ജ്ഞാനത്തിലും പ്രായത്തിലും വളർന്ന യേശു

"യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും വളർന്നുവന്നു." (ലൂക്കാ 2:52)

വിചിന്തനം 
പന്ത്രണ്ടാം വയസ്സിൽ ജറുസലെം ദൈവാലയത്തിൽ നമ്മൾ കണ്ടുമുട്ടുന്ന ഈശോയുടെ പിന്നീടുള്ള പതിനെട്ടു വർഷത്തെ ജീവിതത്തെക്കുറിച്ച് ബൈബിൾ നൽകുന്ന ഏക സൂചനയാണ് ഇന്നത്തെ വചനഭാഗം. ഒരേ സമയം പരിപൂർണ്ണ മനുഷ്യനും ദൈവവുമായ ഈശോ ഭൂമിയിൽ നയിച്ച ജീവിതം അതിന്റെ മുഴുവനായും മനസ്സിലാക്കുക മനുഷ്യബുദ്ധിക്ക് അതീതമായ കാര്യമാണ്. എങ്കിലും നസ്രത്തിലെ ഈശോയുടെ ജീവിതം എപ്രകാരമായിരുന്നു എന്ന് അവശ്യം ഗ്രഹിക്കാൻ വേണ്ടതെല്ലാം ഈ വചനത്തിലൂടെ പരിശുദ്ധാത്മാവ് നമുക്ക് നൽകുന്നുണ്ട്. 

എല്ലാ ജ്ഞാനത്തിന്റെയും ഉറവിടമാണ് ദൈവം. പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ ആളായ യേശുവിൽ ജ്ഞാനം അതിന്റെ സന്പൂർണ്ണതയിൽ എല്ലാക്കാലവും ഉണ്ടായിരുന്നു. ഒപ്പം, സമയത്തിന്റെ പരിധിക്ക് അതീതമായി നിലകൊള്ളുന്ന ദൈവത്തെ സംബന്ധിച്ചിടത്തോളം പ്രായം എന്ന ഒന്ന് ഇല്ലായിരുന്നുതാനും. അതിനാൽ, ജ്ഞാനത്തിലും പ്രായത്തിലും വളർന്നത് യേശുവിന്റെ മനുഷ്യസ്വഭാവമാണ്. വളർത്തുപിതാവായ ജോസഫിൽനിന്നും ആശാരിപ്പണിയും, ആത്മാർത്ഥയും സത്യസന്ധതയും അടിസ്ഥാനമാക്കി കഠിനാധ്വാനം ചെയ്ത് കുടുംബം പുലർത്തേണ്ടുന്നതിന്റെ ആവശ്യകതയുമെല്ലാം യേശു പഠിച്ചു. സന്തോഷവും സന്താപവും ഇടകലർന്ന മാനുഷീക ജീവിതത്തിലെ മൃദുലവികാരങ്ങളും, ഗൃഹസംബന്ധിയായ കാര്യങ്ങളും തീർച്ചയായും അമ്മയായ മറിയത്തിൽനിന്നും ആയിരിക്കണം ഈശോ സ്വായത്തമാക്കിയത്. സമപ്രായക്കാരായ യഹൂദബാലന്മാരെപ്പോലെ, ചുറ്റുമുള്ളവരുടെ സംസാരത്തിൽനിന്നും പ്രവർത്തിയിൽനിന്നും സമൂഹവുമായി ഇടപഴകേണ്ടത് എങ്ങിനെയെന്നും, ഗുരുക്കന്മാരിൽ നിന്ന് പ്രാർത്ഥനകളും നിയമങ്ങളും ഈശോ വശമാക്കി.  അഥവാ, മറ്റേതൊരു വ്യക്തിയെയും പോലെ അനുഭവസിദ്ധമായ അറിവുകളിലൂടെ പക്വതയുള്ള ഒരു വ്യക്തിത്വം രൂപപ്പെടുത്താനുള്ള ശ്രമം യേശുവും നടത്തിയിരുന്നു. ഈശോയ്ക്ക് ഈ ലോകത്തിൽനിന്നും ഒന്നും പഠിക്കേണ്ട ആവശ്യമില്ലായിരുന്നു. എങ്കിലും, ഭൂമിയിൽ ലഭ്യമായ സമയം ഉപയോഗിച്ച്, പ്രായോഗികമായി മാത്രം ലഭിക്കുന്ന ജ്ഞാനം കരസ്ഥമാക്കാൻ ഉത്സാഹിച്ച രക്ഷകനായ യേശു, പലപ്പോഴും അനാവശ്യവും അപ്രായോഗികവും അസാധ്യവും എന്നു കരുതി നമ്മൾ തള്ളിക്കളയുന്ന കാര്യങ്ങളെക്കുറിച്ച് ഒരു പുനർവിചിന്തനത്തിനു നമ്മെ പ്രേരിപ്പിക്കുന്നുണ്ട്.

