സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ
"സമാധാനം സ്ഥാപിക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവപുത്രൻമാരെന്നു വിളിക്കപ്പെടും." (മത്തായി 5:9)
വിചിന്തനം
ഏഴാം ഭാഗം - നമുക്കെങ്ങിനെയാണ് സമാധാനം സ്ഥാപിക്കാൻ സാധിക്കുക?
സമാധാനം നമ്മെ എല്ലാവരെയും സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ്. അതുകൊണ്ടുതന്നെ, ഈ ലോകത്തിൽ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും വളരെയധികം ശ്രദ്ധ ചെലുത്താറുമുണ്ട്. എന്നാൽ, സമാധാനം എന്നു കേൾക്കുന്പോൾ നമ്മുടെ മനസ്സിൽ പെട്ടെന്ന് ഓടിയെത്തുന്നത് അക്രമങ്ങളും യുദ്ധങ്ങളും ഇല്ലാത്ത അവസ്ഥയെയാണ്. പക്ഷേ, അതാണോ യഥാർത്ഥത്തിൽ സമാധാനം? പടനിലങ്ങളും രക്തപ്പുഴകളും മാത്രമാണോ സമാധാനത്തിനു അപവാദം? പോർവിളികളുടെയും യുദ്ധകോലാഹലങ്ങളുടെയും അഭാവത്തിലും സമാധാനം ഇല്ലെന്നു നിലവിളിക്കുന്നവരാണ് നമ്മിൽ അധികംപേരും. ലോകത്തിൽ സമാധാനം ഇല്ലെന്നും; അതുമൂലം, നമ്മുടെ സമൂഹത്തിലെ സമാധാനം നഷ്ടപ്പെട്ടുവെന്നും; അതിന്റെ ഫലമായി, നമ്മുടെ കുടുംബങ്ങളിൽ അസമാധാനം വർദ്ധിച്ചെന്നും; അവയെല്ലാം കൂടി നമ്മിലെ സമാധാനം കെടുത്തിക്കളഞ്ഞെന്നുമുള്ള പരാതി നമ്മുടെ അനുദിനജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയിരിക്കുന്നു. ഒരല്പം സമാധാനത്തിനായി കൊതിക്കുന്ന നമുക്കെങ്ങിനെ സമാധാന സ്ഥാപകരാകാൻ സാധിക്കും - ദൈവത്തിന്റെ മകനെന്നും മകളെന്നും വിളിക്കപ്പെടാൻ കഴിയും?
സമാധാനമില്ലെന്ന പരാതിയുമായി, സമാധാനം അന്വേഷിച്ച് നാമാരെയാണ് സമീപിക്കുന്നത് എന്നത് ശ്രദ്ധാപൂർവം ചിന്തിക്കേണ്ടുന്ന ഒരു വസ്തുതയാണ്. നമ്മൾ എല്ലായ്പ്പോഴുംതന്നെ സമാധാനത്തിനായി നമുക്ക് ചുറ്റുമാണ് നോക്കാറുള്ളത്. എന്നാൽ, അഹങ്കാരവും അസൂയയും അനീതിയും ഇടതിങ്ങിവളരുന്ന നമ്മുടെ ലോകത്തിന് സമാധാനം എന്നാൽ പുകയുന്ന അഗ്നിപർവതത്തിനു സമാനമാണ് - എത്ര പുകഞ്ഞാലും പൊട്ടിത്തെറിക്കരുതേ എന്ന പ്രാർത്ഥനയാണ്. മറ്റുള്ളവരിലും, നമ്മുടെ ചുറ്റുപാടുകളിലും സമാധാനം അന്വേഷിക്കുന്പോൾ നമ്മൾ ചെയ്യുന്നത്, നമ്മിലെ പാപങ്ങൾമൂലം നമ്മൾ ദുഷിപ്പിക്കുകയും നമ്മുടെ സ്വാർത്ഥതാത്പര്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യുന്ന ലോകത്തോടുതന്നെ നമുക്ക് സമാധാനം കണ്ടുപിടിച്ചു തരാൻ ആവശ്യപ്പെടുകയാണ്. ലോകത്തിൽനിന്നോ, സമൂഹത്തിൽനിന്നോ, കുടുംബത്തിൽനിന്നോ അല്ല നമ്മിൽ അസമാധാനം സംജാതമാകുന്നത്; പാപങ്ങളെ താലോലിക്കുന്ന നമ്മുടെ ഹൃദയത്തിലാണ് അസമാധാനം രൂപം കൊള്ളുന്നത്. നമ്മിൽ നിന്നുമാണ് നമുക്ക് ചുറ്റുമുള്ളവരിലേക്കും, പിന്നീട് ലോകത്തിലേക്കും, അസമാധാനം കടന്നു ചെല്ലുന്നത്. വെറുപ്പും വിദ്വേഷവും കോപവും നിറഞ്ഞ നമ്മുടെ ഹൃദയങ്ങളാണ് ലോകത്തിലെ എല്ലാ അസാമാധാനത്തിന്റെയും ഉറവിടം.
