നിയമത്തിന്റെ പൂർത്തീകരണം

"നിയമത്തെയോ പ്രവാചകന്മാരെയോ അസാധുവാക്കാനാണ് ഞാൻ വന്നതെന്നു നിങ്ങൾ വിചാരിക്കരുത്. അസാധുവാക്കാനല്ല പൂർത്തിയാക്കാനാണ് ഞാൻ വന്നത്. ആകാശവും ഭൂമിയും കടന്നുപോകുന്നതുവരെ, സമസ്തവും നിറവേറുവോളം നിയമത്തിൽനിന്നു വള്ളിയോ പുള്ളിയോ മാറുകയില്ലെന്നു സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. ഈ പ്രമാണങ്ങളിൽ ഏറ്റവും നിസ്സാരമായ ഒന്ന് ലംഘിക്കുകയോ ലംഘിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുകയോ ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ചെറിയവനെന്നു വിളിക്കപ്പെടും. എന്നാൽ, അത് അനുസരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ വലിയവനെന്നു വിളിക്കപ്പെടും. നിങ്ങളുടെ നീതി നിയമജ്ഞരുടെയും ഫരിസേയരുടെയും നീതിയെ അതിശയിക്കുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്നു ഞാൻ നിങ്ങളോടു പറയുന്നു." (മത്തായി 5:17-20)

വിചിന്തനം 

പത്തുപ്രമാണങ്ങളിലൂടെ നൽകപ്പെട്ട കൽപനകൾ, ഓരോ വ്യക്തിയുടെയും ദൈവവിളിക്ക് അനുസൃതമായ അടിത്തറ അവരിൽ പാകുന്നു. ദൈവത്തിന്റെ മാർഗ്ഗങ്ങൾ മനുഷ്യൻ അറിയുന്നതിനും, അങ്ങിനെ തിന്മയിൽനിന്നും അകന്ന്, പരിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ ഒരു ജീവിതം നയിക്കാൻ ദൈവകല്പനകളും അതുവഴി സംസ്ഥാപിതമായ നിയമങ്ങളും നമ്മെ സഹായിക്കുന്നു. "മനുഷ്യർ ഹൃദയങ്ങളിൽ വായിക്കാത്തത്, കല്പലകളിൽ ദൈവത്താൽ എഴുതപ്പെട്ടു", എന്നാണു വി. ആഗസ്തീനോസ് ദൈവകല്പനകളെക്കുറിച്ച് പറയുന്നത്. ഈ ദൈവകല്പനകൾ നമ്മിലേക്കെത്തിക്കുന്ന പഴയനിയമം ആവിഷ്കൃത നിയമത്തിന്റെ പ്രഥമഘട്ടമാണെന്ന് തിരുസഭ പഠിപ്പിക്കുന്നു. ഇതുകൊണ്ടുതന്നെ, തിരുസഭ പഴയനിയമത്തിനു ആരാധനാക്രമത്തി ലും വിശ്വാസപ്രബോധനങ്ങളിലും വളരെയേറെ സ്ഥാനം നൽകുന്നുമുണ്ട്. പുതിയനിയമത്തിനു, അഥവാ സുവിശേഷത്തിന്, വേണ്ടിയുള്ള ഒരുതരം ഒരുക്കമാണ് പഴയനിയമം. അത് പുതിയനിയമത്തിൽ പൂർത്തിയാവുകയും, പുതിയനിയമം പഴയനിയമത്തിൽ വെളിപ്പെടുകയും ചെയ്യുന്നു. 

യഹൂദർ, പ്രത്യേകിച്ച് ഫരിസേയരും നിയമജ്ഞരും, പഴയനിയമത്തിലൂടെ നല്കപ്പെട്ട നിയമം പാലിക്കുകവഴി സ്വയംനീതീകരിക്കപ്പെട്ട് സ്വർഗ്ഗരാജ്യം അവകാശമാക്കാൻ സാധിക്കും എന്ന് വിശ്വസിച്ചിരുന്നവരാണ്. എന്നാൽ ക്രൈസ്തവപാരന്പര്യമനുസരിച്ച്, നിയമം ശരി തെറ്റുകളെ ചൂണ്ടിക്കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ, തെറ്റുകളെ ഇല്ലാതാക്കുന്നില്ല. പാപത്തെ നിർമാർജ്ജനം ചെയ്യാൻ കഴിയാത്തതുമൂലം പഴയനിയമം അതിൽത്തന്നെ പൂർണ്ണമല്ല. അത് നമ്മുടെ പാപങ്ങളെ വെളിപ്പെടുത്താനും തള്ളിക്കളയാനും സഹായിക്കുന്നു(cf. റോമാ 7). അതിനാൽ, ദൈവരാജ്യത്തിലേക്കുള്ള പാതയിലെ പ്രഥമഘട്ടം മാത്രമേ പഴയനിയമത്തിലൂടെ നമ്മൾ താണ്ടുന്നുള്ളൂ. 

