യഥാർത്ഥമായ ഉപവാസം

"നിങ്ങൾ ഉപവസിക്കുന്പോൾ കപടനാട്യക്കരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങൾ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാൻവേണ്ടി അവർ മുഖം വികൃതമാക്കുന്നു. സത്യമായി ഞാൻ നിങ്ങളോട് പറയുന്നു: അവർക്ക് പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാൽ നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സിൽ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങൾ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നൽകും. (മത്തായി 6:16-18)

വിചിന്തനം 
പാപങ്ങൾ ചെയ്ത് ദൈവത്തിൽ നിന്നകന്നുപോയി എന്ന ബോധ്യം ലഭിച്ച അവസരങ്ങളിലൊക്കെ ഇസ്രായേൽജനം ഉപവാസത്തിലൂടെയായിരുന്നു പാപങ്ങൾക്ക്‌ പ്രായശ്ചിത്തം ചെയ്തിരുന്നത്. വസ്ത്രംകീറി ചാരം പൂശി ചാക്കുടുത്ത് അവർ പാപപ്പൊറുതിക്കായി പ്രാർത്ഥിച്ചിരുന്നു. കാലക്രമേണ ദൈവത്തിന്റെ കരുണയെ ദുരുപയോഗം ചെയ്യുന്ന ഒരു പ്രഹസനമായി ഉപവാസം മാറി. ദൈവകൃപയിലേക്ക് തിരികെ വരാനുള്ള ഒരവസരമായി ഉപവാസത്തെ കണ്ടിരുന്ന അവസ്ഥയിൽനിന്നും മാറി, തന്റെ പാപം കണ്ടുപിടിക്കപ്പെട്ടു എന്നുവരുന്പോൾ മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടാനുള്ള ഒരുപാധിയായി അത് മാറി. എന്നാൽ പുറംമോടികൾ കണ്ടു മയങ്ങുന്നവനല്ല ദൈവം, തന്റെ ഇഷ്ടജനത്തിന്റെ കാപട്യം കണ്ട് വേദനയോടെ അവിടുന്ന് പ്രവാചകനിലൂടെ അരുളിച്ചെയ്തു: "ഉപവാസത്തോടും വിലാപത്തോടും നെടുവീർപ്പോടുംകൂടെ നിങ്ങൾ പൂർണ്ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിൻ. നിങ്ങളുടെ ഹൃദയമാണ് വസ്ത്രമല്ല കീറേണ്ടത്" (ജോയേൽ 2:12,13). ചെയ്തുപോയ പാപങ്ങളെപ്പറ്റി പശ്ചാത്തപിച്ച്‌ നുറുങ്ങിയ ഹൃദയവുമായി ദൈവത്തെ സമീപിക്കാൻ നമുക്കാവുന്നുണ്ടോ? അതോ, നമ്മുടെ ഉപവാസങ്ങളും മറ്റു പരിഹാരപ്രവർത്തികളും കേവലം ഒരു പ്രഹസനം മാത്രമായി മാറാറുണ്ടോ?

