കരുണയുള്ളവർ ഭാഗ്യവാന്മാർ
"കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും." (മത്തായി 5:7)
വിചിന്തനം
അഞ്ചാം ഭാഗം - സഹതാപവും കരുണയും
മറ്റുള്ളവരോട് കരുണ കാണിക്കണം എന്നുള്ളത് ലോകമെന്പാടും അംഗീകരിക്കപ്പെടുന്ന ഒരു സാമൂഹികതത്വമാണ്. എന്നാൽ, എന്താണ് കരുണ എന്നതിന് വ്യക്തമായ ഒരു ഉത്തരം നല്കാൻ ഈ ലോകത്തിനു കഴിയുകയില്ല. കാരണം, ഇന്നത്തെ ലോകം സഹതാപത്തെ കരുണയായി തെറ്റിദ്ധരിച്ചവരുടെ ഒരു കൂട്ടായ്മയാണ്. അന്യരുടെ വേദനകൾ കാണുന്പോൾ അതുമൂലം വേദനിക്കുന്നവരാണ് നാമെല്ലാം. ദുരന്തങ്ങളും പ്രകൃതിക്ഷോഭങ്ങളും ദാരിദ്ര്യവും രോഗങ്ങളും എല്ലാം പല അളവിലുള്ള വേദന നമ്മുടെ മനസ്സിന് പ്രദാനം ചെയ്യാറുണ്ട്. ഈ വേദനയെ അനുകന്പയായും കരുണയായുമൊക്കെ നമ്മൾ പലപ്പോഴും തെറ്റിദ്ധരിക്കാറുണ്ട്. ചിലപ്പോഴൊക്കെ ഈ വേദനയിൽനിന്നും പ്രചോദനമുൾക്കൊണ്ട് അവർക്കുവേണ്ടി ചില സഹായങ്ങളൊക്കെ നമ്മൾ ചെയ്യാറുമുണ്ട്. എന്നാൽ, അവരെ സഹായിക്കാൻ നമ്മൾ പ്രത്യേകിച്ചു യാതൊന്നും ചെയ്യുന്നില്ലെങ്കിൽ പോലും കാലക്രമേണ ഈ വേദന നമ്മിൽനിന്നും അപ്രത്യക്ഷമാകാറുണ്ട്. അതോടുകൂടി നമ്മൾ ആ പ്രശ്നങ്ങളെയും അവസ്ഥകളെയും മറക്കുന്നു. പക്ഷേ, അതിനർത്ഥം ദുരിതങ്ങൾ അനുഭവിക്കുന്നവരുടെ വേദനയോ കഷ്ടപ്പാടുകളോ ഇല്ലാതായി എന്നല്ല. ഇതാണ് സഹതാപം - സഹതാപം ദുഃഖങ്ങൾ അനുഭവിക്കുന്നവരുടെ വേദനകളിൽ അധിഷ്ടിതമല്ല;സഹതപിക്കുന്നവന്റെ വേദനകൾ അവസാനിക്കുന്പോൾ സഹതാപവും അവസാനിക്കുന്നു. മറ്റുള്ളവരുടെ വേദനകളിൽ അവരെ സഹായിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്ന നമ്മുടെ മനസ്സാക്ഷിയെ കബളിപ്പിക്കാനുള്ള ഒരു മനോവ്യാപാരം മാത്രമാണ് സഹതാപം.