ശരിതെറ്റുകളെ ചൂണ്ടിക്കാണിച്ചുതരുന്ന പഴയനിയമത്തിന്റെ ന്യൂനത, അത് ശരിയായത് തിരഞ്ഞെടുക്കുവാനും തെറ്റിനെ വെറുത്തുപേക്ഷിക്കുവാനും ആവശ്യമായ പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ പ്രദാനം ചെയ്യുന്നില്ല എന്നതാണ്. പുതിയനിയമമാകട്ടെ ക്രിസ്തുവിലുള്ള വിശ്വാസംവഴി സ്വീകരിക്കപ്പെടുന്നതും സ്നേഹത്തിലൂടെ പ്രവർത്തിക്കുന്നതുമായ പരിശുദ്ധാത്മാവിന്റെ കൃപാവരമാണ്. ഈ നിയമത്തിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ ഈശോ ലോകമെന്പാടും ഉള്ള ജനങ്ങളെയാണ് വിളിക്കുന്നത്‌ - യഹൂദനും വിജാതീയനും നിത്യരക്ഷയിലേക്കുള്ള വാതിൽ തുറന്നുകിട്ടുന്നത് പുതിയനിയമത്തിലൂടെയാണ്. പഴയനിയമത്തിലെ ധാർമ്മിക നിർദ്ദേശങ്ങളെ മാറ്റിക്കളയുകയോ അവയുടെ വില കുറയ്ക്കുകയോ അല്ല ഈശോ പുതിയനിയമത്തിലൂടെ ചെയ്യുന്നത്. പഴയനിയമത്തിന്റെ നിഗൂഡസാധ്യതകളെ തുറന്നുകാട്ടി, അവയിലെ ദൈവീകവും മാനുഷികവുമായ സത്യത്തെ വെളിപ്പെടുത്തുകയാണ് ചെയ്യുന്നത്. പഴയനിയമത്തിൽ കുടികൊണ്ടിരുന്ന ദൈവസ്നേഹത്തെ ഗ്രഹിക്കാൻ സാധിക്കാതിരുന്നതിനാൽ യഹൂദർ ഭയംമൂലമാണ് കല്പനകൾ പാലിച്ചിരുന്നത്. എന്നാൽ, പുതിയനിയമം ഭയംകൊണ്ടല്ല, പരിശുദ്ധാത്മാവിനാൽ നിവേശിപ്പിക്കപ്പെട്ട സ്നേഹംകൊണ്ടാണ് നിയമങ്ങൾ പാലിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. 
(ആധാരം: കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1961 - 1986)

യേശുവിന്റെ ആഗമനത്തോടെ പഴയനിയമം കാലഹരണപ്പെട്ടുവെന്നും, അത് ചരിത്രവും സാഹിത്യകൃതികളും കൂട്ടിയിണക്കിയ ഒരു പുസ്തകം മാത്രമാണെന്നും തുടങ്ങി നിരവധിയായ വാദമുഖങ്ങൾ പഴയനിയമത്തിനെതിരായി ഉയരാറുണ്ട്. ക്രിസ്തുവിൽ വിശ്വസിക്കുന്നു എന്ന് അവകാശപ്പെടുന്ന വ്യക്തികളും കൂട്ടായ്മകളുമൊക്കെ ഈവിധത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്പോൾ, യേശുനാഥന്റെ ഇന്നത്തെ വചനഭാഗം നമുക്കോർക്കാം. പഴയനിയമ കല്പനകൾ, യേശു പഠിപ്പിച്ചതനുസരിച്ച്, ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹത്തെ പ്രതി അഭ്യസിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാമെല്ലാവരും. "കർത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്കളങ്കമായും അന്യൂനമായും നീ കാത്തു സൂക്ഷിക്കണം" (1 തിമോത്തി 6:14) എന്ന് പരിശുദ്ധാത്മാവിനാൽ നിറഞ്ഞ പൌലോസ് ശ്ലീഹാ നമ്മെ ഓർമിപ്പിക്കുന്നു. അതനുസരിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

വിശുദ്ധിയുടെ ഉറവിടമായ ദൈവമേ, അങ്ങയുടെ പ്രമാണങ്ങളും മിശിഹായുടെ പ്രബോധനങ്ങളും തിരുസഭയുടെ നിയമങ്ങളും അനുസരിച്ച്, പരിപൂർണ്ണതയിലേക്ക് പ്രയാണം ചെയ്യുന്ന പുതിയ മനുഷ്യരായി രൂപാന്തരപ്പെടുവാനും, നിത്യാനന്ദത്തിനു അർഹരാകുവാനും ഞങ്ങളെ സഹായിക്കണമേ. ആമ്മേൻ. 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്