നീതിക്കായി വിശക്കുന്നവർ
"നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ; അവർക്കു സംതൃപ്തി ലഭിക്കും." (മത്തായി 5:6)
വിചിന്തനം
നാലാം ഭാഗം - നീതിയും നീതീകരണവും
ലോകദൃഷ്ടിയിൽ നീതി എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഓരോരുത്തർക്കും അർഹമായത് അവരവർക്ക് ലഭിക്കുന്നതിനെയാണ്. ഒട്ടേറെ അദ്ധ്വാനിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്യുന്ന ഒരു വ്യക്തി ധാരാളം പണം സന്പാദിക്കുന്പോൾ, അതിനെ നീതിയായി അല്ലെങ്കിൽ ന്യായമായി ലോകം വീക്ഷിക്കുന്നു. അലസത മൂലമോ പാഴ്ചിലവുകൾ മൂലമോ കഷ്ടപ്പാടുകളും ദാരിദ്ര്യവും അനുഭവിക്കുന്ന ഒരു വ്യക്തിയെ അതേ ദൃഷ്ടികോണിലൂടെ വീക്ഷിക്കുന്പോൾ, അയാളുടെ ദുരിതവും പട്ടിണിയും നീതിയുടെതന്നെ ഭാഗമാകുന്നു. കഠിനാധ്വാനം ചെയ്യുന്ന വ്യക്തി പട്ടിണികിടക്കുകയും, അലസൻ സുഭിക്ഷമായി കഴിയുകയും ചെയ്യുന്ന സാഹചര്യങ്ങളെ അന്യായമായും നമ്മൾ കണക്കാക്കുന്നു. നല്ലതു ചെയ്യുന്നവർക്ക് അതിനുള്ള പ്രതിഫലം ലഭിക്കണമെന്നും, തിന്മയായതു പ്രവർത്തിക്കുന്നവർ ശിക്ഷിക്കപ്പെടണം എന്നുമുള്ളത് ലോകനീതിയുടെ ഒരു അവിഭാജ്യഘടകമാണ്.
ഇന്നത്തെ സുവിശേഷഭാഗ്യത്തിൽ ഈശോ വാഗ്ദാനം ചെയ്യുന്നത് ദൈവീകനീതിയിലൂടെ ലഭിക്കുന്ന സംതൃപ്തിയാണ്. എന്താണ് ദൈവത്തിന്റെ നീതി? ലോകത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുന്പോൾ, നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നീതിമാനായ ദൈവം നമുക്ക് അർഹമായത് നൽകുന്നതിനെ വേണം ദൈവീകനീതി എന്നു വിളിക്കാൻ. എന്നാൽ നമുക്ക് ആശ്വാസത്തിനു വകനല്കുന്ന കാര്യം, ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നതാണ്. കാരണം, ഒരു കൈ കൊണ്ടു തലോടുകയും മറുകൈകൊണ്ട് തലയെടുക്കുകയും ചെയ്യുന്ന ദൈവമല്ല നമ്മുടെ ദൈവം. യേശു നമുക്ക് വെളിപ്പെടുത്തിത്തന്ന ദൈവം സ്നേഹമാണ്. ദൈവത്തിന്റെ നീതി അവിടുത്തെ സ്നേഹത്തിന്റെയും കരുണയുടെയും ഒരു ഭാഗമാണ്, മനുഷ്യരെ നീതീകരിച്ച് ദൈവരാജ്യത്തിന് അർഹമാക്കുവാനുള്ള ഒരു മാർഗ്ഗമാണ്. ദൈവത്തിന്റെ നീതി ശരിതെറ്റുകൾ വിലയിരുത്തി നിഷ്പക്ഷമായി വിധിക്കുന്ന ഒന്നല്ല; എന്തുവലിയ പാപം ചെയ്തിട്ടും തന്റെ മുൻപിൽ വരുന്നവരോട് യാതൊരുവിധത്തിലുള്ള നിബന്ധനകളുമില്ലാതെ ക്ഷമിച്ച്, അവർ നഷ്ടപ്പെടുത്തിക്കളഞ്ഞ അവകാശങ്ങൾ പൂർണ്ണമായും പുനസ്ഥാപിച്ചു നൽകുന്നതാണ് ദൈവത്തിന്റെ നീതി. ഈയർത്ഥത്തിൽ, ദൈവത്തിന്റെ നീതി നിഷ്പക്ഷമല്ല, തികച്ചും പക്ഷപാതപരമാണ്; അത് മനുഷ്യനെ എപ്പോഴും നീതീകരിക്കുന്നു.
