര കൃപക്കായി നമുക്ക് പ്രാർത്ഥിക്കാം.
കർത്താവായ യേശുവേ, അങ്ങാണെന്റെ പ്രകാശവും ജീവനും. അന്ധകാരാവൃതമായ എന്റെ ഹൃദയത്തിൽ അവിടുത്തെ തിരുവചനങ്ങൾ പ്രകാശം വീശട്ടെ. അങ്ങയോടുള്ള സ്നേഹത്താൽ ജ്വലിക്കാനും, അതുവഴി അങ്ങയുടെ സത്യത്തിലും നീതിയിലും പങ്കാളിയാകുവാനും, പാപബോധവും പശ്ചാത്താപവും തന്നെന്നെ അനുഗ്രഹിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