പക്വത നിറഞ്ഞ ഒരു ക്രിസ്തീയ ജീവിതത്തിലേക്കുള്ള ചവിട്ടുപടികളാണ് പലപ്പോഴും നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങളും പരാജയങ്ങളും. പ്രതികൂല സാഹചര്യങ്ങളിൽ നിന്നുകൊണ്ട് ശരിയായ തീരുമാനങ്ങൾ എടുക്കുന്നതാണ് പക്വത. പക്വതയുള്ള ഒരു വ്യക്തിക്ക് ജീവിതത്തിന്റെ ഏതവസരങ്ങളിലും ക്രിസ്തീയ പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, സ്നേഹം എന്നിവ പ്രാവർത്തികമാക്കുവാൻ സാധിക്കും. ലോകം തന്നോട് എങ്ങിനെ പ്രതികരിക്കുന്നുവെന്ന് വസ്തുനിഷ്ഠമായി അവലോകനം ചെയ്യുകവഴി, തന്നിലെ ഗുണങ്ങൾ മാത്രമല്ല, പോരായ്മകളും തിരിച്ചറിയാൻ ആ വ്യക്തിക്കാവും. എല്ലാ സാഹചര്യങ്ങളോടും ഒത്തുപോകുന്നതിനുള്ള സഹിഷ്ണുതയും ക്ഷമയും പ്രകടിപ്പിക്കുന്നതുമൂലം, പ്രശ്നങ്ങളിൽനിന്നും ഒളിച്ചോടാതെ അവയെ നേരിടാനും പക്വത സഹായിക്കുന്നു. 

പ്രതികൂലസാഹചര്യങ്ങളെ പഴിക്കുകയും, അതിന്റെ കാരണം മറ്റാരുടെയെങ്കിലുംമേൽ ചുമത്താൻ അതീവ ജാഗ്രത കാട്ടുകയും, മാറുന്ന സാഹചര്യമനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്താതെ പിടിവാശി കാട്ടുകയും, സദാ പരിഭവം പറഞ്ഞ് മറ്റുള്ളവരുടെ സഹാനുഭൂതി പിടിച്ചുപറ്റാൻ ശ്രമിക്കുകയുമെല്ലാം നമ്മിലെ അപക്വതയുടെ പ്രകടമായ ലക്ഷണങ്ങളാണ്. നമ്മെ പാപത്തിലേക്ക് നയിക്കുന്ന ഒട്ടേറെ ബലഹീനതകൾ അപക്വമായ ഒരു ജീവിതശൈലിയുടെ ഭാഗമായി നമ്മിൽ രൂപപ്പെടുന്നുണ്ട്. ദൈവം നമ്മിലേക്ക് ചൊരിയുന്ന നിരവധിയായ കൃപകൾ നമ്മുടെ ജീവിതത്തിൽ ഫലമണിയുന്നതിനായി പക്വതയോടെ അവ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. വിശന്നും വിയർത്തും, ചിരിച്ചും കരഞ്ഞും, കളിച്ചും പഠിച്ചും നസറത്തിലെ ഒരു ചെറിയ വീട്ടിൽ, സർവമഹത്വത്തിന്റെയും ഉടയവനും സർവവും സൃഷ്ടിച്ചവന്റെ എകജാതനും ദൈവവുമായ ഈശോ ചിലവഴിച്ച നിരവധിയായ വർഷങ്ങളെപ്പറ്റി ധ്യാനിച്ചുകൊണ്ട്, നമ്മുടെ ജീവിതത്തിലെ വിരസവും അപ്രധാനവുമായ അനുഭവങ്ങളെ, നമ്മെ ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും കൂടുതൽ അടുപ്പിക്കുന്ന അവസരങ്ങളാക്കി മാറ്റുന്നതിനുള്ള കൃപക്കായി പ്രാർത്ഥിക്കാം.

എല്ലാ ജ്ഞാനത്തിന്റെയും ഉടയവനായിരുന്നിട്ടും, മനുഷ്യജീവിതത്തെ പ്രായോഗികമായി മനസ്സിലാക്കുവാൻ, എളിയ സാഹചര്യങ്ങളിൽ ഒതുങ്ങിജീവിച്ച കർത്താവായ യേശുവേ, അലസതയും അശ്രദ്ധയുംമൂലം പാഴാക്കിക്കളഞ്ഞ വിലപ്പെട്ട നിമിഷങ്ങളെയോർത്ത് ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. തിരിച്ചടികളിൽ തളരാതെ, എല്ലാ സാഹചര്യങ്ങളിലും അങ്ങയുടെ കൃപകൾ ലോകത്തിൽ ദൃശ്യമാക്കുന്ന ഒരു ജീവിതശൈലിക്ക് ഉടമയാക്കി എന്നെ മാറ്റേണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്