ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും." (മത്തായി 5:8)

വിചിന്തനം 

ആറാം ഭാഗം - ഹൃദയമാകുന്ന ആത്മീയ നേത്രം 
ബാഹ്യനേത്രങ്ങൾ ഉപയോഗിച്ച് ദൈവത്തെ അന്വേഷിക്കുന്നവർ മയന്മാരാണ്; കാരണം, ഹൃദയം കൊണ്ടാണ് നമ്മൾ ദൈവത്തെ കാണുന്നത്, എന്ന് വിശുദ്ധ ആഗസ്തീനോസ് പറയുന്നു. ഭാഷയുടെയും സംസ്കാരത്തിന്റെയും അതിർവരന്പുകളില്ലാതെ എല്ലാകാലത്തുമുള്ള ജനങ്ങൾ ഒന്നുപോലെ ചെയ്തുവരുന്ന ഒരു പ്രവൃത്തിയാണ് ദൈവത്തിനു വേണ്ടിയുള്ള അന്വേഷണം. തെളിവുകളും സിദ്ധാന്തങ്ങളുമുപയോഗിച്ചു ദൈവം ഉണ്ടെന്നും ഇല്ലെന്നും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഉത്തരമാണ് ഇന്നത്തെ സുവിശേഷഭാഗ്യം. എന്താണ് ഹൃദയശുദ്ധി എന്നതുകൊണ്ട് അർത്ഥമാക്കപ്പെടുന്നത്? കർദീയഹ് (Kardeeah) എന്ന ഗ്രീക്ക് പദമാണ് ഹൃദയം എന്നു തർജ്ജമ ചെയ്യപ്പെട്ടിരിക്കുന്നത്. ഹൃദയം എന്ന ശാരീരിക അവയവത്തെ ഈ പദംകൊണ്ട് വിശേഷിപ്പിക്കാമെങ്കിലും, പൂർണ്ണമായ അർത്ഥത്തിൽ ഹൃദയം എന്ന വാക്ക് അർത്ഥമാക്കുന്നത്‌ നമ്മുടെ ചിന്തകളുടെയും ആഗ്രഹങ്ങളുടെയും ലക്ഷ്യങ്ങളുടെയും തീരുമാനങ്ങളുടെയും സ്വഭാവങ്ങളുടെയും ഉറവിടം എന്നാണ്. കതാരോസ് (Katharos) എന്ന ഗ്രീക്ക് വാക്കിന്റെ മലയാള പരിഭാഷയാണ് ശുദ്ധി എന്ന വാക്ക്. വൃത്തിയുള്ളതും, കുറ്റമറ്റതും, യാതൊരു പിഴവുകളും ഇല്ലാത്തതുമായവയെ ആണ് ഈ വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്. രസകരമായ വസ്തുത, അഗ്നിയിലൂടെയും വെട്ടിയോരുക്കലിലൂടെയും (pruning) ശുദ്ധീകരിക്കപെട്ടവയെ ആണ് ഈ വാക്കുകൊണ്ട് കൃത്യമായി ഉദ്ദേശിക്കുന്നത് എന്നതാണ്. 

ഒരു മനുഷ്യന്റെ വിചാരങ്ങളും വികാരങ്ങളും തീരുമാനങ്ങളും വളരെ തീഷ്ണമായ ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നുപോയതിനു ശേഷമാണ് അയാൾ ഹൃദയത്തിൽ ശുദ്ധിയുള്ളവനായി മാറുന്നത്.  ഈശോ സ്നാനം നല്കുന്നത് അഗ്നിയാലും പരിശുദ്ധാത്മാവിനാലുമാണ് (cf. മത്തായി 3:11). ഞാൻ മുന്തിരിവള്ളിയും നിങ്ങൾ ശാഖകളുമാണെന്നു പറഞ്ഞ ഈശോ, അതോടൊപ്പം തന്നെ, ഫലം തരുന്നതിനെ കൂടുതൽ കായ്കാനായി പിതാവായ ദൈവം വെട്ടിയൊരുക്കുന്നു എന്നും നമ്മോടു പറഞ്ഞിട്ടുണ്ട് (cf. യോഹന്നാൻ 15:1-17). നമ്മുടെ ഹൃദയത്തിൽ വേരുപാകിയിരിക്കുന്ന അനാവശ്യമായുള്ളവ എല്ലാം അഗ്നിയിൽ ദഹിപ്പിച്ചും വെട്ടിയോരുക്കിയും, നമ്മുടെ എല്ലാ പ്രവർത്തികളുടെയും വിചാരങ്ങളുടെയും തീരുമാനങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം ദൈവം ആയി മാറുന്പോഴാണ് നമ്മൾ ഹൃദയശുദ്ധി ഉള്ളവരാകുന്നത്. അതിന്റെ ഭാഗമായി, ദൈവം നമുക്കുവേണ്ടി ചില പ്രത്യേക കാര്യങ്ങൾ ചെയ്തുതന്നാൽ മാത്രമേ നമ്മൾ ദൈവത്തിൽ വിശ്വസിക്കുകയുള്ളൂ എന്നും, അംഗീകാരങ്ങൾ ലഭിച്ചാൽ മാത്രമേ മറ്റുള്ളവരെ സഹായിക്കൂ എന്നുമുള്ള ചിന്തകൾ ഉപേക്ഷിക്കാൻ നമ്മൾ തയ്യാറാകേണ്ടി വരും. യാതൊരു പ്രതിഫലേച്ഛയുമില്ലാതെ, ദൈവത്തിന്റെ സ്തുതിക്കും പുകഴ്ചയ്ക്കും ആരാധനയ്ക്കുമായി  എല്ലാ വ്യാപാരങ്ങളെയും  കൊണ്ടുനടക്കാൻ കഴിയുന്ന, എല്ലാറ്റിലും ഉപരിയായി ദൈവമഹത്വവും അന്യരുടെ നന്മയും മാത്രം കാംക്ഷിക്കുന്ന ഒരു ഹൃദയമാണ് ശുദ്ധിയുള്ള ഹൃദയം.

