നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ

"നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്. എന്നെപ്രതി മനുഷ്യർ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്മകളും നിങ്ങൾക്കെതിരെ വ്യാജ്യമായി പറയുകയും ചെയ്യുന്പോൾ നിങ്ങൾ ഭാഗ്യവാന്മാർ; നിങ്ങൾ ആനന്ദിച്ചാഹ്ലാദിക്കുവിൻ; സ്വർഗ്ഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും. നിങ്ങൾക്കു മുന്പുണ്ടായിരുന്ന പ്രവാചകന്മാരെയും അവർ ഇപ്രകാരം പീഡിപ്പിച്ചിട്ടുണ്ട്." (മത്തായി 5:10-12)

വിചിന്തനം 

എട്ടാം ഭാഗം - സ്വർഗ്ഗരാജ്യത്തെപ്രതി പീഡനമേൽക്കുന്നവർ  

നീതിയെക്കുറിച്ച് നാലാമത്തെ സുവിശേഷഭാഗ്യത്തിലും, സ്വർഗ്ഗരാജ്യം ആദ്യംതന്നെയും വാഗ്ദാനം ചെയ്ത ഈശോ, അവസാനത്തെ വാഗ്ദാനത്തെ തുടർന്നുള്ള രണ്ടു വാക്യങ്ങളിലൂടെ ഈ സൌഭാഗ്യത്തിനു കൂടുതൽ വ്യക്തത നൽകുന്നുണ്ട്. നമ്മൾ തുടക്കംമുതൽ അവലംബിച്ച മാർഗ്ഗമനുസരിച്ച്, ഒന്ന് മറ്റൊന്നിന്റെ തുടർച്ച എന്ന രീതിയിൽ, ഈ എട്ടാമത്തെ സുവിശേഷഭാഗ്യത്തെക്കുറിച്ച് ധ്യാനിക്കുന്പോൾ വ്യക്തമാകുന്ന വസ്തുത, ഭൂമിയിൽ ദൈവത്തിന്റെ സമാധാനം സ്ഥാപിക്കാൻ ശ്രമിക്കുന്നവരാണ് അവഹേളിക്കപ്പെടുന്നതും പീഡിപ്പിക്കപ്പെടുന്നതും എന്നതാണ്. തന്റെ ഹൃദയത്തിലെ വിചാരങ്ങളെയും വികാരങ്ങളെയും ദൈവഹിതത്തിനനുസൃതമായി ക്രമീകരിച്ച്, ആ ക്രമീകരണങ്ങളെ ലോകത്തിനു പകർന്നു നല്കാൻ ആഗ്രഹിക്കുന്ന വ്യക്തികളെയാണ് ലോകം ശക്തമായി എതിർക്കുന്നത്. എന്താണീ എതിർപ്പിനു കാരണം? 