ലോകത്തിൽ സമാധാനം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് അവരുടെ ഹൃദയത്തിൽ സമാധാനം കണ്ടെത്തുകയാണ്. നമ്മുടെ ആത്മീയ ദാരിദ്ര്യം തിരിച്ചറിഞ്ഞ്, വിലാപത്തോടെ, ലൌകീക വ്യഗ്രതകൾക്ക് അടിമയാകാതെ, ദൈവത്തിന്റെ നീതിയിൽ ആശ്രയിച്ച്, അവിടുത്തെ കരുണയിൽ പ്രത്യാശവച്ച്, സഹനങ്ങളിലൂടെയും പ്രായശ്ചിത്തങ്ങളിലൂടെയും ഹൃദയങ്ങളെ ദൈവത്തിന്റെ ശുദ്ധീകരണത്തിനായി തുറന്നു കൊടുക്കുന്പോൾ മാത്രമേ നമ്മുടെ ഹൃദയം സമാധാനത്താൽ നിറയുകയുള്ളൂ. ദുരാഗ്രഹങ്ങളും മ്ലേച്ഛതയും നിറഞ്ഞ നമ്മുടെ ഹൃദയങ്ങൾ ദൈവത്തിന്റെ ആത്മാവിന്റെ അഗ്നിയിൽ ശുദ്ധമാക്കപ്പെടുന്പോൾ അത് നമുക്കും നമുക്ക് ചുറ്റുമുള്ളവർക്കും ലോകം മുഴുവനും സമാധാനം പകർന്നു നൽകുന്നു. "സ്നേഹിക്കുവാൻ കഴിവുള്ളതും, ത്യാഗങ്ങൾ സഹിക്കുവാൻ തയ്യാറുള്ളതുമായ മനുഷ്യഹൃദയത്തിൽ, ദൈവകൃപ ഫലമണിയുന്പോൾ, സാഹോദര്യത്തിന്റെയും സേവനത്തിന്റെയും വികാരങ്ങൾ, സമാധാനത്തിന്റെ അരുവികളായി രൂപപ്പെടുകയും, അത് സമൂഹത്തിന്റെ എല്ലാ തട്ടുകളിലും സമാധാനം സ്ഥാപിക്കുകയും, ഒരു പുതിയ ലോകനീതിയിലേക്ക് വാതിൽ തുറക്കുകയും ചെയ്യും" (Bl. ജോണ്‍ പോൾ II).
ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയും, തങ്ങളുടെ മരണാനന്തരം, സ്വർഗ്ഗത്തിലേക്ക് ക്ഷണിക്കപ്പെട്ടവരാണ് - യേശുക്രിസ്തുവിലൂടെ ദൈവമക്കളെന്ന പദവിയിലേക്ക് വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ദൈവത്തിന്റെ മകനായി ജീവിക്കാൻ ആഗ്രഹിക്കുന്ന ഞാൻ എങ്ങിനെ ആ ദൈവത്തിന്റെതന്നെ മറ്റു മക്കളെ വെറുക്കുകയും ദ്വേഷിക്കുകയും ചെയ്യും? "അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകന്പയും സഹോദരസ്നേഹവും കരുണയും വിനയവും ഉള്ളവരായിരിക്കുവിൻ. തിന്മയ്ക്കു തിന്മയോ, നിന്ദനത്തിനു നിന്ദനമൊ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിൻ. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങൾ" (1 പത്രോസ് 3:8,9). ദൈവത്തിന്റെ സമാധാനം ഭൂമിയിലെങ്ങും പരത്തി, ദൈവത്തിന്റെ പുത്രനെന്നും പുത്രിയെന്നും ഈ ലോകത്തിൽ വച്ചുതന്നെ വിളിക്കപ്പെടാനുള്ള കൃപക്കായി പ്രാർത്ഥിക്കാം.
കർത്താവേ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ. വിദ്വേഷമുള്ളിടത്ത് സ്നേഹവും, ദ്രോഹമുള്ളിടത്ത് ക്ഷമയും, സന്ദേഹമുള്ളിടത്ത് വിശ്വാസവും, നിരാശയുള്ളിടത്ത് പ്രത്യാശയും, അന്ധകാരമുള്ളിടത്ത് പ്രകാശവും, സന്താപമുള്ളിടത്ത് സന്തോഷവും ഞാൻ വിതയ്ക്കട്ടെ. ആമ്മേൻ. (വി. ഫ്രാൻസിസ് അസ്സീസ്സിയുടെ പ്രാർത്ഥനയിൽ നിന്ന്)
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