ഇതിനു മുൻപ് നമ്മൾ വിചിന്തനം ചെയ്ത അഞ്ച് സുവിശേഷഭാഗ്യങ്ങളെക്കാളും ജീവിതത്തിൽ പകർത്താൻ ഏറെ ബുദ്ധിമുട്ട് നിറഞ്ഞതാണ്‌ ഹൃദയത്തെ വിശുദ്ധീകരിക്കുന്നതിലൂടെ ലഭിക്കുന്ന സൌഭാഗ്യങ്ങളെക്കുറിച്ചുള്ള വാഗ്ദാനം. ഇതിനുകാരണം, ദൈവത്തെ കാണുന്നവർ ജീവനോടെ ഇരിക്കുകയില്ല എന്ന് ദൈവം മോശയ്ക്കു നല്കിയ മുന്നറിയിപ്പാണ് (cf. പുറപ്പാട് 33:20). ദൈവത്തെ കാണണമെങ്കിൽ നമ്മൾ മരിക്കണം; അതല്ല, ഈ ലോകത്തിൽവച്ച് ദൈവത്തെ കാണണമെങ്കിൽ നമ്മൾ നമുക്കുതന്നെയും ഇഹലോക വസ്തുക്കൾ സംബന്ധിച്ചും മരിച്ചവരാകണം എന്ന് വിശുദ്ധ ബോനവെഞ്ചൂര (St. Bonaventure) നമ്മെ അദ്ദേഹത്തിന്റെ Journey of Mind to God എന്ന കൃതിയിലൂടെ അനുസ്മരിപ്പിക്കുന്നുണ്ട്. നിസ്വാർത്ഥമായി ലോകത്തിൽ വർത്തിക്കുക എന്ന ശ്രമകരമായ ദൌത്യമാണ് ഹൃദയശുദ്ധിയുടെ മാനദണ്ഡം. അതിനുള്ള കൃപയും യോഗ്യതയും ദൈവത്തിൽനിന്നു മാത്രം ഉത്ഭവിക്കുന്നതാണ്‌. അഥവാ, ദൈവത്തിനു മാത്രമേ നമ്മുടെ ഹൃദയങ്ങളെ വിശുദ്ധീകരിച്ചു തിരുമുഖം ദർശിക്കുവാൻ നമ്മെ യോഗ്യരാക്കി തീർക്കാൻ സാധിക്കുകയുള്ളൂ. നമ്മുടെ ജീവിതത്തിലെ സഹനങ്ങളിലൂടെയും ഞെരുക്കങ്ങളിലൂടെയും എല്ലാം ദൈവത്തിനു നമ്മെ വിശുദ്ധീകരിക്കാൻ സാധിക്കും. ഇതു മനസ്സിലാക്കി, നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളും ദൈവമഹത്വത്തിനായി സമർപ്പിക്കുവാൻ തയ്യാറാകുകയാണ് നമ്മൾ ചെയ്യേണ്ട കാര്യം. 

കരുണയുള്ളവരായി ഈ ലോകത്തിൽ ജീവിക്കണം എന്ന അഞ്ചാമത്തെ സുവിശേഷഭാഗ്യവും, സമാധാനം സ്ഥാപിക്കുന്നവരാകണമെന്ന ഏഴാമത്തെ സുവിശേഷഭാഗവും തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാനമായ കണ്ണിയാണ് ഹൃദയശുദ്ധിയെന്ന ആറാമത്തെ സൗഭാഗ്യം. നമ്മിലെ കരുണ, ഹൃദയശുദ്ധിയോടെ, യാതൊരു പ്രതിഫലവും ആഗ്രഹിക്കാതെ ലോകത്തിനു പകർന്നു നൽകുന്പോഴാണ് ലോകത്തിൽ യഥാർത്ഥമായ സമാധാനം മുളപൊട്ടുന്നത്. ദൈവത്തിന്റെ ശുദ്ധീകരണത്തിനു നമ്മെത്തന്നെ പൂർണ്ണമായും വിട്ടുകൊടുക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, പ്രമാണങ്ങളിലൂടെ അല്ലാതെ കൃപകളിലൂടെ അങ്ങയെ സ്നേഹിക്കുവാൻ, എന്റെ ഗ്രഹണശക്തി കൊണ്ടല്ലാതെ മനസ്സിന്റെ അഭിവാഞ്‌ഛകൊണ്ട് അങ്ങയെ അറിയുവാൻ, അന്വേഷണങ്ങളിലൂടെ അല്ലാതെ പ്രാർത്ഥനയിലൂടെ അങ്ങയെ സ്പർശിക്കാൻ, ഗുരുവിന്റെയല്ല മണവാളന്റെ സ്വരം ശ്രവിക്കുവാൻ, ഇരുട്ടിലല്ല കത്തിജ്വലിക്കുന്ന അഗ്നിയിൽ അങ്ങയെ ദർശിക്കുവാൻ എന്റെ ഹൃദയത്തെ വിശുദ്ധീകരിക്കണമേ. ആമ്മേൻ. 

അഞ്ചാം ഭാഗം - കരുനയുള്ളവർ ഭാഗ്യവാന്മാർ  


ഏഴാം ഭാഗം - സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

ഇതാ കർത്താവിന്റെ ദാസി!

സ്നേഹം കൊടുക്കാനുള്ളതാണ്