ലോകവും അതിലെ സമസ്തവും സൃഷിച്ച ദൈവം, അവയുടെ എല്ലാറ്റിന്റെയുംമേലുള്ള ആധിപത്യം മനുഷ്യനാണ് നൽകിയത് (cf. ഉൽപത്തി 1:28-30). എന്നാൽ, പാപത്തിനു അടിമയായ മനുഷ്യൻ ക്രമേണ അവനു ദൈവം നല്കിയ സകല അധികാരങ്ങളും പിശാചിന്റെ കാൽക്കൽ സമർപ്പിച്ചു. ഈശോയെ മരുഭൂമിയിൽവച്ചു പരീക്ഷിച്ച പിശാചിന്റെ വാക്കുകളിൽ നിന്നുതന്നെ അത് വ്യക്തമാണ്. തന്നെ ആരാധിച്ചാൽ ലോകത്തിലെ സകല രാജ്യങ്ങളും അവയുടെ മഹത്വവും നൽകാം എന്നാണു പിശാച് ഈശോയോട് പറയുന്നത് (cf. മത്തായി 4:8,9). അധമവികാരങ്ങൾക്കും ജഡികാസക്തികൾക്കും അടിപ്പെട്ട ലോകത്തിന്റെ അധിപൻ ദൈവമല്ല, പിശാചാണ്. നമ്മുടെ ബലഹീനതകളോട് മല്ലടിക്കുന്നതിനു പകരം, അവയിലൂടെ സംതൃപ്തി അന്വേഷിക്കുന്ന മനുഷ്യർ ഒന്നിനെയും കീഴടക്കി ആധിപത്യം സ്ഥാപിക്കുന്നില്ല, അവൻ പാപത്തിന്റെ അടിമയാണ്. അരാജകത്വമാണ് പിശാചിന്റെ സാമ്രാജ്യത്തിന്റെ അടിസ്ഥാനം. ക്രമരഹിതവും വഴിതെറ്റിയതുമായ ഈ ലോകത്തിൽ ദൈവത്തിന്റെ സമാധാനവും രാജത്വവും സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർ, പിശാചിന്റെയും അവനു അടിമയായ ലോകത്തിന്റെയും കണ്ണിൽ ശത്രുക്കളാണ്. അതുകൊണ്ടാണ്, ഈ ലോകം എതിർക്കുന്പോൾ  ആനന്ദിക്കുവാൻ ഈശോ തന്റെ ശിഷ്യരോടു പറയുന്നത്. നമ്മൾ ക്രിസ്തുവിന്റെ പാതയിലൂടെയാണോ നടക്കുന്നത് എന്നു തിരിച്ചറിയാനുള്ള ഏറ്റവും നല്ല മാർഗ്ഗം, ലോകത്തിന്റെ എതിർപ്പാണ്. എല്ലാവരാലും എപ്പോഴും അംഗീകരിക്കപ്പെടുകയും അനുകൂലിക്കപ്പെടുകയും ചെയ്യുന്നവരാണ് നാമെങ്കിൽ, നമ്മുടെ പാത ലോകത്തിനാണ് അനുരൂപം, ദൈവത്തിനല്ല. 

പൂവിരിച്ച വിശാലമായ വഴി ഉപേക്ഷിച്ച്, കല്ലും മുള്ളും നിറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് മനുഷ്യയുക്തിക്ക് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജീവിച്ചിരിക്കുന്പോൾ ലോകം തരുന്ന സുഖങ്ങളും, മരണശേഷം സ്വർഗ്ഗീയസൌഭാഗ്യവും അനുഭവിക്കാനാണ് മനുഷ്യനു താൽപര്യം. എന്നാൽ, ജീവിച്ചിരിക്കുന്പോൾതന്നെ ഇവയിൽ രണ്ടിലൊന്ന് തിരഞ്ഞെടുത്തേ മതിയാവൂ; രണ്ടു വള്ളത്തിൽ ഒരേ സമയം യാത്ര ചെയ്യുക അസാധ്യമാണ്. "ദൈവരാജ്യമെന്നാൽ ഭക്ഷണവും പാനീയവുമല്ല; പ്രത്യുത, നീതിയും സമാധാനവും പരിശുദ്ധാത്മാവിലുള്ള സന്തോഷവുമാണ്" (റോമാ 14:17), എന്ന് പൌലോസ് അപ്പസ്തോലൻ ദൈവാത്മാവിനാൽ നിറഞ്ഞു നമ്മെ ഓർമ്മിപ്പിക്കുന്നു. രക്തസാക്ഷി ആകാനായി വിളിക്കപ്പെട്ടിരിക്കുന്നവരാണ് ഓരോ ക്രൈസ്തവനും. എന്നാൽ, രക്തസാക്ഷി എന്നതിന് ശാരീരികമായി രക്തം ചിന്തുക എന്നു മാത്രമല്ല അർത്ഥം. ദൈവത്തെ നമ്മിൽനിന്നും അകറ്റിനിരത്തുന്ന എല്ലാ ലൌകീകതകളും ത്യജിക്കുന്നതുവഴിയും, ദൈവസ്നേഹത്തെ പ്രതി നിന്ദനത്തിനും അവഹേളനത്തിനും വിധേയമാകുന്നതുവഴിയും എല്ലാം യേശുവിന്റെ രക്തസാക്ഷിത്വത്തിൽ പങ്കാളികളാകാൻ നമുക്കാവും. 

