മനുഷ്യപുത്രന്റെ ആഗമനം

"നോഹയുടെ ദിനങ്ങൾപോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനു മുന്പുള്ള ദിവസങ്ങളിൽ, നോഹ പേടകത്തിൽ പ്രവേശിച്ച ദിവസംവരെ, അവർ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവർ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും. അപ്പോൾ രണ്ടുപേർ വയലിലായിരിക്കും; ഒരാൾ എടുക്കപ്പെടും മറ്റെയാൾ അവശേഷിക്കും. രണ്ടു സ്ത്രീകൾ തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരുവൾ എടുക്കപ്പെടും, മറ്റവൾ അവശേഷിക്കും. നിങ്ങളുടെ കർത്താവ് ഏതുദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങൾ ജാഗരൂകരായിരിക്കുവിൻ." (മത്തായി 24:37-42)

വിചിന്തനം 
മനുഷ്യർക്ക് അനുഭവിക്കാൻ പ്രയാസമുള്ള പീഡകളിൽ ഏറ്റവും ബുദ്ധിമുട്ടേറിയ ഒന്നാണ് കാത്തിരിപ്പിന്റെ വേദന. ഏറെക്കാലമായിട്ടു കാണാൻ കൊതിച്ചിരിക്കുന്ന ഒരു വ്യക്തി പ്രതീക്ഷിച്ച സമയത്തു എത്താതിരിക്കുന്പോൾ, അല്ലെങ്കിൽ ഏറെക്കാലമായി നടന്നുകാണാൻ ആഗ്രഹിക്കുന്ന ഒരു കാര്യം അനിശ്ചിതമായി നീണ്ടുപോകുന്പോൾ എല്ലാം അസഹീനമായ ആകാംക്ഷയാൽ വീർപ്പുമുട്ടുന്നവരാണ്‌ നാമെല്ലാം. കലഹങ്ങളും അടിമത്തവും അവസാനിപ്പിച്ച്, വാളുകളെ കൊഴുക്കളായും കുന്തത്തെ വാക്കത്തിയായും അടിച്ചു രൂപപ്പെടുത്തുന്ന വിധികർത്താവിനെ (cf.ഏശയ്യ 2:4) കാത്തിരുന്ന യഹൂദജനത്തിന്റെ അവസ്ഥയും ഇതിൽ നിന്നും ഒട്ടും വ്യത്യസ്ഥമല്ലായിരുന്നു. ജസ്സെയുടെ കുറ്റിയിൽനിന്ന് കിളിർത്തു വരുന്ന ഒരു മുളയെക്കുറിച്ചു ജനങ്ങളെ മുൻകൂട്ടി അറിയിക്കാനല്ലാതെ, കൃത്യമായ ഒരു സമയം പറഞ്ഞു കൊടുക്കാൻ പ്രവാചകർക്കും കഴിഞ്ഞില്ല. ചക്രവാളത്തിലെവിടെയോ അവർ കണ്ട പ്രകാശകിരണം ഒരു ദിവസം ലോകം മുഴുവനും പ്രകാശിപ്പിക്കുന്ന ഉഗ്രതേജസ്സായി പ്രത്യക്ഷപ്പെടും എന്ന പ്രത്യാശയോടെ കണ്ണടച്ച നിരവധി ആൾക്കാരുടെ ലോകമായിരുന്നു രണ്ടായിരം വർഷം മുന്പത്തേത്. എന്നാൽ, പ്രതീക്ഷകൾക്കൊടുവിൽ ബെത് ലഹേമിലെ ഒരു പുൽക്കുടിലിൽ ലോകത്തിന്റെ രക്ഷകൻ പിറന്നുവീണതു തിരിച്ചറിഞ്ഞു സന്തോഷിച്ചവർ വളരെ ചുരുക്കമായിരുന്നു. "അവൻ സ്വജനത്തിന്റെ അടുത്തേക്ക് വന്നു; എന്നാൽ, അവർ അവനെ സ്വീകരിച്ചില്ല" (യോഹന്നാൻ 1:11). തീനും കുടിയും കഴിഞ്ഞ് വിനോദങ്ങളിൽ ഏർപ്പെട്ടിരുന്ന (cf. പുറപ്പാട് 32:6) ജനത്തിന്റെ കണ്ണുകൾ അന്ധകാരത്തിൽ പൂഴ്ന്നുപോയിരുന്നു, അവരുടെ ഹൃദയങ്ങൾ തണുത്തുറഞ്ഞു കഠിനമാക്കപ്പെട്ടിരുന്നു. 