യോഗ്യതകളും അർഹതയും നോക്കാതെ പക്ഷപാതപരമായി ദൈവം വിധിക്കുന്നതുകൊണ്ടു മാത്രമാണ് മനുഷ്യർ കൃപാവരങ്ങൾ സ്വീകരിക്കുന്നതും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുന്നതും. കാരണം, ദൈവത്തിനുമുന്പിൽ നീതീകരിക്കപ്പെടാൻ ആവശ്യമായ യാതൊരു മേന്മകളും മനുഷ്യനിലില്ല. എന്തെന്നാൽ, "എല്ലാവരും പാപം ചെയ്ത് ദൈവമഹത്വത്തിന് അയോഗ്യരായി. അവർ അവിടുത്തെ കൃപയാൽ യേശുക്രിസ്തു വഴിയുള്ള വീണ്ടെടുപ്പിലൂടെ സൗജന്യമായി നീതീകരിക്കപ്പെടുന്നു" (റോമാ 3:23,24). തന്റെ രക്തം എല്ലാ മനുഷ്യരുടെയും പാപങ്ങൾക്ക് പകരമായി അർപ്പിച്ച യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെ ഫലമായി നമുക്ക് ലഭിച്ചതാണ് നീതീകരണം. "യേശുക്രിസ്തുവിൽ പ്രകടമാക്കപ്പെട്ടതും പരിശുദ്ധാത്മാവിലൂടെ നൽകപ്പെടുന്നതുമായ ദൈവസ്നേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തിയാണ് നീതീകരണം. 'ദുഷ്ടന്മാരുടെ നീതീകരണം ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടികർമ്മത്തെക്കാൾ വലിയ പ്രവൃത്തിയാണ്.' കാരണം 'ആകാശവും ഭൂമിയും കടന്നുപോകും; എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ രക്ഷയും നീതീകരണവും ...കടന്നുപോവുകയില്ല' എന്നാണ് വിശുദ്ധ ആഗസ്തീനോസിന്റെ അഭിപ്രായം" (കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം, 1994).
അർഹതപ്പെട്ടത് ലഭിക്കുന്നതാണ് ലോകത്തിന്റെ നീതിയെങ്കിൽ, ആ നീതി എല്ലായ്പ്പോഴും നമുക്ക് സംതൃപ്തി പ്രദാനം ചെയ്തുകൊള്ളണം എന്നു നിർബന്ധമില്ല. കാരണം, അർഹതയുടെ അളവുകോൽ നാമോരോരുത്തരിലും വ്യത്യസ്തമാണ്; ഞാൻ നീതിയെന്നു കരുതുന്നത് മറ്റുചിലർ അനീതിയായി കണ്ടേക്കാം. എന്നാൽ, ദൈവത്തിന്റെ നീതി നമുക്ക് എപ്പോഴും സന്തോഷവും സംതൃപ്തിയും നൽകുന്നതാണ്. കാരണം, നമുക്ക് ചോദിക്കുവാനോ സ്വപ്നം കാണുവാൻ പോലുമോ യോഗ്യതയില്ലാത്ത സൌഭാഗ്യങ്ങളാണ് ദൈവത്തിന്റെ നീതിയുടെ ഫലമായി നമുക്ക് നല്കപ്പെടുന്നത്. ദൈവത്തിന്റെ കൃപകൂടാതെ, സ്വന്തം ഹിതപ്രകാരം, അത് ലഭിക്കുകയില്ല എന്ന ബോധ്യത്തോടെ ദൈവീകനീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെയാണ് ഇന്നത്തെ സുവിശേഷഭാഗ്യം തൃപ്തിപ്പെടുത്തുന്നത്. സ്വന്തം നന്മകൾ ദൈവസന്നിധിയിൽ വിവരിച്ചു പറഞ്ഞ ഫരിസേയനെയും, തന്റെ അയോഗ്യതകൾ എണ്ണിപ്പറഞ്ഞു വിലപിച്ച ചുങ്കക്കാരനെയും (ലൂക്കാ 18:9-13) ഈ അവസരത്തിൽ നമുക്കോർക്കാം. ഈശോ നമ്മോടു പറയുന്നത്, അവസാനം ദൈവത്തിന്റെ കരുണയ്ക്കായി യാചിച്ച ചുങ്കക്കാരൻ "ഫരിസേയനേക്കാൾ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു മടങ്ങി" (ലൂക്കാ 18:14), എന്നാണ്. സ്വന്തം ആത്മാവിന്റെ ദാരിദ്ര്യം തിരിച്ചറിഞ്ഞ്, പശ്ചാത്താപത്തോടെ ദൈവസന്നിധിയിൽ വിലപിക്കുകയും, ലോകത്തിന്റെ വ്യഗ്രതകളിൽനിന്നും ഒഴിഞ്ഞുമാറി ഹൃദയശാന്തതയോടെ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ, സ്വന്തം പ്രവർത്തികളിലൂടെ നീതീകരിക്കപ്പെടാനുള്ള വിഫലശ്രമം ഉപേക്ഷിച്ച്, ദൈവത്തിന്റെ നീതിയിൽ അഭയം തേടാൻ സാധിക്കുകയുള്ളൂ. അതിനാൽ, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടാനും, നമ്മിലെ ആന്തരീകമനുഷ്യൻ വിശുദ്ധീകരിക്കപെടാനും സഹായിക്കുന്ന നാലാമത്തെ പടിയാണ് ദൈവത്തിന്റെ നീതിക്കുവേണ്ടിയുള്ള വിശപ്പും ദാഹവും.
ഒരു തവണ ഭക്ഷണം കഴിക്കുന്നതുകൊണ്ടുമാത്രം അവസാനിക്കുന്നതല്ല വിശപ്പും ദാഹവും; ഭക്ഷണവും വെള്ളവും നമ്മുടെ അനുദിനജീവിതത്തിന്റെ ആവശ്യങ്ങളിൽ ഒന്നാണ്. നീതീകരണവും അങ്ങിനെതന്നെയാണ് - ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും ദൈവത്തിന്റെ സ്നേഹവും കരുണയും നമുക്ക് ആവശ്യമാണ്. സദാ ദൈവവുമായി രമ്യതപ്പെട്ടു ജീവിക്കുന്നതിനായുള്ള കൃപക്കായി പ്രാർത്ഥിക്കാം.
സ്നേഹപിതാവേ, എന്റെ പ്രവർത്തികളിലും പാരന്പര്യത്തിലും അഹങ്കരിച്ച്, അങ്ങയുടെ കരുണയ്ക്ക് പുറംതിരിഞ്ഞുനിന്നിട്ടുള്ള അവസരങ്ങളെ ഓർത്ത് ഞാൻ അങ്ങയോടു മാപ്പപേക്ഷിക്കുന്നു. എന്റെ അയോഗ്യതകളും പാപങ്ങളും കണക്കിലെടുക്കാതെ, അങ്ങയുടെ പുത്രനോടുള്ള സ്നേഹത്തെപ്രതി, എന്നോട് കരുണ കാണിക്കുന്നതോർത്ത് ഞാനങ്ങയോടു നന്ദി പറയുന്നു. എന്നെന്നും അങ്ങയുടെ കൃപയുടെ തണലിൽ ജീവിക്കുവാൻ, എന്നിലെ വിശ്വാസത്തെയും പ്രത്യാശയേയും സ്നേഹത്തെയും വർദ്ധിപ്പിക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