തളർച്ചയിൽ ആശ്വാസം

"അപ്പസ്തോലന്മാർ യേശുവിന്റെ അടുത്ത് ഒരുമിച്ചുകൂടി, തങ്ങൾ ചെയ്തതും പഠിപ്പിച്ചതും അറിയിച്ചു. അനേകം ആളുകൾ അവിടെ വരുകയും പോവുകയും ചെയ്‌തിരുന്നു. ഭക്ഷണം കഴിക്കാൻ പോലും അവർക്ക് ഒഴിവു കിട്ടിയിരുന്നില്ല. അതിനാൽ അവൻ പറഞ്ഞു: നിങ്ങൾ ഒരു വിജനസ്ഥലത്തേക്ക് വരുവിൻ; അല്പം വിശ്രമിക്കാം. അവർ വഞ്ചിയിൽക്കയറി ഒരു വിജനസ്ഥലത്തേക്ക് പോയി. പലരും അവരെ കാണുകയും തിരിച്ചറിയുകയും ചെയ്തു. എല്ലാ പട്ടണങ്ങളിലുംനിന്ന് ജനങ്ങൾ കരവഴി ഓടി അവർക്കുമുന്പേ അവിടെയെത്തി. അവൻ കരയ്ക്കിറങ്ങിയപ്പോൾ വലിയ ഒരു ജനക്കൂട്ടത്തെ കണ്ടു. അവരോട് അവനു അനുകന്പ തോന്നി. കാരണം, അവർ ഇടയനില്ലാത്ത ആട്ടിൻപറ്റംപോലെ ആയിരുന്നു. അവൻ അവരെ പല കാര്യങ്ങളും പഠിപ്പിക്കാൻ തുടങ്ങി." (മർക്കോസ് 6:30-34)

വിചിന്തനം
ജോലിചെയ്തു ക്ഷീണിച്ച മനുഷ്യന്റെ അവസ്ഥയെപ്പറ്റി ദൈവത്തിനു നല്ല ബോധ്യമുണ്ട്. കാരണം, പാപമൊഴികെ മറ്റെല്ലാംകൊണ്ടും മനുഷ്യനായി ജീവിച്ച ഈശോ തന്റെ ജീവിതത്തിൽ പല അവസരങ്ങളിലും അദ്ധ്വാനത്താൽ തളർന്നിരുന്നതായി സുവിശേഷത്തിൽ പലയിടത്തും നമ്മൾ കാണുന്നുണ്ട്. ഗരസേനരുടെ നാട്ടിലേക്കുള്ള യാത്രയിൽ വഞ്ചിയിൽ തളർന്നുറങ്ങുന്ന യേശുവും (മർക്കോസ് 4:37), മറ്റൊരവസരത്തിൽ യാത്ര ചെയ്തു ക്ഷീണിച്ച് കിണറിന്റെ കരയിൽ ഇരുന്ന യേശുവും (യോഹന്നാൻ 4:6) എല്ലാം നാം നമ്മുടെ അനുദിന ജീവിതത്തിൽ പലപ്പോഴും അനുഭവിക്കുന്ന തളർച്ചയുടെയും ക്ഷീണത്തിന്റെയും പ്രതിരൂപം തന്നെയാണ്. താനേൽപ്പിച്ച ദൗത്യം പൂർത്തിയാക്കി തിരിച്ചെത്തിയ ശിഷ്യന്മാർ ക്ഷീണിച്ചിരുന്നുവെന്ന് മനസ്സിലാക്കിയ ഈശോ അവരെ അല്പസമയം തന്നോടൊത്ത് വിശ്രമിക്കുന്നതിനായി ക്ഷണിക്കുകയാണ്. ഇതുപോലെത്തന്നെ, ക്ലേശം നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ അവസ്ഥ യേശുവിനെക്കാൾ നന്നായി മനസ്സിലാക്കുന്ന വേറെ ആരുമില്ല. അതുകൊണ്ടുതന്നെ, നമ്മുടെ തളർച്ചകളും ക്ഷീണവുമൊന്നും ഒരിക്കലും ഈശോയെ നമ്മുടെ ജീവിതത്തിൽനിന്നും അകറ്റി നിർത്താനുള്ള കാരണങ്ങളായി ഒരിക്കലും പരിണമിക്കരുത്. പൂർണ്ണ ആരോഗ്യത്തോടും ഉന്മേഷത്തോടുംകൂടി മാത്രമല്ല നമ്മൾ ഈശോയെ സമീപിക്കേണ്ടത്, തളർച്ച നമ്മെ അലട്ടുന്ന അവസരങ്ങളിലും ചെറിയ സ്നേഹപവൃത്തികളിലൂടെയും പ്രാർത്ഥകളിലൂടെയും ഈശോയുടെ അടുത്തെത്താൻ നമുക്കാവണം. "അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം" (മത്തായി 11:28).