ആഗമനകാലം കാത്തിരിപ്പിന്റെ കാലമാണ്; രണ്ടായിരം വർഷംമുന്പ് പിറന്നുവീണ ലോകരക്ഷകന്റെ പിറവിതിരുന്നാളിനുള്ള ഒരുക്കത്തോടൊപ്പം, വിധികർത്താവായ മനുഷ്യപുത്രന്റെ രണ്ടാംവരവിനായി നമ്മുടെ ഹൃദയങ്ങളെ ഒരുക്കി പ്രത്യാശയോടെ കാത്തിരിക്കാൻ തിരുസഭ ഈ അവസരത്തിൽ നമ്മെ ആഹ്വാനം ചെയ്യുന്നു. നോഹയുടെ കാലം മുതൽ രക്ഷകൻ മനുഷ്യനായിപ്പിറന്ന സമയം വരെയുള്ള ജനങ്ങളിൽ ഭൂരിഭാഗവും ശരിയായ ഒരുക്കത്തോടെ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുന്നതിൽ പിഴവ് വരുത്തിയവരാണ്. അടുത്തത് നമ്മുടെ ഊഴമാണ്. മനുഷ്യപുത്രന്റെ ആഗമനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവരാണോ നാമിന്ന്? അതോ, ഇനിയും ഒട്ടേറെ സമയം ബാക്കി ഉണ്ടെന്നുകരുതി, തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിയുകയാണോ നമ്മൾ? നമ്മുടെ ലക്ഷ്യങ്ങൾ ഇപ്പോഴും കേവലം ഭൌതീകം മാത്രമാണെങ്കിൽ, ബെത് ലഹേമിൽ ഉദിച്ച പ്രകാശം ഇനിയും നമ്മുടെ ആത്മാവിലെ അന്ധത അകറ്റിയിട്ടില്ലെങ്കിൽ, നമ്മുടെ ഹൃദയത്തെ കീഴടക്കിയിട്ടില്ലെങ്കിൽ, അതിനായി ഒരുങ്ങാൻ ഇനിയും വൈകരുതെന്നു തിരുസഭ നമ്മെ പ്രത്യേകമായി ഓർമ്മിപ്പിക്കുന്ന സമയമാണ് ആഗമനകാലം. അതിനെ ഒരിക്കലും നമ്മുടെ ഭക്ഷണത്തോടും മദ്യത്തിനോടുമുള്ള ആർത്തിയും ആസക്തിയും തൃപ്തിപ്പെടുത്താനുള്ള അവസരമായി കാണരുത്. 

ജാഗരൂകതയോടെയുള്ള കാത്തിരിപ്പ് മനുഷ്യനു ഒരു ബലപരീക്ഷണത്തിന്റെ സമയമാണ്. കാരണം, ലോകം വച്ചുനീട്ടുന്ന പ്രലോഭനങ്ങളോടുള്ള താൽപര്യം മനുഷ്യനിൽ രൂഡമൂലമായതാണ്. നമ്മിലെ ഈ പോരാട്ടത്തെ നമ്മേക്കാളും നന്നായി അറിയുന്ന ദൈവം, അവയെ എതിർത്തു നിൽക്കാനും ചെറുത്തു തോൽപിക്കാനും ആവശ്യമായ കൃപകൾ നമുക്കെല്ലാം ധാരാളമായി നൽകുന്നുണ്ട്. നമ്മെ ദൈവത്തിൽനിന്നും അകറ്റി നിർത്തിയിരിക്കുന്ന എല്ലാ ബന്ധനങ്ങളുടെയും കെട്ടുകൾ  പ്രാർത്ഥനയിലൂടെയും അനുതാപത്തിലൂടെയും ഉപവാസത്തിലൂടെയും പൊട്ടിച്ചെറിഞ്ഞ്, ഉണ്ണീശോയെ ഹൃദയത്തിൽ സ്വീകരിക്കാൻ നമ്മൾ ഒരുങ്ങേണ്ടിയിരിക്കുന്നു. ഉണ്നിയേശുവിനായി ഒരുങ്ങുന്ന അതേ ജാഗരൂകതയോടെ മനുഷ്യപുത്രന്റെ അപ്രതീക്ഷിതമായുള്ള രണ്ടാംവരവിനായും കാത്തിരിക്കാൻ നമുക്കാവണം. വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി കൂടുതൽ സമയം കണ്ടെത്തിയും, നല്ലൊരു കുന്പസാരത്തിനായി നമ്മുടെ മനസ്സാക്ഷിയെ പരിശോധിച്ചും, ലൌകീകവസ്തുക്കളുടെ ചെറിയ തിരസ്കരണങ്ങളിലൂടെയും എല്ലാം ഈ നോന്പുകാലത്ത് രക്ഷകനായി  നമ്മുടെ ആത്മാവിനെയും ഹൃദയത്തെയും നമുക്ക് സജ്ജമാക്കാം. തന്നെ മുഴുവനായും ദൈവത്തിനു സമർപ്പിച്ച്‌, രക്ഷകന്റെ ആഗമനത്തിനായി പ്രത്യാശാപൂർവം കാത്തിരുന്ന പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം അതിനായി നമുക്ക് അപേക്ഷിക്കാം. 

ഉണ്ണീശോയെ ഉദരത്തിൽ വഹിച്ചപരിശുദ്ധ അമ്മേ, രക്ഷകനായ യേശുവിനെ ഹൃദയത്തിൽ സ്വീകരിക്കാൻ എന്നെ ഒരുക്കണമേ. ജീവിതവഴികളിൽ അടിപതറാതിരിക്കാനും, സ്വർഗ്ഗരാജ്യം എന്ന ലക്ഷ്യത്തിൽനിന്നും കണ്ണെടുക്കാതിരിക്കാനും, അമ്മേ, എന്റെ യാത്രയിൽ എന്നോടൊപ്പം ഉണ്ടായിരിക്കണമേ. പാപം നിറഞ്ഞ എന്നിലെ  പഴയ മനുഷ്യനെ ഉരിഞ്ഞുമാറ്റി പുതിയതു ധരിക്കാനും, കർത്താവിന്റെ ആഗമനത്തിനായി പ്രത്യാശാപൂർവം കാത്തിരിക്കാനും എന്നെ സഹായിക്കണമേ. ആമ്മേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്