ഇന്നത്തെ സുവിശേഷഭാഗ്യം ശ്രവിക്കുന്പോൾ നമുക്ക് തോന്നാം, ദൈവത്തിന്റെ കരുണ വ്യവസ്ഥകൾക്ക് വിധേയമായാണ് നമുക്ക് ലഭിക്കുന്നതെന്ന്. നമുക്ക് കരുണയുണ്ടെങ്കിലേ നമുക്ക് ദൈവത്തിൽനിന്നും കരുണ ലഭിക്കുകയുള്ളൂ എന്നാണോ ഈശോ നമ്മോടു പറയുന്നത്? ദൈവത്തിന്റെ സ്നേഹത്തിന്റെ ഫലവും കൃപകളുടെ പ്രതിഫലനവുമാണ് ദൈവത്തിന്റെ കരുണ, അത് ദൈവം നല്കുന്ന മറ്റെന്തുംപോലെ തികച്ചും സൌജന്യമാണ്. ദൈവത്തിന്റെ കരുണയ്ക്ക് അർഹരാകാൻ പറ്റുന്ന യാതൊന്നും ചെയ്യാൻ നമുക്കാവില്ല - പാപത്തോടുള്ള നമ്മിലെ ചായ്‌വ് നമ്മെ അതിനനുവദിക്കുന്നില്ല. ഈശോ ഇവിടെ നമ്മോടു പറയുന്നത്, ദൈവം ദാനമായി നൽകുന്ന കരുണയുടെ ഫലം - നിത്യജീവൻ - അനുഭവിക്കുവാൻ നമുക്ക് സാധിക്കുന്നത് നമ്മൾ ദൈവത്തെപ്പോലെ അന്യരോട് കരുണ കാണിക്കുന്പോഴാണ്, എന്നാണ്. എങ്ങിനെയാണ് ദൈവം നമ്മോടു കരുണ കാണിക്കുന്നത്? "അവിടുന്ന് തന്റെ കാരുണ്യാതിരേകത്താൽ യേശുക്രിസ്തുവിന്റെ മരിച്ചവരിൽനിന്നുള്ള ഉത്ഥാനംവഴി സജീവമായ പ്രത്യാശയിലേക്കും നിങ്ങൾക്കായി സ്വർഗ്ഗത്തിൽ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു" (1 പത്രോസ് 1:4). അപ്പോൾ, ദൈവത്തിന്റെ കരുണ നമ്മുടെ ശോചനീയമായ അവസ്ഥകണ്ടു സഹതപിക്കുന്ന ഒന്നല്ല. നമ്മുടെ നിസ്സഹായാവസ്ഥ മനസ്സിലാക്കി, മനസ്സലിഞ്ഞ്, തനിക്കുള്ളതെല്ലാം നൽകി നമ്മെ രക്ഷിക്കാൻ ദൈവം കാണിച്ച സ്നേഹമാണ് ദൈവത്തിന്റെ കരുണ. പുത്രനായ ദൈവത്തിന്റെ കാൽവരിമലയിലെ ബലിയാണ് പിതാവായ ദൈവത്തിന്റെ കരുണയുടെ മകുടോദാഹരണം.
നമ്മുടെ പാപങ്ങൾ ക്ഷമിച്ചുകൊണ്ട് നമ്മോട് കരുണ കാണിച്ച ദൈവത്തെ അനുകരിക്കുന്നവർ മറ്റുള്ളവരുടെ അകൃത്യങ്ങളും പാപങ്ങളും ക്ഷമിക്കുന്നവരാകണം. എല്ലാം സമൃദ്ധമായുള്ള ദൈവം മാനവരാശിയോട് കരുണകാട്ടിയത് തന്റെ സമൃദ്ധിയിൽനിന്നും നൽകികൊണ്ടല്ല - തന്റെ എകജാതനെയാണ് ദൈവം നമുക്കായി നൽകിയത്. അതുകൊണ്ടുതന്നെ, ഈശോ അനുഭവിച്ച പീഡകൾ പിതാവായ ദൈവത്തിനു ഒട്ടേറെ വേദനാജനകമായിരുന്നു. ഇതുപോലെത്തന്നെ, മറ്റുള്ളവരോട് യഥാർത്ഥത്തിൽ കരുണ കാണിക്കുന്പോൾ നമുക്കും വേദനിക്കും - യാതൊരു വ്യവസ്ഥകളുമില്ലാതെ മറ്റുള്ളവരോട് ക്ഷമിക്കുന്നതും, മറ്റുള്ളവരുടെ അയോഗ്യതകൾ പരിഗണിക്കാതെ അവരെ സഹായിക്കുന്നതും, നിസ്സംഗത വെടിഞ്ഞു മറ്റുള്ളവരുടെ കഷ്ടതകളിൽ അവരെ ആശ്വസിപ്പിക്കുന്നതുമെല്ലാം നമുക്ക് വേദനയും ക്ലേശവും സാന്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടാക്കുന്ന പ്രവർത്തികളാണ്. മറ്റുള്ളവർക്കുവേണ്ടി അനുഭവിക്കുന്ന വേദനകളെ നമ്മുടെ കർത്താവിന്റെ കുരിശിനോട് ചേർത്തുനിർത്തുന്പോഴാണ് നമ്മുടെ ജീവിതം പരിശുദ്ധാത്മാവിനാൽ നിറഞ്ഞു വിശുദ്ധീകരണത്തിനു വിധേയമാകുന്നത്. "അതിനാൽ, ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ടവരും വാത്സല്യഭാജനങ്ങളും പരിശുദ്ധരുമെന്ന നിലയിൽ നിങ്ങൾ കാരുണ്യം, ദയ, വിനയം, സൌമ്യത, ക്ഷമ എന്നിവ ധരിക്കുവിൻ" (കൊളോസ്സോസ് 3:12).
നമ്മുടെ ആത്മാവിന്റെ ശൂന്യത തിരിച്ചറിഞ്ഞ്, അതേറ്റുപറഞ്ഞ് ദൈവസന്നിധിയിൽ വിലപിക്കുകയും, തന്റെ അവകാശങ്ങൾക്കായി ലോകത്തോട് മല്ലടിക്കാതെ ശാന്തനായി ദൈവസന്നിധിയെ ശരണം വയ്ക്കുകയും, നമ്മുടെ പ്രവൃത്തികൾക്ക് അനുസൃതമായി വിധിക്കാത്ത ദൈവത്തിന്റെ നീതിയിൽ അഭയം തേടുകയും ചെയ്യുന്ന ഒരു വ്യക്തിക്ക് മാത്രമേ കരുണയുള്ളവനായി ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കുകയുള്ളൂ. സ്വർഗ്ഗീയഭാഗ്യത്തിലേക്ക് നമ്മെ നയിക്കുന്ന അഞ്ചാമത്തെ പടിയാണ് ദൈവത്തിന്റെ കരുണ സ്വീകരിച്ച് മറ്റുള്ളവരോട് കരുണ കാണിക്കുക എന്നത്. സഹതാപം പ്രകടിപ്പിച്ച് മറ്റുള്ളവരുടെ വേദനകളിൽനിന്നും തല ഊരുവാനുള്ള നമ്മുടെ സ്വാഭാവിക പ്രവണത അവസാനിപ്പിച്ച്, കാരുണ്യപൂർവം മറ്റുള്ളവരോട് ക്ഷമിക്കുകയും സഹായിക്കുകയും ചെയ്യുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കാരുണ്യവാനായ കർത്താവേ, മറ്റുള്ളവരോട് ക്ഷമിക്കുവാനും അവരുടെ വേദനകളിൽ അവരെ ആശ്വസിപ്പിക്കുവാനും സഹായിക്കുവാനും ഞാൻ ബുദ്ധിമുട്ടുന്ന അവസരങ്ങളിൽ, അങ്ങ് എന്നോട് എത്രമാത്രം കരുണ കാണിക്കുന്നു എന്ന് എന്നെ ഓർമ്മിപ്പിക്കണമേ. വെറുപ്പും പ്രതികാരചിന്തകളും ഉപേക്ഷിച്ച്, കാരുണ്യം കവിഞ്ഞൊഴുകുന്ന ഒരു ഹൃദയത്തിന്റെ ഉടമയാകാൻ, അവിടുത്തെ പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണമേ. ആമ്മേൻ.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