സുവിശേഷഭാഗ്യങ്ങളുടെ തുടക്കവും അവസാനവും ഒരേ വാഗ്ദാനം തന്നെയാണ് ഈശോ നല്കുന്നത് - ആത്മാവിൽ ദരിദ്രർക്കും, നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർക്കും സ്വർഗ്ഗരാജ്യമാണ് പ്രതിഫലം. വിശുദ്ധ ആഗസ്തീനോസ് ഇതിനെക്കുറിച്ച് പറയുന്നത്, എട്ടാമത്തെ സുവിശേഷഭാഗ്യത്തിലാണ് മറ്റ് ഏഴു ഭാഗ്യങ്ങളും പൂർത്തീയാകുന്നത്. അതോടൊപ്പം, എട്ടാമത്തെ സുവിശേഷഭാഗ്യം ഒരു പുതിയ തുടക്കത്തിനും നമ്മെ ഒരുക്കുന്നു - വീണ്ടും ആത്മാവിന്റെ ദാരിദ്ര്യം തിരിച്ചറിയാൻ നമ്മെ ക്ഷണിക്കുന്നു. ഏഴു പടവുകളും താണ്ടി, എട്ടാമത്തെ പടവിലൂടെ സ്വർഗ്ഗരാജ്യത്തിനു അവകാശികളാകുന്നവർ, അവരുടെ യാത്ര അവസാനിച്ചു എന്നുകരുതി നിഷ്ക്രിയരായി ഇരിക്കരുത് എന്നാണ് ഈശോ എല്ലാവരെയും ഓർമ്മിപ്പിക്കുന്നത്. വിശുദ്ധീകരണം നിരന്തരമായ ഒരു പ്രക്രിയയാണ്, സ്വർഗ്ഗരാജ്യത്തിൽ വിരുന്നിനിരിക്കുന്നതു വരെ  അത് അവസാനിക്കുന്നില്ല. 

നമുക്ക് സുപരിചിതമായ സുവിശേഷഭാഗ്യങ്ങൾ അടുത്തതവണ കേൾക്കുന്പോൾ, അവയിലൂടെ ഈശോ നമ്മോട് പറയുന്നത് എന്താണെന്നറിയാൻ, ഒരു പുതിയ ഉൾക്കാഴ്ച്ചക്കായി ഹൃദയത്തെ തുറക്കുവാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവേ, എനിക്ക് യാതൊരു യോഗ്യതകളും ഇല്ലെന്ന തിരിച്ചറിവുമായി, എന്നിലെ പാപങ്ങളെക്കുറിച്ചു വിലപിച്ചുകൊണ്ട്, ലൌകീക വ്യഗ്രതകൾ ഉപേക്ഷിച്ച്, അങ്ങയുടെ നീതിയിൽ പ്രത്യാശവയ്ക്കുവാനും, മറ്റുള്ളവരോട് കരുണയോടെ വർത്തിക്കുവാനും, സഹനങ്ങളെ അങ്ങേക്ക് സമർപ്പിച്ചു എന്റെ ഹൃദയത്തെ അവിടുത്തെ വിശുദ്ധീകരണത്തിനു പൂർണ്ണമായും വിട്ടുതരുവാനും, നിർമ്മലമായൊരു ഹൃദയത്തോടെ സമാധാനത്തിന്റെ അരുവികളായി രൂപാന്തരപ്പെടുവാനും, അങ്ങയിൽ ഒന്നായി ആഹ്ലാദിച്ചാനന്ദിക്കുവാനും, അവിടുത്തെ പരിശുദ്ധാത്മാവിനാൽ നിറച്ച് എന്നെ അനുഗ്രഹിക്കണമേ. ഇനിയുള്ള കാലമെല്ലാം സ്വർഗ്ഗം ലക്ഷ്യമാക്കി പരിശുദ്ധിയോടെ ജീവിക്കാൻ എന്നെ സഹായിക്കണമേ. ആമ്മേൻ.  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!