ഒരിക്കലും ക്ഷമിക്കപ്പെടാത്ത പാപം

"അതുകൊണ്ട്, ഞാൻ നിങ്ങളോട് പറയുന്നു: മനുഷ്യന്റെ എല്ലാ പാപവും ദൈവദൂഷണവും ക്ഷമിക്കപ്പെടും; എന്നാൽ ആത്മാവിനെതിരായ ദൂഷണം ക്ഷമിക്കപ്പെടുകയില്ല. മനുഷ്യപുത്രനെതിരായി ആരെങ്കിലും ഒരു വാക്കു പറഞ്ഞാൽ അത് ക്ഷമിക്കപ്പെടും; എന്നാൽ, പരിശുദ്ധാത്മാവിനെതിരായി ആരെങ്കിലും സംസാരിച്ചാൽ ഈ യുഗത്തിലോ വരാനിരിക്കുന്ന യുഗത്തിലോ ക്ഷമിക്കപ്പെടുകയില്ല." (മത്തായി 12:31, 32)

വിചിന്തനം 
മനുഷ്യർ എത്ര മാരകമായ പാപം ചെയ്താലും അവയെല്ലാം ക്ഷമിക്കുന്ന കരുണാമയനാണ്‌ ദൈവം. തന്റെ ഏകജാതനെ മനുഷ്യർ നിന്ദിക്കുമെന്നും അവഹേളിക്കുമെന്നും മാരകമായി പീഡിപ്പിക്കുമെന്നും ഒരു ശപിക്കപ്പെട്ടവനേപ്പോലെ മരത്തിൽ തറച്ചു കൊല്ലുമെന്നും അറിഞ്ഞിട്ടും അവരുടെ പാപങ്ങൾ പൊറുക്കപ്പെടുന്നതിനായി ഈശോയെ ഭൂമിയിലേക്കയക്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചു. അതിരുകളില്ലാത്തതും മറ്റെന്തിനോടെങ്കിലും താരതമ്യം അസാധ്യമായതുമായ ദൈവസ്നേഹം നമുക്ക് വെളിപ്പെട്ടു കിട്ടുന്നത് ദൈവം ദാനമായി നൽകുന്ന പരിശുദ്ധാത്മാവിലൂടെയാണ്. മനുഷ്യന് നന്മമാത്രം ആഗ്രഹിക്കുന്ന ദൈവാത്മാവിനെ തള്ളിക്കളയുന്ന, അല്ലെങ്കിൽ നിസംഗതയോടെ സ്വീകരിക്കുന്ന, പ്രവണതക്കെതിരായാണ് യേശു ഇന്നത്തെ വചനഭാഗത്തിൽ ശബ്ദമുയർത്തുന്നത്. തനിക്കെതിരായി ചെയ്യുന്നതുപോലും പിതാവായ ദൈവം ക്ഷമിക്കുമെന്നും, എന്നാൽ പരിശുദ്ധാത്മാവിനെതിരായ ഒന്നിനും ഒരിക്കലും മാപ്പ് ലഭിക്കുകയില്ല എന്ന കർക്കശമായ മുന്നറിയിപ്പാണ് ഈശോ നമുക്കായി നൽകുന്നത്. എന്തുകൊണ്ടാണ് എല്ലാം ക്ഷമിക്കുന്ന ദൈവം - തന്റെ ഏകാജാതന്റെ മരണം പോലും അവിടുന്ന് ക്ഷമിച്ചു -  പരിശുദ്ധാത്മാവിനോടുള്ള നിന്ദ ക്ഷമിക്കാൻ വിസമ്മതിക്കുന്നത്‌? 