ക്ഷീണംമൂലം നമ്മെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല എന്നു തോന്നുന്ന അവസരങ്ങൾ പലപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗമായ മറ്റു വ്യക്തികളുടെ വില മനസ്സിലാക്കാനുള്ള വേളകളായി മാറാറുണ്ട്. നമുക്ക് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ സാധിക്കുകയില്ലെന്നും മറ്റുള്ളവരുടെ സഹായം നമ്മുടെ ജീവിതത്തിലെ ഒരു അനിവാര്യ ഘടകമാണെന്നും നമ്മെ പഠിപ്പിക്കുന്ന സമയങ്ങളാണവ. എളിമ അഭ്യസിക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിൽ ഒന്നാണ് നമ്മെ സഹായിക്കാൻ മറ്റുള്ളവരെ അനുവദിക്കുന്നത്. മാത്രവുമല്ല, തളർച്ചയും ക്ഷീണവും എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്ന അനുഭവങ്ങളാണെന്ന തിരിച്ചറിവ്, അതനുഭവിക്കുന്ന മറ്റുള്ളവരോട് അനുഭാവപൂർവം പെരുമാറാൻ നമ്മെ ഒരുക്കുകയും ചെയ്യും. ക്ഷീണമുള്ള അവസരങ്ങളിൽ നമ്മുടെ ജീവിതത്തിലെ പല വിനോദങ്ങളും നമുക്കിഷ്ടമുള്ള മറ്റു പല കാര്യങ്ങളും വേണ്ടെന്നു വയ്ക്കാൻ നമ്മൾ തീരുമാനിക്കാറുണ്ട്. നിത്യജീവിതത്തിലെ ചില ബലഹീനതകളുടെ ഭാഗമായി നമ്മൾ ചെയ്യുന്ന കാര്യങ്ങളാണ് അവയെങ്കിൽ, ക്ഷീണംമൂലം അവ വേണ്ടെന്നു വയ്ക്കുന്നത്, ക്ഷീണമില്ലാത്ത അവസരങ്ങളിലും അവ കൂടാതെ ജീവിക്കാൻ നമുക്കാവും എന്ന തിരിച്ചറിവ് നല്കി നമ്മെ സഹായിക്കും.

തളർച്ച പല കാര്യങ്ങളും നമ്മെ പഠിപ്പിക്കുമെങ്കിലും, ഒരു പരിധിയിൽ കൂടുതൽ നമ്മെ തളർത്തി, നമ്മുടെ ശരീരത്തെയും മനസ്സിനെയും വളരെയധികം ആയാസപ്പെടുതുന്ന ഒരു ജീവിതശൈലി സ്ഥിരമായി പിന്തുടരുന്നതു ക്രിസ്തീയമൂല്യങ്ങൾക്കു ചേർന്നതല്ല എന്നതും ഓർമ്മിക്കേണ്ട വസ്തുത തന്നെയാണ്.  നമ്മുടെ ജീവിതവും ആരോഗ്യവുമെല്ലാം നമ്മുടെ സ്വന്തമല്ല, അതെല്ലാം ദൈവത്തിന്റെ ദാനമാണ്. ദൈവം നമ്മെ ഭരമേല്പ്പിച്ചിരിക്കുന്ന കാര്യങ്ങൾ ഭംഗിയായി നിർവഹിക്കുന്നതിനും, അങ്ങിനെ നമ്മുടെ ജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുവാനും നമ്മുടെ ആരോഗ്യം ശരിയായ വിധത്തിൽ പരിപാലിക്കേണ്ട ചുമതല നമുക്കുണ്ട്. എത്ര തിരക്കേറിയ ജീവിതമാണെങ്കിൽകൂടിയും, നമ്മുടെ ശരീരത്തിനും മനസ്സിനും ഉണർവും ഉന്മേഷവും പകരുന്ന വിശ്രമത്തിനായി അല്പസമയം കണ്ടെത്താൻ നാമെല്ലാവരും ബാധ്യസ്ഥരാണ്. വിശ്രമവേളകൾ എന്നാൽ അതിന്റെയർത്ഥം സമയം പാഴാക്കുക എന്നതല്ല, മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനുമുള്ള അവസരങ്ങൾ ഒഴിവാക്കുക എന്നതും അല്ല. കുടുംബാങ്ങളുമായി കൂടുതൽ സമയം ചിലവഴിച്ചും, ആയാസരഹിതമായ കാരുണ്യപ്രവർത്തികളിൽ ഏർപ്പെട്ടും, നമ്മുടെ ആത്മീയവളർച്ചയെ സഹായിക്കുന്ന പുസ്തകങ്ങൾ വായിച്ചുമെല്ലാം നമ്മുടെ വിശ്രമവേളകളെ ദൈവത്തോടു കൂടുതൽ ചേർത്തു നിർത്തുന്നതിനും നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ക്ലേശങ്ങളിൽ നമ്മെ ആശ്വസിപ്പിക്കുന്ന കർത്താവിലൂടെ നമ്മുടെ വിശ്രമവേളകളും വിശുദ്ധീകരിക്കപ്പെടുന്നതിനായി പ്രാർത്ഥിക്കാം.

കർത്താവായ യേശുവേ, അങ്ങ് ദാനമായി തന്ന എന്റെ ജീവിതത്തെ ഓർത്ത് ഞാനങ്ങേക്ക് നന്ദി പറയുന്നു. ഈ ജീവിതത്തിൽ ഓരോ ദിവസവും ഞാൻ അനുഭവിക്കുന്ന സന്തോഷങ്ങളെയും സന്താപങ്ങളെയും, സുഖങ്ങളെയും ക്ലേശങ്ങളെയും, സമൃദ്ധിയേയും തകർച്ചകളെയും പ്രതി ഞാൻ അങ്ങയെ സ്തുതിക്കുന്നു. മുറിവേറ്റ കരങ്ങളാൽ എന്നെ എല്ലായ്പ്പോഴും ആശ്വസിപ്പിക്കുന്ന അങ്ങയുടെ സ്നേഹത്തിനു മുന്പിൽ കുന്പിട്ട് ആരാധിക്കുന്നു. ഉറങ്ങുന്പോഴും ഉണർന്നിരിക്കുന്പോഴും, ജോലിചെയ്യുന്പോഴും വിശ്രമിക്കുന്പോഴും ആഘോഷിക്കുന്പോഴും വിലപിക്കുന്പോഴും അങ്ങയോടൊപ്പം ആയിരിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്