എന്താണ് ഉപവാസത്തിലൂടെ ദൈവം ആഗ്രഹിക്കുന്നത്? ഏശയ്യാ പ്രവാചകനിലൂടെ ഇതിനുള്ള വ്യക്തമായ ഉത്തരം ദൈവത്തിന്റെ ആത്മാവ് നമുക്ക് നൽകുന്നുണ്ട്. തങ്ങളുടെ പാപങ്ങൾ ഉപേക്ഷിക്കാൻ വിസമ്മതിച്ചിരുന്ന അവസരങ്ങളിലും ഇസ്രായേൽ ജനം ഉപവസിക്കാൻ സമയം കണ്ടെത്തിയിരുന്നു. ഒരു ദിവസത്തേക്ക് സ്വയം എളിമപ്പെടുത്തി, ഞാങ്ങണ പോലെ തലകുനിച്ച്, ചാക്കു വിരിച്ച്, ചാരം പൂശി കിടന്നാൽ ദൈവത്തെ പ്രസാദിപ്പിച്ച് വേണ്ട കാര്യങ്ങളെല്ലാം നേടിയെടുക്കാം എന്ന ചിന്താഗതി ആയിരുന്നു ഒട്ടേറെപ്പേരെ ഉപവസിക്കുവാൻ പ്രേരിപ്പിച്ചത്. ഇങ്ങനെ ഉപവസിക്കുന്പോൾ, തങ്ങൾ ഉപവസിക്കുകയാണ് എന്ന് എല്ലാവരും അറിയണം എന്നവർ ആഗ്രഹിച്ചിരുന്നു. അതിനായി ഉപവാസത്തോടനുബന്ധമായി അവർ ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെന്ന് മറ്റുള്ളവർക്ക് തോന്നക്കത്ത രീതിയിൽ  അന്നേദിവസം പെരുമാറുകയും ചെയ്തിരുന്നു. പലപ്പോഴും ഉപവാസത്തിന്റെ അലോരസം അകറ്റാൻ അവർ വേലക്കാരെ പീഡിപ്പിക്കുകയും മറ്റുള്ളവരുമായി കലഹിക്കുകയും ചെയ്തിരുന്നു. എന്നാൽ, "ദുഷ്ടതയുടെകെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദ്ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭാവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽനിന്നു ഒഴിഞ്ഞുമാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്" (ഏശയ്യാ 58:6,7). ഉപവാസത്തെ കേവലം ഒരു ശാരീരികപ്രവൃത്തി മാത്രമായാണോ നാമിന്നു കാണുന്നത്? അതോ ഉപവാസത്തിലൂടെ നമ്മുടെ ആത്മാവിനെ സുഖപ്പെടുത്താൻ കഴിവുള്ള ദൈവാരൂപിയെ സ്വീകരിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ? നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കാനും, നമുക്ക് ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനുമുള്ള ഒരവസരമായി ഉപവാസത്തെയും മറ്റു പരിഹാര പ്രവർത്തികളെയും മാറ്റാൻ നമുക്കാവണം. 

ഉപവസിക്കുക എന്നാൽ കൂടെ വസിക്കുക എന്നാണർത്ഥം, ഉപവസിക്കുന്നവർ ആ സമയം ദൈവത്തോടുകൂടി ആയിരിക്കണം വസിക്കേണ്ടത്. ദൈവം കൂടെയുണ്ടെങ്കിൽ, നമ്മുടെ ആവശ്യനേരത്തു നാം നിലവിളിക്കുന്പോൾ അവിടുന്ന് നമ്മുടെ മുൻപിൽ നടന്നു എല്ലാം ക്രമീകരിക്കും; നമ്മുടെ പിന്നിൽ നടന്നു നമ്മെ സംരക്ഷിക്കും; നമ്മുടെ ഇരുണ്ട വേളകൾ മദ്ധ്യാഹ്നം പോലെയാകും; മരുഭൂമിയിലും നമുക്ക് സമൃദ്ധി ഉണ്ടാകും; നമ്മൾ നനച്ചു വളർത്തിയ പൂന്തോട്ടം പോലെയും ഒരിക്കലും വറ്റാത്ത ഉറവ പോലെയും ആകും (cf. ഏശയ്യാ 58:8-11).

സ്നേഹപിതാവേ, പരമാർത്ഥഹൃദയത്തോടെ അങ്ങയെ സ്തുതിക്കുവാനും ആരാധിക്കുവാനും മഹത്വപ്പെടുത്തുവാനുമായി എന്റെ പാപങ്ങൾ പൊറുത്ത് എന്റെ മുറിവുകളെ ഉണക്കണമേ. വിശുദ്ധിയിൽ നിലനിന്നുകൊണ്ട് അങ്ങയോടൊപ്പം വസിക്കുവാൻ, എന്റെ ബലഹീനതകളിൽ അങ്ങെനിക്കു ശക്തിയായിരിക്കേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്