നമ്മൾ ചെയ്യുന്ന ഓരോ പാപത്തിന്റെയും അനന്തരഫലങ്ങൾ നമുക്ക് അജ്ഞാതമാണ്. പലപ്പോഴും നമ്മുടെ പാപം മറ്റൊരു വ്യക്തിയിലുണ്ടാകുന്ന ഫലം മാത്രമേ നമ്മൾ കാണാറുള്ളൂ. അതുകൊണ്ടുതന്നെ പാപത്തിനു പരിഹാരം ചെയ്യണമെന്ന ബോധ്യം ലഭിക്കുന്നവർ തങ്ങളുടെ പാപം മൂലം പ്രത്യക്ഷത്തിൽ ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ മാത്രമേ പരിഹരിക്കാൻ മെനക്കെടാറുള്ളൂ. എന്നാൽ നമ്മുടെ പാപത്തിന്റെ ഫലമായി മറ്റു വ്യക്തികൾ ചെയ്യുന്ന പാപത്തിന്റെ അനന്തര ഫലങ്ങൾക്കും നാം ഉത്തരവാദികളാണ്. ഇങ്ങനെ നോക്കിയാൽ ഒരിക്കലും ഒരു പാപത്തിന്റെയും പരിണിതഫലം പരിഹാരപ്രവർത്തികൾകൊണ്ട് പൂർണ്ണമായും ഇല്ലാതാക്കാൻ സാധിക്കില്ല എന്ന് മനസ്സിലാവും. അഥവാ, പരിഹരിക്കാൻ സാധിക്കാതെപോയ എല്ലാ പാപഫലങ്ങളും കടങ്ങളായി അവശേഷിക്കും. ഈ കടങ്ങളിൽനിന്നും നമുക്ക് മോചനം ലഭിക്കണമെങ്കിൽ അവ മറ്റാരെങ്കിലും ഏറ്റെടുക്കണം. ദൈവം മനുഷ്യനായി പിറന്നത്‌ മനുഷ്യരുടെ പാപങ്ങൾ ഏറ്റെടുത്ത് കടങ്ങളിൽനിന്നും മോചിപ്പിക്കുന്നതിനാണ്. യേശുവിനെ രക്ഷകനായി ഏറ്റുപറയുന്ന ഏവർക്കും ക്രിസ്തു വഴിയായുള്ള പാപമോചനവും രക്ഷയും ലഭ്യമാണ്. ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവിനെ നമുക്ക് വെളിപ്പെടുത്തിതരുന്നത് പരിശുദ്ധാത്മാവാണ്. അതുകൊണ്ട്, പരിശുദ്ധാത്മാവിനെതിരായി സംസാരിക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്ന ഒരു വ്യക്തിക്ക് യേശുവിനെ രക്ഷകനായി ഹൃദയത്തിൽ അംഗീകരിക്കാൻ ആകില്ല. യേശുവിനെ രക്ഷകനായി സ്വീകരിക്കാത്ത ഒരാൾക്കും ദൈവം ദാനമായി തരുന്ന പാപമോചനവും സ്വീകരിക്കാനാകില്ല. 

ഒട്ടേറെ പ്രാർത്ഥിക്കുന്നവർ പോലും പലപ്പോഴും പരിശുദ്ധാത്മാവിനെ പേരെടുത്തു വിളിച്ചു പ്രാർത്ഥിക്കുന്നതിനെക്കുറിച്ച് ബോധവാന്മാരല്ല. ദൈവാത്മാവിന്റെ സാന്നിധ്യം ഒന്നുമാത്രമാണ് ഒരു സാധാരണ വ്യക്തിയെ ദൈവഭക്തിയും ദൈവഭയവും ഉള്ളവനാക്കി മാറ്റുന്നത്. അനുതാപത്തോടെ പാപങ്ങൾ ഏറ്റുപറയുവാനുള്ള പാപബോധവും, പാപസാഹചര്യങ്ങളെ ചെറുത്തു നിൽക്കുവാനുമുള്ള ആത്മധൈര്യവും തരുന്നത് പരിശുദ്ധാത്മാവാണ്. ആ പരിശുദ്ധാത്മാവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു ദൈവത്തിന് പ്രീതികരമായ ജീവിതം നയിക്കാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. 

കർത്താവായ ദൈവമേ, അങ്ങയുടെ ആത്മാവിനെ അയച്ച് അങ്ങ് ഞങ്ങളുടെ ജീവിതങ്ങളെ വിശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. ഈശോമിശിഹാ കുരിശിലൂടെ നേടിത്തന്ന പാപമോചനത്തിന്റെ വിലയറിഞ്ഞ്, അവിടുത്തെ രക്ഷകനായി ഹൃദയത്തിൽ സ്വീകരിച്ച്, നിത്യജീവന് അവകാശിയാകാനുള്ള കൃപ അവിടുത്തെ ആത്മാവിലൂടെ തന്നരുളേണമേ. ആമേൻ. 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കടുകുമണിയോളം വിശ്വാസം

കൊയ്ത്തു വളരെ, വേലക്കാരോ ചുരുക്കം

ഇതാ കർത്താവിന്റെ ദാസി!